പരപ്പനങ്ങാടി: മണ്ണട്ടാംപാറ അണക്കെട്ടില്‍ ചോര്‍ച്ചയുണ്ടായതോടെ കൃഷിക്കും കുടിവെള്ളപദ്ധതികള്‍ക്കും ഉപ്പുവെള്ളഭീഷണി. പത്തുലക്ഷം രൂപ മുടക്കി കഴിഞ്ഞതവണ അണക്കെട്ടിന്റെ ഒരു ഷട്ടര്‍ മാറ്റിയിരുന്നെങ്കിലും രണ്ടാം ഷട്ടര്‍ മാറ്റാതിരുന്നതാണ് ഇപ്പോള്‍ അണക്കെട്ട് ചോര്‍ന്ന് ഉപ്പുവെള്ളം കടക്കാന്‍ കാരണമായത്.
വേനല്‍ക്കാലമായതോടെ താഴ്ത്തിയ ഷട്ടറിനുള്ളിലൂടെ ഉപ്പുവെള്ളം അപ്പുറം കടന്നതിനെത്തുടര്‍ന്ന് മണല്‍ച്ചാക്കുകളിട്ട് അടച്ചെങ്കിലും വീണ്ടും ചോരുകയായിരുന്നു. മേജര്‍ ഇറിഗേഷന്‍വകുപ്പ് ഉദ്യോഗസ്ഥന് ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം വീണ്ടും മണല്ച്ചാക്കിറക്കി താത്കാലികമായി തടഞ്ഞുനിര്‍ത്തി.
അണക്കെട്ടിനോടടുത്ത് താമസിക്കുന്നവര്‍ക്ക് കുറച്ചുദിവസമായി ലഭിക്കുന്നത് ഉപ്പുവെള്ളമാണ്.
വള്ളിക്കുന്ന് പഞ്ചായത്തിലെ ജലനിധി കുടിവെള്ളപദ്ധതിയില്‍ മൂവായിരത്തോളം പേരാണ് കടലുണ്ടിപ്പുഴയിലെ വെള്ളം ഉപയോഗിക്കുന്നത്. ഉള്ളണം, മോര്യാകാപ്പ്, വെഞ്ചാലി, നെടുവ ഭാഗങ്ങളിലെ എക്കറുകണക്കിനുള്ള പുഞ്ചക്കൃഷിയും നിലവില്‍ ഉപ്പുവെള്ളഭീഷണിയിലാണ്.
വള്ളിക്കുന്ന് പഞ്ചായത്തിനും പരപ്പനങ്ങാടി നഗരസഭയ്ക്കും പുറമേ തിരൂരങ്ങാടി നഗരസഭ, തേഞ്ഞിപ്പലം, നന്നമ്പ്ര, മൂന്നിയൂര്‍ പഞ്ചായത്തുകളുടെ കുടിവെള്ളത്തെയും കൃഷിയെയും മണ്ണട്ടാംപാറ അണക്കെട്ടിലെ ചോര്‍ച്ച സാരമായി ബാധിക്കും.
കാലിക്കറ്റ് സര്‍വകലാശാലയിലേക്കുള്ള കുടിവെള്ളസ്രോതസ്സും കടലുണ്ടിപ്പുഴ തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: