മാറാട് കൂട്ടക്കൊലക്കു പിന്നിലെ ഗൂഢാലോചന അന്വേഷിക്കാനുള്ള പ്രാഥമിക നടപടികള്‍ക്ക് സിബിഐ തുടക്കം കുറിച്ചിരിക്കുന്നു. നീണ്ട പതിമൂന്നു വര്‍ഷത്തെ നിരന്തരമായ പോരാട്ടത്തിനാണ് ഇതോടെ ഫലം കണ്ടിരിക്കുന്നത്. 2003 മെയ് രണ്ടിന് നടന്ന മാറാട് കൂട്ടക്കൊലയില്‍ എട്ടു ഹിന്ദു മല്‍സ്യത്തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിന്റെ കൈപ്പിഴയില്‍ അക്രമികളിലൊരാളും കൊല്ലപ്പെട്ടു. സമാനതകളില്ലാത്ത ഈ കൂട്ടക്കൊലയ്ക്ക് പിന്നിലെ ഗൂഢാലോചന, ഭീകരവാദ ബന്ധം, സാമ്പത്തിക സ്രോതസ്, ബാഹ്യബന്ധം എന്നിവ സിബിഐ അന്വഷിക്കണമെന്ന ആവശ്യത്തെ അവഗണിക്കുകയും ഇരകള്‍ക്ക് നീതി നിഷേധിക്കുകയും ചെയ്തവര്‍ക്കുള്ള കാലത്തിന്റെ മറുപടിയാണ് സിബിഐ അന്വേഷണം.
മാറാട് കൂട്ടക്കൊലക്ക് പിന്നിലെ ഗൂഢാലോചന കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ത്തിപ്പിടിച്ച് ഹിന്ദു സംഘടനകള്‍ നടത്തിയ പോരാട്ടത്തിന്റെ വിജയമാണ് ഹൈക്കോടതി വിധിയിലൂടെ ഉണ്ടായത്. ഈ ആവശ്യത്തെ മുന്‍നിര്‍ത്തി ഉണ്ടായ നിയമ പോരാട്ടങ്ങളെ മുഴുവന്‍ പരാജയത്തിലെത്തിച്ചത് അന്നത്തെ സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകളുടെ നിലപാടുകളായിരുന്നു. അന്വേഷിക്കേണ്ട ആവശ്യമില്ലെന്ന നിലപാടായിരുന്നു യുപിഎ ഭരണകാലത്ത് സിബിഐ കൈക്കൊണ്ടത്.
ജൂഡീഷ്യല്‍ കമ്മീഷന് നടപടികള്‍, ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം എന്നിവ മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാരും സിബിഐ അന്വേഷണമെന്ന ആവശ്യത്തെ അട്ടിമറിച്ചു. എന്നാല്‍ സിബിഐ അന്വേഷണം എന്ന ആവശ്യത്തില്‍ ഉറച്ചുനിന്ന് പോരാടിയവര്‍ക്കാണ് അന്തിമ വിജയം ഉണ്ടായത്. കൂട്ടക്കൊല ഏല്‍പ്പിച്ച ദുരന്തമേറ്റുവാങ്ങുമ്പോഴും നീതിന്യായ-ജനാധിപത്യ സംവിധാനത്തില്‍ വിശ്വാസമര്‍പ്പിച്ച് ഈ ക്രൂരതക്ക് പരിഹാരം കണ്ടെത്തണമെന്ന ഹിന്ദു സംഘടനാ നേതാക്കളുടെ ഉറച്ച നിലപാടാണ് ഇങ്ങനെയൊരു വിജയത്തിലെത്തിച്ചത്. സിബിഐ നിലപാട് മാറ്റുകയും മാറാട് കൂട്ടക്കൊലക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാമെന്ന നിലപാട് ഹൈക്കോടതിയില്‍ വ്യക്തമാക്കുകയും ചെയ്തതോടെയാണ് നിര്‍ണ്ണായക വിധിയുണ്ടായത്.
ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയതാണ് മാറാട് കൂട്ടക്കൊല. കേരളത്തില്‍ പിന്നീടുണ്ടായ നിരവധി ഭീകര പ്രവര്‍ത്തനങ്ങളുടെ പരീക്ഷണമായിരുന്നു മാറാട് നടന്നത്. മുസ്ലിം ലീഗിന്റെയും വിവിധ ഭീകരവാദ മത മൗലികവാദ സംഘടനകളുടെയും രാഷ്ട്രീയ സമ്മര്‍ദ്ദം കാരണം ഇരുമുന്നണികളും ഇരകളെ വഞ്ചിക്കുകയും വേട്ടക്കാരുടെ ചട്ടുകമാവുകയും ചെയ്തു. സിബിഐ അന്വേഷണമെന്ന ആവശ്യം ഉയരുമ്പോഴൊക്കെ മുസ്ലിം വേട്ട നടക്കുന്നുവെന്ന മുറവിളി ഉയര്‍ത്തിയാണ് തല്‍പ്പര കക്ഷികള്‍ അതിനെ പ്രതിരോധിച്ചത്. ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി മായിന്‍ ഹാജിയെ പ്രതി ചേര്ത്തപ്പോഴൂം ഇതേ മുറവിളി ഉയര്‍ന്നു. വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ബലത്തില്‍ ഭീകരവാദ പ്രവണതകളെ പിന്തുണക്കുന്ന രാഷ്ട്രീയ കുടിലതയായിരുന്നു കേരളത്തില്‍ നടമാടിയത്.
ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്ത പ്രഥമ വിവര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണ നടപടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന്റെ സമാധാനം കെടുത്തുന്ന മുസ്ലിം ഭീകരവാദ സംഘങ്ങളുടെ ഇരുട്ടറകളിലേക്ക് ഈ അന്വേഷണം നീളേണ്ടതുണ്ട്. കശ്മീരിലേക്കും അഫ്ഘാനിസ്ഥാനിലേക്കും ഭീകരവാദികളെ കയറ്റുമതി ചെയ്യുന്ന സംസ്ഥാനമെന്ന കേരളത്തിന്റെ നാണക്കേട് അവസാനിപ്പിക്കാന്‍ ഈ അന്വേഷണം പര്യാപ്തമാകണം.
സിബിഐ അന്വേഷണമെന്ന ആവശ്യത്തെ കൂച്ചുവിലങ്ങിട്ട് അട്ടിമറിക്കാന്‍ ശ്രമിച്ച ശക്തികള്‍ ഇപ്പോഴും പ്രബലരാണ്. സംസ്ഥാന ഭരണത്തെ നിയന്ത്രിക്കുന്നവര്‍ മുതല്‍ അതിന്റെ നിര നീളുകയാണ്. ദേശീയ രാഷ്ട്രീയ രംഗത്തുണ്ടായ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ മടിക്കുന്നവരില്‍ പലരും ഇതിന്റെ പ്രയോക്താക്കളും ഗുണഭോക്താക്കളുമാണ്. ഇവര്‍ അടങ്ങിയിരിക്കുമെന്ന് കരുതിക്കൂടാ. സിബിഐ അന്വേഷണത്തെ ഏറ്റവും ഭയപ്പെടുന്നവര്‍ കൂട്ടക്കൊലയ്ക്ക് തിരക്കഥ രചിച്ച രാഷ്ട്രീയ ശക്തികളാണ്. ആ നിഗൂഢശക്തികളുടെ വേരറുക്കുന്ന അന്വേഷണത്തിന് കളമൊരുങ്ങുമ്പോള്‍ വ്യാജ മുറവിളികള്‍ ഇനിയുമുണ്ടാകും. ഇതിനെ അതിജീവിക്കാന്‍ കേരളത്തിന്റെ സാമൂഹ്യ മനസ്സ് തയ്യാറാകേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: