സ്വന്തം ലേഖകന്‍
മലപ്പുറം: ചില നേതാക്കളുടെ ഏകാധിപത്യ നിലപാട് മുസ്ലീം ലീഗിനുള്ളിലെ ഭിന്നത രൂക്ഷമാക്കുന്നു. പാണക്കാട് കുടുംബവുമായി അടുത്ത ബന്ധമുള്ളവര്‍ ലീഗ് തങ്ങളുടെ സ്വന്തമാണെന്നും, തങ്ങള്‍ക്കെന്തും ചെയ്യാമെന്നുമാണ് കരുതുതെന്ന് അണികള്‍ കുറ്റപ്പെടുത്തുന്നു. ഇതിന് മുതിര്‍ന്ന നേതൃത്വത്തിന്റെ പിന്തുണയുമുണ്ട്. ഇതില്‍ പ്രതിഷേധിച്ച് പ്രാദേശിക നേതാക്കളടക്കം നിരവധി അണികള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരിക്കുകയാണ്.
പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ സമാനമായ സംഭവം അടുത്തിടെ ഉണ്ടായിരുന്നു. ഇപ്പോള്‍ മലയോര മേഖലയായ കരുവാരക്കുണ്ടിലും ഇതേ അവസ്ഥ തന്നെയാണ്. കരുവാരക്കുണ്ട് പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെ ഏകാധിപത്യ നിലപാടില്‍ പ്രതിഷേധിച്ച് ലീഗില്‍ ഭിന്നത പുകയുന്നു.
പുല്‍വെട്ട വാര്‍ഡ് കമ്മിറ്റിയിലെ പ്രസിഡന്റും സെക്രട്ടറിയുമുള്‍പ്പെടെ ഏഴു ഭാരവാഹികള്‍ സ്ഥാനങ്ങള്‍ രാജിവച്ചു. രാജിക്കത്ത് പഞ്ചായത്ത് കമ്മിറ്റിക്ക് കൈമാറുകയും ചെയ്തു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലുള്‍പ്പെടെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ അഞ്ചു നേതാക്കള്‍ക്കെതിരേ ലീഗില്‍ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.
ആദ്യഘട്ടമെന്ന നിലയില്‍ ഇവരെ നേതൃസ്ഥാനങ്ങളില്‍ നിന്നു നീക്കി. പാര്‍ട്ടി പഞ്ചായത്ത് കൗണ്‍സിലാണ് തീരുമാനമെടുത്തത്. ഇതിന്റെ തുടര്‍ച്ചയായാണ് ഒരു വിഭാഗം കൂട്ടരാജിക്കൊരുങ്ങിയതെന്നും സൂചനയുണ്ട്. പുല്‍വെട്ടയില്‍ കുറെക്കാലമായി പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ പഞ്ചായത്ത് കമ്മിറ്റി ശ്രമിക്കുന്നില്ലെന്നും പാര്‍ട്ടി നേതൃത്വത്തിനു ഏകാധിപത്യ സ്വഭാവമാണുള്ളതെന്നും രാജിക്കത്തില്‍ കുറ്റപ്പെടുത്തുന്നു.
അതേസമയം രണ്ടാഴ്ച മുന്‍പ് വണ്ടൂരില്‍ തട്ടിപ്പു കേസില്‍ അകപ്പെട്ട ഒരു നേതാവിനെ പഞ്ചായത്ത് കമ്മിറ്റിയില്‍ നിന്നു പുറത്താക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് നിയോജക മണ്ഡലം കൗണ്‍സിലര്‍ സ്ഥാനമുള്‍പ്പെടെയുള്ള പദവികളും അദ്ദേഹം രാജിവക്കുകയുണ്ടായി. ഇതേ തുടര്‍ന്ന് ഈ നേതാവിനെ അനുകൂലിക്കുന്നവരാണ് രാജിക്കു പിന്നിലെന്നും സംശയിക്കുന്നു. കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീഗിലെ കെ.മുഹമ്മദ് ഏകാധിപത്യ നിലപാടാണ് സ്വീകരിക്കുന്നതെന്നാരോപിച്ച് ലീഗിലെ ചില തലമുതിര്‍ന്ന നേതാക്കളടക്കം വിയോജിപ്പുമായ രംഗത്തുണ്ട്.
ഭിന്നത പരിഹരിക്കാന്‍ സംസ്ഥാന കമ്മിറ്റി ഇടപെടണമെന്നാണ് യൂത്ത് ലീഗ് നേതാക്കള്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: