തിരൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് എബിവിപി ദേശീയ സെക്രട്ടറി ഒ.നിധീഷ്. കമ്മ്യൂണിസ്റ്റ് ഭീകരതക്കെതിരെ എബിവിപി ജില്ലാ കമ്മറ്റി തിരൂരില്‍ നടത്തിയ റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരത്തിലെത്തി ആറുമാസം കഴിഞ്ഞിട്ടും മാര്‍ക്സിസ്റ്റ് പാര്‍ട്ടി നടത്തിക്കൊണ്ടിരിക്കുന്നത് അരുംകൊല രാഷ്ടീയമാണ്. സിപിഎമ്മുകാരല്ലാത്തവരെ കൊത്തിനുറുക്കി കൊല്ലുന്ന രീതിയാണ് അവര്‍ നടപ്പിലാക്കികൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലയില്‍ മൃഗീയമായി കൊലചെയ്യപ്പെട്ട സന്തോഷ് കുമാര്‍ എന്ന മദ്ധ്യവയസ്കന് മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലുള്ളതാണ്. പാലക്കാട് ജില്ലയില്‍ ഒരു വീടിന് തീവെക്കുകയും ഉറങ്ങിക്കിടന്ന നാലുപേര്‍ക്ക് മാരകമായി പൊള്ളലേക്കുകയും, അതില്‍ രണ്ടുപേര്‍ ദാരുണമായി മരിക്കുകയും ചെയ്തു. ഈ കുറഞ്ഞ കാലയളവില്‍ ഇത്രമാത്രം അക്രമങ്ങളും, കൊലപാതകങ്ങളും നടന്നിട്ട് മുഖ്യമന്ത്രി പ്രതികരിക്കാത്തത് കേരളത്തിന് അപമാനമാണ്. ജിഷ്ണു പ്രണോയ് മരിച്ചിട്ട് നാളിതുവരെയായിട്ടും കുറ്റക്കാരെ കണ്ടെത്താനായിട്ടില്ല. കേരളത്തിലെ എല്ലാ സ്വാശ്രയ കോളേജുകളിലും ഇത്തരത്തിലുള്ള വിദ്യാര്‍ത്ഥി പീഡനം നടക്കുന്നുണ്ട്. കലാലയങ്ങള്‍ ഇന്ന് എസ്എഫ്ഐ കലാപശാലയാക്കി മാറ്റിയിരിക്കുകയാണ്. വിക്ടോറിയ കോളേജിലെ സരസു ടീച്ചര്‍ക്ക് കുഴിമാടം നിര്‍മ്മിച്ചതും, മഹാരാജാസ് കോളേജിലെ പ്രിന്‍സിപ്പാളിന്റെ കസേര കത്തിച്ചതും, ദളിത് വിദ്യാര്‍ത്ഥികളെ തെരഞ്ഞുപിടിച്ച് അക്രമിക്കുന്നതും ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളാണ്. ക്യാംപസുകളില്‍ ആവിഷ്കാര സ്വാതന്ത്ര്യം നിഷേധിക്കുന്ന പ്രവണതയാണ് നടക്കുന്നത്. ഇതിനെതിരെ വരും ദിവസങ്ങളില്‍ എബിവിപി ശക്തമായ പ്രക്ഷോഭ പരിപാടികള്‍ കേരളത്തില്‍ ഉടനീളം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിപാടിയില്‍ ജില്ല കണ്‍വീനര്‍ ടി,വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. ദേശീയ നിര്‍വാഹക സമിതിയംഗം കെ.വി. വരുണ്‍ പ്രസാദ്, ജില്ലാ ജോയിന്റ് കണ്‍വീനര്‍ രോഹിത്ത്, സംസ്ഥാന സമിതിയംഗം അര്ജുന്, വിദ്യാര്‍ത്ഥിനി പ്രമുഖ് രേഷ്മ ശശി, ജോയിന്റ് കണ്‍വീനര്‍ ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: