വാണിയമ്പലം: ശ്രീബാണപുരം ത്രിപുരസുന്ദരി ക്ഷേത്രത്തിന് നേരെ നടന്ന ആക്രമണം കേവലം മോഷണശ്രമമല്ലെന്നും, പ്രതികളെ കണ്ടെത്താന്‍ ഉന്നതതല അന്വേഷണം അനിവാര്യമാണെന്നും ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി.മുരളീധരന്. ഭക്തജനങ്ങള്‍ നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഇന്ന് പതിവായിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അങ്ങാടിപ്പുറം തളി മഹാദേവ ക്ഷേത്രത്തിന്റെ ഗോപുരനട അഗ്നിക്കിരയാക്കിയവര്‍ ഇന്നും സമൂഹത്തില്‍ വിലസുകയാണ്. ഇത്തരം കേസുകള്‍ പോലീസ് അന്വേഷിക്കാന്‍ മടികാണിക്കുകയാണ്. സൗഹാര്‍ദത്തോടെ ജീവിക്കുന്ന ജനങ്ങള്‍ക്കിടയില്‍ കലാപമുണ്ടാക്കാനുള്ള ചിലരുടെ ശ്രമമാണ് ഈ ആക്രമണങ്ങളുടെ പിന്നില്‍.
വാണിയമ്പലം ക്ഷേത്രത്തില്‍ നടന്നത് മോഷണമല്ലെന്ന് വളരെ വ്യക്തമാണ്. ഉപദേവനായ നാഗരാജാവിന്റെ പ്രതിഷ്ഠ ഇളക്കിയെടുത്ത് വലിച്ചെറിഞ്ഞതില്‍ തന്നെ അസ്വാഭാവികതയുണ്ട്. ക്ഷേത്രത്തിന്റെ പരിശുദ്ധി നശിപ്പിക്കാന്‍ ബോധപൂര്‍വ്വം നടത്തിയ അതിക്രമമാണ്.
ജില്ലയില്‍ സമീപകാലത്തായി ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള അതിക്രമം വര്‍ധിച്ചുവരികയാണ്. ക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുക, മുതലുകള്‍ മോഷ്ടിക്കുക, മാലിന്യങ്ങള്‍ കൊണ്ടുവന്നിടുക തുടങ്ങിയ സംഭവങ്ങള്‍ പതിവായിരിക്കുന്നു. എല്ലാം സഹിഷ്ണുതയോടെ നോക്കികാണുന്ന ഹൈന്ദവരെ പ്രകോപിപ്പിക്കാനുള്ള തീവ്രസംഘടനകളുടെ ശ്രമം അനുവദിക്കാനാകില്ല. ജനങ്ങളെ തമ്മില്‍ തല്ലിക്കാനും നാട്ടില്‍ കലാപമുണ്ടാക്കാനുമുള്ള ശ്രമം നിസാരമായി കാണരുത്. ഈ സംഭവം ഐജി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ക്ഷേത്രം പ്രസിഡന്റ് പി.ഉണ്ണീരി അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രസംരക്ഷണ സമിതി ജില്ലാ വൈസ് പ്രസിഡന്റ് കെ.എം.പ്രഭാകരന്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.എ.മോഹനന് നമ്പൂതിരി, ഇ.പരമേശ്വരന്, എം.പി.ഗിരീഷ്, ഗിരീഷ് പൈക്കാടന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: