മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണില്‍ അട്ടിമറികളുടെ ഞായറാഴ്ച. പുരുഷ, വനിതാ വിഭാഗങ്ങളിലെ ഒന്നാം റാങ്കുകാര്‍ ആന്‍ഡി മുറെയും, ആഞ്ജലീന കെര്‍ബറും ക്വാര്‍ട്ടര്‍ കാണാതെ മടങ്ങി. അതേസമയം, പുരുഷന്മാരില് റോജര്‍ ഫെഡറര്‍, സ്റ്റാനിസ്ലവ് വാവ്റിങ്ക, വനിതകളില്‍ വീനസ് വില്യംസ്, ഗാബ്രിന്‍ മുഗുരുസ എന്നിവര്‍ ക്വാര്‍ട്ടറില്‍.
റാങ്കിങ്ങില്‍ അമ്പതിലുള്ള ജര്‍മനിയുടെ സീഡില്ലാ താരം മിസ്ക സവെരെവാണ് മുറെയുടെ പ്രതീക്ഷ തല്ലിക്കെടുത്തിയത്. മത്സരം നാല് സെറ്റ് നീണ്ടു, സ്കോര്‍: 7-5, 5-7, 6-2, 6-4. ആദ്യ സെറ്റ് കൈവിട്ടെങ്കിലും രണ്ടാമത്തേതില്‍ തിരിച്ചെത്തിയ മുറെയ്ക്ക് അടുത്ത രണ്ടിലും അടിപതറി. 2009നു ശേഷം മുറെ ഇവിടെ ക്വാര്‍ട്ടര്‍ കാണാതെ പുറത്താകുന്നത് ആദ്യം. 2006നു ശേഷം റാങ്കിങ്ങില്‍ ഏറെ താഴെയുള്ള താരം മുറെയെ തോല്‍പ്പിക്കുന്നതും ആദ്യം.
സ്വിസ് മാസ്റ്റര്‍ റോജര്‍ ഫെഡററാണ് ക്വാര്‍ട്ടറില്‍ സവെരെവിന്റെ എതിരാളി. പ്രീ ക്വാര്‍ട്ടറില്‍ അഞ്ചാം സീഡ് ജപ്പാന്റെ കെയ് നിഷികോരിയെ കീഴടക്കി 17ാം സീഡ് ഫെഡറര്‍ (6-7, 6-4, 6-1, 4-6, 6-3). നാലാം സീഡ് സ്റ്റാനിസ്ലസ് വാവ്റിങ്കയും 12ാം സീഡ് ജോ വില്‍ഫ്രഡ് സോംഗയും ക്വാര്‍ട്ടറില്‍ മുഖാമുഖമെത്തും. ടൈബ്രേക്കര്‍ വിധിയെഴുതിയ കളിയില്‍ ഇറ്റലിയുടെ ആന്ദ്രെ സെപ്പിയെ തോല്‍പ്പിച്ചു വാവ്റിങ്ക (7-6, 7-6, 7-6). ബ്രിട്ടന്റെ ഡാനിയല്‍ ഇവാന്‍സിനെയാണ് സോംഗ മടക്കിയത് (6-7, 6-2, 6-4, 6-4).
യുഎസ് ഓപ്പണ്‍ കിരീടം നേടി ലോക ഒന്നാം നമ്പറായ കെര്‍ബറെ 35ാം റാങ്കുകാരി യുഎസിന്റെ കോകോ വാന്ഡെവെഗെയാണ് മടക്കിയത് (6-2, 6-3). ഏഴാം സീഡ് സ്പെയിന്റെ ഗാര്ബിന് മുഗുരുസ, വാന്‍ഡെവെഗെയുടെ ക്വാര്‍ട്ടര്‍ എതിരാളി. റൊമാനിയയുടെ സൊരാന സിഴ്സ്റ്റിയയെ തോല്‍പ്പിച്ചു മുഗുരുസ (6-2, 6-3). വീനസ് വില്യംസും അനസ്താസിയ പൗവുലുചെങ്കോവയുമാണ് രണ്ടാം ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുക. 13ം സീഡ് വീനസ് ജര്‍മനിയുടെ മോണ ബാര്തെലിനെ തോല്‍പ്പിച്ചു (6-3, 7-5). 24ാം സീഡ് റഷ്യയുടെ പൗവ്ലുചെങ്കോവ, നാട്ടുകാരിയും എട്ടാം സീഡുമായ സ്വെറ്റ്ലാന കുസ്നെട്സോവയെ വീഴ്ത്തി (6-3, 6-3).
സാനിയ സഖ്യം പുറത്ത്
വനിതാ ഡബിള്‍സില്‍ നാലാം സീഡ് സാനിയ മിര്‍സ, ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബറ സ്ട്രൈക്കോവ സഖ്യം മൂന്നാം റൗണ്ടില്‍ പുറത്ത്. സീഡ് ചെയ്യപ്പെടാത്ത ജപ്പാനീസ് ജോഡി എറി ഹൊസുമി-മിയൊ കാറ്റൊയാണ് ഇന്തോ-ചെക്ക് സഖ്യത്തിന്റെ മുന്നേറ്റം അവസാനിപ്പിച്ചത് (6-3, 2-6, 6-2).
മിക്സഡ് ഡബിള്‍സില്‍ രണ്ടാം സീഡ് സാനിയയും ഇവാന് ഡോഡിഗും രണ്ടാം റൗണ്ടില്‍. ലിയാന്‍ഡര്‍ പേസ്-മാര്‍ട്ടിന ഹിംഗിസ്, രോഹന് ബൊപ്പണ്ണ-ഗബ്രിയേല ദബ്രോവ്സ്കി സഖ്യങ്ങള്‍ക്കും മുന്നേറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: