ആറുപതിറ്റാണ്ടുകള്‍ക്ക് മുമ്പ് 1956 ല്‍ പ്രചാരകനായും പിന്നീട് ജില്ലാ പ്രചാരകനായും, വിഭാഗ് ശാരീരിക് പ്രമുഖായും, പ്രാന്തീയ ശാരീരിക് പ്രമുഖായും പല സംഘശിക്ഷാവര്‍ഗുകളിലും മുഖ്യശിക്ഷകനായുമൊക്കെ പ്രവര്‍ത്തിച്ചുവന്ന, കേരളത്തിലെങ്ങുമുള്ള പഴയ സ്വയംസേവകര്‍ക്ക് ഭട്ജി എന്ന പേരില്‍ സുപരിചിതനും, സ്നേഹാദരങ്ങള്‍ക്ക് പാത്രീഭൂതനുമായ എറണാകുളത്തെ വി.രാധാകൃഷ്ണ ഭട്ടുമായി ഏതാനും മണിക്കൂര്‍ ചെലവഴിക്കാന്‍ അവസരമുണ്ടായി.
അദ്ദേഹം മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കുന്ന വിവേകാനന്ദ ധര്‍മപ്രചാരണ സംഘം വര്‍ഷംതോറും നടത്തുന്ന വിവേകാനന്ദജയന്തി ആചരണവും, സേവനപ്രവര്‍ത്തനങ്ങളുടെ ചടങ്ങുകളും ഉദ്ഘാടനം ചെയ്യാനാണ് എറണാകുളത്ത് പോയത്. തികച്ചും അര്‍ഹരായ ഏതാണ്ട് നൂറിലേറെ പേര്‍ക്ക് വിദ്യാഭ്യാസ സഹായം പഠന സഹായി, ചികിത്സാ സഹായം, വീട് അറ്റകുറ്റപ്പണി സഹായം, വീട് അറ്റകുറ്റപ്പണി സഹായം വസ്ത്രദാനം, വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന സേവനങ്ങളാണ് അന്നവിടെ നടന്നത്. എറണാകുളത്തും, കൊച്ചിയിലും ചേരാനെല്ലൂരിലും തമ്മനത്തും മറ്റുമായി അരഡസനോളം ശാഖകളും സംഘത്തിനുണ്ട്.
ഏതാണ്ട് മുപ്പത്തിയഞ്ച് വര്‍ഷങ്ങളായി ഭട്ജി സജീവസംഘപ്രവര്ത്തനത്തിലില്ല. എന്നാല്‍ പഴയ മിക്ക സഹപ്രവര്‍ത്തകരുമായി ബന്ധം പുലര്ത്തുന്നുണ്ടുതാനും. അദ്ദേഹത്തിന്റെ ഹരികഥാ പ്രഭാഷണങ്ങള്‍ ഒരുകാലത്ത് വളരെ ജനപ്രീതി ആര്‍ജിച്ചിരുന്നു. ആ പ്രഭാഷണങ്ങളിലൂടെ അദ്ദേഹം ഭാവാത്മകമായ ഹിന്ദുധര്മബോധം സമൂഹത്തില്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. അതിമനോഹരമായ സംഗീതവാസന അദ്ദേഹത്തിന്റെ സ്വരത്തിലൂടെ പ്രകടമാകുമ്പോള്‍ കേള്‍വിക്കാര്‍ മാസ്മര ശക്തിയാലെന്ന പോലെ ലയിച്ചിരിക്കുമായിരുന്നു. ഇന്നും ശാഖകളില്‍ ആലപിക്കുന്ന പല സുന്ദര മലയാള ഗീതങ്ങള്‍ക്കും രാഗങ്ങള്‍ ചിട്ടപ്പെടുത്തിയത് ഭട്ജി ആയിരുന്നു. ഒ.എന്‍.വി കുറുപ്പ് രചിച്ച ഒന്നുരണ്ട് ദേശഭക്തിഗാനങ്ങളില്‍ അദ്ദേഹത്തിന്റെ അനുവാദത്തോടെ തന്നെ നേരിയ അക്ഷര ഭേദഗതി വരുത്തി ശാഖകളില്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചപ്പോള്‍, 1967 ലെ പാലക്കാട് സംഘശിക്ഷാവര്‍ഗില്‍ ഭട്ജിയാണ് അത് പാടിപ്പതിപ്പിച്ചെടുത്തത്. ഹരിയേട്ടനും, ഭാസ്കര്‍ റാവുവുമൊക്കെ അടുത്തു താളം കൊടുത്തു നില്‍ക്കുകയും ചെയ്തു.
അദ്ദേഹം കുറേ വര്‍ഷങ്ങള്‍ പ്രാന്തീയ ഘോഷ് പ്രമുഖും ആയിരുന്നു. എറണാകുളത്ത് ശ്രീസുകൃതീന്ദ്രകലാ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് എന്നെ സദസ്സിന് പരിചയപ്പെടുത്തിക്കൊണ്ട് അദ്ദേഹം പഴയ ചില കാര്യങ്ങള്‍ വിവരിച്ചു. ഞാന്‍ കോട്ടയം ജില്ലയിലും അദ്ദേഹം ആലപ്പുഴ ജില്ലയിലും പ്രചാരകരായിരുന്ന കാലത്തെ സംഭവമാണ്. ഈ പംക്തികളില്‍ മുമ്പ് വിവരിക്കപ്പെട്ടതാണ് അത്. അന്ന് ദക്ഷിണ ക്ഷേത്രീയ പ്രചാരകനായിരുന്ന മാ: യാദവറാവു ജോഷി ചെങ്ങന്നൂര്‍ കാര്യാലയത്തില്‍ വന്നപ്പോള്‍ ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രചാരകന്മാരെ വിളിച്ചിരുന്നു. ജോഷിജി പ്രചാരകന്മാരുടെ മുമ്പാകെ ഒരു ചോദ്യം എടുത്തിട്ടു.
ഹിന്ദു രാഷ്ട്രം നിലവില്‍ വന്നു, സംഘത്തിന്റെ ആവശ്യമില്ലാതെയായി, പ്രചാരകന്മാരോട് മടങ്ങിപ്പോകാന്‍ നിര്‍ദ്ദേശിക്കപ്പെട്ടു എന്ന ഘട്ടം വന്നാല്‍ ഓരോ ആളും എന്തുചെയ്യും എന്നന്വേഷിച്ചപ്പോള്‍ ഞാനും ഭട്ജിയുമാണ്, ഉത്തരം പറഞ്ഞത്. താന്‍ ചപ്ലാംകട്ടയെടുത്ത് ഭജനകീര്‍ത്തനങ്ങളും ഹരികഥാ കാലക്ഷേപങ്ങളുമായി ഗ്രാമങ്ങള്‍ ചുറ്റി സഞ്ചരിക്കുമെന്നും, നാരായണന് തന്റെ പേനയുമായി പത്രപ്രവര്ത്തനത്തിലേര്പ്പെടുമെന്നുമായിരുന്നു പറഞ്ഞത്. അന്ന് ചിന്തയ്ക്കപ്പുറമായിരുന്ന അക്കാര്യം വര്‍ഷങ്ങള്‍ക്കുശേഷം യാഥാര്‍ത്ഥ്യമായി. താന്‍ കേരളത്തിലെ മിക്ക സ്ഥലങ്ങളിലും ചപ്ലാംകട്ടയുമായി ചെന്നു. നാരായണന് ഒരു പത്രം തുടങ്ങുകയും അതിന്ന് പ്രശസ്തമായി നടക്കുകയും ചെയ്യുന്നു എന്നദ്ദേഹം പറഞ്ഞു.
അടിന്തരാവസ്ഥക്കാലത്ത് മിസാ തടവുകാരനായി വിയ്യൂര്‍ ജയിലില്‍ അദ്ദേഹം കിടന്നു. അടിയന്തരാവസ്ഥ അവസാനിച്ച് തടവുകാരെ വിട്ടയച്ചുതുടങ്ങിയെങ്കിലും സംഘത്തിന്റെ പ്രമുഖരെ പിന്നെയും തടങ്കലില്‍ വെക്കുകയാണ് കേരളത്തിലെ സിപിഐ- കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്തത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് കേന്ദ്രത്തില്‍ ജനതാ സര്‍ക്കാര്‍ അധികാരമേറ്റശേഷം സംഘതടവുകാരെ മോചിപ്പിക്കാന്‍ സമരം വേണ്ടിവന്നു. ധര്‍മപത്നിയും പിഞ്ചുകുഞ്ഞും അക്കാലത്ത് ഒട്ടേറെ വിഷമങ്ങള്‍ അനുഭവിക്കേണ്ടിവന്നു. അദ്ദേഹം പരോളില്‍ വന്നപ്പോള്‍, പ്രാന്തപ്രചാരക് ഭാസ്കര്‍ റാവു അങ്ങെയറ്റത്തെ റിസ്ക് എടുത്ത് സന്ദര്‍ശിക്കുകയുണ്ടായി.
നല്ല ശാരീരിക ക്ഷമതയുണ്ടായിരുന്ന ഭട്ജി ഇപ്പോള്‍ 80 കഴിഞ്ഞ് നടക്കാനും മറ്റും പ്രയാസപ്പെടുന്ന സ്ഥിതിയിലാണ്. അദ്ദേഹത്തിന്റെയും എന്റെ പത്നിയുടെയും കുടുംബങ്ങള്‍ തമ്മില്‍ നല്ലമമതയും ആത്മീയതയും നിലനിര്‍ത്തിയതും സ്മരണീയമാണ്. ഇന്നത്തെ അവസ്ഥയിലും ദീനരും ദുഃഖിതരുമായ ഒട്ടനവധിപ്പേര്‍ക്ക് സേവനങ്ങള്‍ നല്‍കാനായി സമാന മനസ്കരായ കുറേപ്പേരെ സജ്ജരാക്കി രംഗത്തിറക്കാന്‍ അദ്ദേഹം സന്നദ്ധനാകുന്നു. മാനവസേവ മാധവസേവ തന്നെ. കൗണ്‍സലിംഗ് നടത്താനും മറ്റുമായി സൈക്കോളജിസ്റ്റുകളെയും സഹകരിപ്പിക്കുന്നുണ്ട്.
പരിപാടി നടന്ന സ്ഥലത്ത്, ഒന്നുരണ്ട് പഴയ സഹപ്രവര്‍ത്തകരേയും വളരെ വര്‍ഷങ്ങള്‍ക്കുശേഷം കാണാന്‍ അവസരമുണ്ടായി. എം.എസ്. ശിവാനന്ദും ഞാനും ഒരേസമയത്ത് കണ്ണൂര്‍ ജില്ലയില്‍ പ്രചാരകന്മാരായിരുന്നു. ജന്മഭൂമി ആരംഭിച്ചപ്പോള്‍ അതിന്റെ അച്ചടിയുടെ ചുമതലകള്‍ ഏറ്റെടുത്ത് വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു.
അയോധ്യാ പ്രിന്റേഴ്സ് ഏറ്റവും ദുര്‍ഘടം പിടിച്ച സ്ഥിതിയിലായിരുന്നപ്പോള് ശിവാനന്ദജിയുടെ അവസരോചിത നടപടികള്‍ അവയെ തരണം ചെയ്യാന്‍ സഹായകമായി. വളരെ വര്‍ഷങ്ങളായി പയ്യന്നൂരിലെ സംഘപ്രവര്‍ത്തനം നിലച്ച ഘട്ടത്തില്‍ 1965 കാലത്ത് വീണ്ടും അവിടെ അങ്ങേയറ്റത്തെ പരീക്ഷണഘട്ടം നേരിട്ട് പുനരാരംഭിച്ചത് ശിവാനന്ദജിയായിരുന്നു. ഹോസ്ദുര്‍ഗ് താലൂക്ക്, സംഘദൃഷ്ടിയില്‍ കര്‍ണാടക പ്രാന്തില്നിന്ന് കേരളത്തിലേക്ക് ചേര്‍ത്തപ്പോള്‍ അവിടെയും അദ്ദേഹം നോക്കിവന്നു. ഏതു വിദ്യയും എത്രയും വേഗം സ്വായത്തമാക്കാനും, ഏതുകുരുക്കും അഴിക്കാനുമുള്ള സവിശേഷ സാമര്‍ത്ഥ്യം അദ്ദേഹത്തിനുണ്ട്. ഇപ്പോള്‍ ഫോര്‍ട്ട്കൊച്ചിയില്‍ സ്വന്തം കടയുമായി കഴിയുന്നു. കണ്ണൂരിലെ പഴയ സ്വയംസേവകരെ കാണാന്‍ രണ്ടുവര്‍ഷം മുമ്പ് അദ്ദേഹം പോയിരുന്നതായി അറിഞ്ഞു.
അങ്ങനെ എസ്.എസ്. കലാമന്ദിരത്തില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ അഡ്വ. ധനഞ്ജയന് (ആര്.ഡി.ഷേണായി) വിടപറയാന്‍ നില്ക്കുന്നു. അദ്ദേഹത്തിന്റെ ജ്യേഷ്ഠനാണ് സാക്ഷാല്‍ ഹരിയേട്ടന്. എറണാകുളത്തെ ഏറ്റവും കുശലനായ അഭിഭാഷകരില്‍ അദ്ദേഹം പെടുന്നു. എഫ്എസിടിയുടെ സര്‍വസ്വമായിരുന്ന എംകെകെ നായര്‍ക്കെതിരെ ചില തല്പര കക്ഷികള്‍ കൊണ്ടുവന്ന ആരോപണങ്ങള്‍ കോടതിയില്‍ എത്തിയപ്പോള്‍, അദ്ദേഹത്തിനു വേണ്ടതായ രേഖകളും തെളിവുകളും സമാഹരിപ്പിക്കുന്നതിന് പിന്നിലെ പ്രയത്നം ആര്.ഡി.ഷേണായിയുടേതായിരുന്നു.
ആരോടും പരിഭവമില്ലാതെ എന്ന പേരില്‍ എംകെകെ എഴുതിയ ആത്മകഥയില്‍ ‘കൊച്ചുഷേണായിയുടെ’ ആ പങ്കിനെ സര്‍വാത്മനാ പ്രശംസിച്ചിട്ടുണ്ട്. കേരളത്തിന്റെ സര്വതോന്മുഖമായ അഭിവൃദ്ധിക്കും വികാസത്തിനുമുള്ള അടിസ്ഥാനമായി എഫ്എസിടിയെ വിഭാവനം ചെയ്തുകൊണ്ട് എംകെകെ ചെയ്ത പ്രവര്‍ത്തനങ്ങള്‍ കേരളീയര്‍ക്ക് മറക്കാനാവില്ല. ആ മഹത് സ്ഥാപനം പീന്നീടുവന്ന അധികാരിമാര്‍ എങ്ങനെ നാനാവിധമാക്കി, കുട്ടിച്ചോറാക്കി സ്ഥിരം തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കുന്നുവെന്നു നാമറിയുന്നു. ധനഞ്ജയനുമായി കുറേനേരം കുശലം പറഞ്ഞു. അദ്ദേഹത്തിനും അനാരോഗ്യം മൂലം കോടതിയില്‍ പോകാന്‍ കഴിയാത്ത സ്ഥിതിയിലാണ്.
നിലയ്ക്കല്‍ പ്രശ്നം കൊടുമ്പിരിക്കൊണ്ടുനിന്നപ്പോള് വയലാര്‍ രവിയുടെ പോലീസ് പ്രാന്തീയ കാര്യാലയത്തില്‍ വന്ന് അവിടെ താമസിച്ചവരെയൊക്കെ അറസ്റ്റ് ചെയ്തിരുന്നു. അതില്‍ ഞാനും ശിവാന്ദജിയുംപെട്ടു. ഞങ്ങളെ എറണാകുളത്തെ സിജെഎം കോടതിയില്‍ ഹാജരാക്കിയപ്പോള്‍, ജാമ്യം തേടി കോടതിയില്‍ ഹാജരായത് ധനഞ്ജയനായിരുന്നു. അന്നുതന്നെ വിട്ടയക്കപ്പെട്ട് മടങ്ങാന്‍ സാധിച്ചു. അത്യുന്നത സ്ഥാനങ്ങളില്‍ നിന്ന് (ന്യായാധിപന്മാരില് നിന്നുപോലും) അനീതിപരമായ നടപടികളും പരാമര്‍ശങ്ങളും വന്നപ്പോള്‍, അവ ചൂണ്ടിക്കാട്ടി രേഖകളുടെ പകര്‍പ്പെടുത്ത് ധനഞ്ജയന് എനിക്കയച്ചുതന്നിട്ടുണ്ട്. ഇനിയുമുണ്ട് അന്ന് സൗഹൃദം പുതുക്കാന്‍ അവസരമുണ്ടായ മറ്റു ചിലര്‍ കൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: