മലപ്പുറം: വേങ്ങര സ്വദേശിയായ യുവാവിനെ തട്ടികൊണ്ടുപോയി പണം കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. ഇടുക്കി രാജക്കാട് സ്വദേശി വല്ലിശ്ശേരിയില് ബിനോജ്(40) ആണ് പിടിയിലായത്. 2016 മാര്‍ച്ച് 15നാണ് കേസിനാസ്പദമായ സംഭവം.
വാഹനം വാങ്ങുന്നതിന് വേണ്ടി പണവുമായി ബൈക്കില്‍ മലപ്പുറത്തേക്ക് പോകുകയായിരുന്ന പാലമഠത്തില്‍ അലി അക്ബറിനെ കരിമ്പില്‍ എന്ന സ്ഥലത്ത് വെച്ച് ബിനോജും സംഘവും ഇടിച്ച് വീഴ്ത്തുകയായിരുന്നു. ശേഷം ഇവരുടെ ബൊലേറോ ജീപ്പില്‍ അലി അക്ബറിനെ തട്ടികൊണ്ടുപോയി. അലിയുടെ കൈയിലുണ്ടായിരുന്ന രണ്ട് ലക്ഷം രൂപ തട്ടിയെടുത്ത ശേഷം തൃശ്ശൂര്‍ ബസ് സ്റ്റാന്‍ഡില്‍ ഇയാളെ ഉപേക്ഷിക്കുകയായിരുന്നു.
മലപ്പുറം ഡിവൈഎസ്പി പ്രദീപ്കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിഐ എ.പ്രേംജിത്തും സംഘവും രാജക്കാട് നിന്നുമാണ് ബിനോജിനെ പിടികൂടിയത്. ഇയാളുടെ പേരില്‍ രാജക്കാട് പോലീസ് സ്റ്റേഷനില്‍ കഞ്ചാവ് കേസ് ഉള്‍പ്പെടെ നിരവധി കേസുകള്‍ നിലവിലുണ്ട്. പ്രതിയെ മലപ്പുറം കോടതിയില്‍ ഹാജരാക്കി. കേസില്‍ മറ്റ് പ്രതികളെയും അടുത്ത ദിവസങ്ങളില്‍ തന്നെ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
സ്പെഷ്യല്‍ സ്ക്വാഡ് അംഗം സാബുലാല്‍, എഎസ്ഐമാരായ രാമചന്ദ്രന്, അബ്ദുല്‍ ജബാര്‍, സിപിഒമാരായ ശ്രീജിത്ത്, യൂനസ്, ജിനേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: