കൊട്ടാരക്കര: മോദിസര്‍ക്കാരിന്റെ സമ്മാനമായ പുനലൂര്‍-പാലക്കാട് ട്രെയിനിന് വേലുത്തമ്പി ദളവയുടെയോ തൂക്കുപാലത്തിന്റേയോ പേര് നല്‍കാമെന്ന് ഉറപ്പ് ലഭിച്ചതായി ബിജെപി ജില്ലാസെക്രട്ടറി അഡ്വ.വയയ്ക്കല്‍ സോമന് പറഞ്ഞു. ബിജെപി നല്കിയ നിര്‍ദ്ദേശത്തോടെ റയില്‍വേ അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കൊടിക്കുന്നില്‍ സുരേഷ് ഇതിന് വേണ്ടി യാതൊരു ശ്രമവും നടത്തിയിട്ടില്ലന്നും ബിജെപി ജില്ലാനേതൃത്വം സംസ്ഥാനനേതൃത്വം മുഖേന നല്കിയ നിവേദനം പരിഗണിച്ചാണ് ട്രയിന്‍ അനുവദിച്ചതെന്നും മന്ത്രിയുടെ ഓഫീസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ട്രയിന്‍ അനുവദിച്ച കാര്യം റയില്‍വേ ഉദ്യോഗസ്ഥരില്‍ നിന്ന അറിഞ്ഞ കൊടിക്കുന്നില്‍ മാധ്യമവാര്‍ത്തകളിലൂടെ പിതൃത്വം ഏറ്റെടുക്കാനാണ് ശ്രമിച്ചത്. ഇത് അപഹാസ്യമാണ്. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പല ജനക്ഷേമപദ്ധതികളും സ്വന്തം പേരിലാക്കാന്‍ ശ്രമിക്കുന്ന കൊടിക്കുന്നില്‍ എന്തുകൊണ്ടാണ് എസ്ഐആര്‍ഡി വിഷയത്തില്‍ മൗനിയായിരിക്കുന്നത്. നേട്ടങ്ങള്‍ സ്വന്തം പേരിലാക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ രാഷ്ട്രീയനേട്ടത്തിനായി കേരളസര്‍ക്കാര്‍ ഉപയോഗിക്കുന്നതിനെ എതിര്‍ക്കാനുള്ള ബാധ്യതയും ഉണ്ട്. ട്രയിനിന് പരീക്ഷാടിസ്ഥാനത്തില്‍ റയില്‍വേ ശാസ്താംകോട്ടയില്‍ സ്റ്റോപ്പ് അനുവദിച്ചിടത്തും പോയി രാഷ്ട്രീയ ഗിമ്മിക്കുകള്‍ കാണിക്കുന്ന പണി എംപിക്ക് ചേര്‍ന്നതല്ലെന്നും ജില്ലയുടെ വികസനത്തില്‍ ബിജെപി നിര്‍ണ്ണായക പങ്ക് വഹിക്കുമെന്നും സോമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: