മഞ്ചേരി: ജനദ്രോഹമാണ് സംസ്ഥാന സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് എന്‍ഡിഎ ദേശീയസമിതിയംഗവും കേരള കോണ്‍ഗ്രസ് ചെയര്‍മാനുമായ പി.സി.തോമസ്. മഞ്ചേരിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിയുടെ കൂത്തരങ്ങായി മാറിയ കോണ്‍ഗ്രസ് പാര്‍ട്ടിയെയും അക്രമ രാഷ്ട്രീയത്തിന്റെ വക്താക്കളായി മാറിയ ഇടതുപക്ഷത്തിനെയും ജനം തള്ളിക്കളയുമെന്നും ഇരു മുന്നണികള്‍ക്കും ബദലായി ജനം എന്‍ഡിഎ മുന്നണിയെ സ്വീകരിക്കുമെന്നും കേരള കോണ്‍ഗ്രസ് ചെയര്മാന് പിസി തോമസ് പറഞ്ഞു. ഒരു സ്വകാര്യ ചടങ്ങിന് മഞ്ചേരിയില്‍ എത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. കണ്ണൂരിലെ അക്രമണങ്ങള്‍ കേരളത്തിന്റെ സമാധാന അന്തരീക്ഷം നശിപ്പിക്കുകയാണ്.
അക്രമ രാഷ്ട്രീയത്തിന്റെ കളരിയായി കണ്ണൂര്‍ മാറുകയാണ്. സിപിഎമ്മിന്റെ ദുര്‍ഭരണമാണ് കണ്ണൂരില്‍ നടക്കുന്നത്. കൊലപാതകം ഉണ്ടാകുമ്പോള്‍ തന്നെ അതില്‍ തങ്ങളുടെ പാര്‍ട്ടിയില്‍ ഉള്ളവര്‍ ഇല്ലെന്ന് സ്ഥാപിക്കാനുള്ള പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവന നല്ലപിള്ള ചമയലാണ്. അവസാനം പിടിക്കപ്പെടുന്നതാകട്ടേ സജീവ സിപിഎം പ്രവര്‍ത്തകരും. കഴിഞ്ഞ ദിവസം പിടിയിലായതും ആറ് സിപിഎം പ്രവര്‍ത്തകരാണ്. രാജ്യത്തിന് തന്നെ നാണക്കേടായി മാറുകയാണ് കേരളത്തിലെ സിപിഎം. കേരളത്തിലെ ജനങ്ങളെ ഏതൊക്കെ വിധത്തില്‍ ദ്രോഹിക്കാമോ അത് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. നോട്ട് പ്രതിസന്ധിയുടെ പേര് പറഞ്ഞ് ജീവക്കാരുടെ ശമ്പളവും പെന്പനും താമസിപ്പിച്ച സിപിഎം നേതാക്കള്‍ തൊട്ടടുത്ത തമിഴ്നാടിനെ മാതൃകയാക്കണം. കേന്ദ്ര ഭരണത്തിന് 100 മാര്‍ക്കും താന്‍ നല്‍കുകയാണ്. കള്ളപ്പണത്തിന് എതിരെ ശക്തമായ നിലപാട് എടുക്കാന്‍ ധൈര്യം കാണിച്ചത് നരേന്ദ്ര മോദി മാത്രമാണ്. ആ നിലപാട് ശരിയെന്ന് ബോദ്ധ്യമുള്ളതിനാലാണ് ജനം ഇരു കൈയ്യും നീട്ടി സ്വീകരിച്ചത്. ഭാരതത്തിന്റെ ധനസ്ഥിതി ഇനി മെച്ചപ്പെടും. സര്‍വ്വ മേഖലകളിലും ഉണര്‍വ്വുണ്ടാകും.
പ്രധാനമന്ത്രിയുടെ വിദേശ യാത്രകളെ പലരും പരിഹസിച്ചു. പക്ഷേ ഇത്രയധികം നിക്ഷേപങ്ങള്‍ രാജ്യത്തുണ്ടായത് ആ യാത്രകളുടെ ഫലമാണെന്ന് വിമര്‍ശകര്‍ മനസിലാക്കണം. കേരളത്തിന്റെ നല്ല നാളെകള്‍ക്കായി കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ യോജിപ്പിലെത്തണമെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസുകളുടെ ആശയങ്ങള്‍ നടപ്പാക്കുന്നത് എന്‍ഡിഎ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള കോണ്‍ഗ്രസ് നേതാക്കളായ പി.ജെ ബാബു, വി ടി ബേബി, ലിജോയ് പോള്‍, ചാക്കോ പള്ളിക്കുന്നേല്‍ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: