വണ്ടൂര്‍: ജീവകാരുണ്യത്തിന് പണം കണ്ടെത്താന്‍ വണ്ടൂര്‍ ഹേള്‍സ് ഹൈസ്ക്കൂളിലെ വിദ്യാര്‍ത്ഥിനികള്‍ നടത്തിയ ഭക്ഷ്യമേള ശ്രദ്ധേയമായി. നാടന്‍ വിഭവമായ ഉപ്പുമാവ് മുതല്‍ സ്പാനിഷ് മസാല വരെയുള്ള അഞ്ഞൂറിലധികം വ്യത്യസ്ത രുചികള്‍ മേളയിലുണ്ടായിരുന്നു.
കുട്ടികള്‍ വീട്ടില്‍ നിന്ന് തയ്യാറാക്കി കൊണ്ടുവന്നതും തത്സമയം പാകംചെയ്തതുമായ വിഭവങ്ങളാണ് വില്‍പ്പനക്കുണ്ടായിരുന്നത്. ഇന്ത്യന്‍, അറേബ്യന്‍, ചൈനീസ് എന്നിങ്ങനെ പല വിഭാഗങ്ങളിലായി 16 സ്റ്റാളുകളിലായി വില്‍പ്പന പൊടിപൊടിച്ചു. നിര്‍ധനരായ സഹപാഠികളെ സഹായിക്കാനായി ആരംഭിച്ച കനിവ് ക്ലബ്ബിലേക്ക് പണം കണ്ടെത്താന്‍ വേണ്ടിയാണ് മേള സംഘടിപ്പിച്ചത്. രാവിലെ മേള ആരംഭിച്ചത് മുതല്‍ സ്റ്റാളുകളില്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ഉപഭോക്താക്കളില്‍ കൂടുതലും വിദ്യാര്‍ത്ഥികള്‍ തന്നെയായിരുന്നു. ഏറ്റവും കൂടുതല്‍ ആവശ്യക്കാരുണ്ടായിരുന്നത് സ്പാനിഷ് മസാലക്കായിരുന്നു. കുട്ടികളുടെ കച്ചവടം നിസാരമായി കണ്ടവരെ ഞെട്ടിച്ചുകൊണ്ട് ഉച്ചയായപ്പോഴേക്കും അരലക്ഷം രൂപയാണ് ഇവര്‍ സമാഹരിച്ചത്. പൂര്‍ണ്ണമായും വിദ്യാര്‍ത്ഥിനികള്‍ തന്നെ നിയന്ത്രിച്ച മേളക്ക് പൂര്‍ണ്ണ പിന്തുണയുമായി അദ്ധ്യാപകരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: