ന്യൂദല്‍ഹി: ആം ആദ്മി സര്‍ക്കാര്‍ വിദ്യാഭ്യാസ വായ്പയുടെ പരസ്യത്തിനായി 30 ലക്ഷം രൂപ ചെലവഴിച്ചപ്പോള്‍ വിദ്യാഭ്യാസ വായ്പയായി നല്‍കിയത് വെറും 3.15 രൂപ മാത്രമാണെന്ന ആരോപണവുമായി സ്വരാജ് ഇന്ത്യ എന്ന സംഘടന രംഗത്ത്.
ദല്‍ഹി സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ ഉന്നത വിദ്യാഭ്യാസ പദ്ധതിയായ നൈപുണ്യ പദ്ധതിയാണ് വിവാദത്തില്‍പ്പെട്ടിരിക്കുന്നത്. പദ്ധതി പ്രകാരം 405 അപേക്ഷകരില്‍ നിന്ന് ഒന്നരവര്‍ഷത്തിനിടെ 97 പേര്‍ക്കാണ് വായ്പ നല്‍കിയത്. ഇതില്‍ ദല്‍ഹി സര്‍ക്കാര്‍ മൂന്നു പേര്‍ക്കുള്ള വായ്പ മാത്രമാണ് നല്‍കിയതെന്ന് മുന്‍ എ.എ.പി നേതാവായ യോഗേന്ദ്ര യാദവ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. വിവരാവകാശ നിയമപ്രകാരം ദല്‍ഹി സര്‍ക്കാരില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഇവ വ്യക്തമാക്കുന്നതെന്ന് യോഗേന്ദ്ര യാദവ് പറഞ്ഞു.
ഒരു വര്‍ഷത്തിനുള്ളില്‍ ദല്‍ഹിയില്‍ 500 പുതിയ സ്കൂളുകള്‍ നിര്‍മ്മിക്കുന്ന് പ്രഖ്യാപിച്ച ആം ആദ്മി സര്‍ക്കാര്‍ പുതുതായി നാല് സ്കൂള്‍ മാത്രമാണ് നിര്‍മ്മിച്ചതെന്നും അദ്ദേഹം പറഞ്ഞു. 2014-15 കാലത്ത് ദല്‍ഹിയില്‍ 1007 സ്കൂളുകളുണ്ടായിരുന്നു. 2015-16 വര്‍ഷാന്ത്യമാകുമ്പോള്‍ 1011 സ്കൂളുകളാണ് രാജ്യതലസ്ഥാനത്തുള്ളത്.
20 പുതിയ കോളജുകള്‍ തുടങ്ങുമെന്ന പറഞ്ഞ സംസ്ഥാനത്ത് 2014-15 ല്‍ 85 കോളജുണ്ടായിരുന്നത് 2015-16 അവസാനിക്കുമ്പോള്‍ ഒരെണ്ണം കുറഞ്ഞ് 84 ആയി ചുരുങ്ങിയെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: