മലയാള നോവലിലേക്ക് ആദ്യമായി കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് കൊണ്ടുവന്നത് തകഴിയുടെ ചെമ്മീനാണ്. ആ വിശിഷ്ട നോവലിന്റെ പിറവിയുടെ അറുപതാം വര്‍ഷം പിന്നിടുകയാണ്. തിമിരം ബാധിച്ച സാഹിത്യമേലാളന്മാരുടെ സാങ്കല്പിക അസഹിഷ്ണുത നിലനിന്നത് കൊണ്ടാവാം ആഘോഷങ്ങളുടെ ആരവം ഇല്ലാതെ പരീക്കുട്ടിയും കറുത്തമ്മയും ഷഷ്ഠിപൂര്‍ത്തി പിന്നിട്ടത്. അല്ലെങ്കില്‍ മലയാള മനസ്സുകള്‍ക്ക് തന്മാത്ര രോഗം ബാധിച്ചതായി കരുതണം.
ചെമ്മീന്റെ പണിപ്പുരയായിരുന്ന തിരുനക്കര ബോട്ട് ഹൗസ് കഫെ കെട്ടിടം പത്ത് വര്‍ഷം മുമ്പ് പൊളിച്ചുമാറ്റി. അറുപത് വര്‍ഷം മുമ്പ് ഈ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നാണ് മലയാളി ഒരു കാല്പനിക പ്രണയത്തിന്റെ കടലിരമ്പം കേട്ടത്. തിരുനക്കര മഹാദേവ ക്ഷേത്രത്തിന് മുന്‍വശത്തുള്ള പോസ്റ്റ് ഓഫീസ് റോഡിനരുകിലാണ് ബോട്ട് ഹൗസ് കഫെ പ്രവര്‍ത്തിച്ചിരുന്നത്. ഈ ലോഡ്ജിന്റെ ഇടുങ്ങിയ മുറിയിലിരുന്നാണ് തകഴി ചെമ്മീന്‍ എന്ന പ്രണയകാവ്യം എഴുതിയത്.
മലയാളിയുടെ സാഹിത്യ അഭിരുചിയിലും സാമൂഹിക ബോധത്തിലും സ്വാധീനം ചെലുത്തിയ നോവലിന്റെ, പിറവിയുടെ സജീവ സാന്നിധ്യങ്ങളോരോന്നും മലയാളിക്ക് ഇഷ്ടപ്പെട്ടു. നോവലിസ്റ്റ് തകഴി ശിവശങ്കരപ്പിള്ള, പ്രസാധകര് ഡി.സി. കിഴക്കേമുറി, നോവലിന്റെ കൈയെഴുത്ത് പ്രതി ആദ്യം വായിച്ചുതീര്‍ത്ത സി.ജെ. തോമസ്, ചെമ്മീന്‍ എഴുതാന്‍ ലോഡ്ജില്‍ സൗകര്യം ചെയ്തുകൊടുത്ത മത്തായി പോറ്റി, ബോട്ട് ഹൗസ് കഫേയും ഓര്‍മ്മകളുടെ തീരത്തടിഞ്ഞു.
നോവലിന്റെ ആദ്യപതിപ്പ് സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം പുറത്തിറക്കിയത് 1956 ലാണ്. ഇതിന് രണ്ടുവര്‍ഷം മുമ്പുതന്നെ തകഴി ഇത്തരത്തിലൊരു നോവല്‍ എഴുതുമെന്ന് സാഹിത്യ സദസുകളിലും മറ്റും പറഞ്ഞു നടന്നിരുന്നു. ഇത് വിശ്വസിച്ച് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ വില്പന വിഭാഗമായ എന്‍ബിഎസ് ബുള്ളറ്റിനും കാറ്റലോഗിനും ചെമ്മീന്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് പല തവണ പരസ്യം നല്കി.
പ്രസാധകരുടെ സ്നേഹവലയത്തില്‍ കഥയെഴുതാന്‍ ഒടുവില്‍ തകഴി കോട്ടയത്തെത്തി. എന്‍ബിഎസിന്റെ ജനറല്‍ മാനേജരായിരുന്ന ഡിസി കിഴക്കേമുറിയോട്, സ്വസ്ഥമായിരുന്ന് എഴുതാന്‍ പറ്റിയ സ്ഥലം വേണമെന്ന് ആവശ്യപ്പെട്ടു. ഡിസി, ബോട്ട് ഹൗസ് കഫേയില്‍ മുറിയെടുത്ത് നല്കി. നോവലിന്റെ അവസാന മിനുക്കുപണിയാണ് നടക്കുന്നതെന്ന് പ്രസാധകര് കരുതി. കാരണം നേരത്തെ ചെമ്മീനിന്റെ കാര്യമന്വേഷിച്ച് വീട്ടില്‍ എത്തിയ എന്‍ബിഎസ് സെയില്‍സ്മാനോട് തകഴി ശിവശങ്കരപ്പിള്ള അമ്പലപ്പുഴ കോടതിയിലേക്കുള്ള കേസുകെട്ടുകള്‍ എടുത്ത് ഉയര്‍ത്തിക്കാട്ടി, ഇതാ ഇത്രയും തീര്‍ന്നു.
ഇനി നാല് അധ്യായം കൂടി മാത്രം എന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ബോട്ട് ഹൗസ് കഫേയില്‍ ഇരുന്ന് തകഴി എഴുതി തുടങ്ങിയത് ഇങ്ങനെയായിരുന്നു. അധ്യായം ഒന്ന്. എന്റെ അച്ചേ വള്ളോം വലേം മേടിക്കാനക്കൊണ്ട് പോവ്വാണല്ലോ എന്നാരംഭിച്ച രചന എട്ടാം ദിവസം നോവലിസ്റ്റ് ഇങ്ങനെ എഴുതി അവസാനിപ്പിച്ചു. അങ്ങ് പുറക്കടലില്‍ വലിയ കോളായിരുന്നു എന്ന് രാത്രിയുണര്ന്ന ചില അരയന്മാര് പറഞ്ഞു. തിര ചില വീടുകളുടെ മുറ്റത്തോളം അടിച്ചുകയറി. ആ വെള്ളമണലില്‍ കടല്‍ പാമ്പുകളേയും കണ്ടു.
തൃക്കൊന്നപ്പുഴ കടല്‍ത്തീരത്ത് ആലിഗ്നബദ്ധരായ ഒരു സ്ത്രീയുടേയും പുരുഷന്റേയും ശവശരീരങ്ങള്‍ അടിഞ്ഞുകയറിയിട്ടുണ്ടായിരുന്നു. അങ്ങ് ചെറിയകീഴില് കടപ്പുറത്ത് ചൂണ്ട വിഴുങ്ങിയ ഒരു സ്രാവും. അങ്ങനെ എട്ട് ദിവസത്തിനു ശേഷം 337 പേജുകളുമായി ചെമ്മീന്‍ കരയ്ക്കടുത്തു. സമയദൈര്ഘ്യമില്ലാതെ ചുവന്ന മുഴുക്കാലിക്കോ കവറില്‍ ചെമ്മീന്‍ പുറത്തിറങ്ങിയപ്പോള്‍ സാഹിത്യ സഭയില്‍ ചാകരയായി. മലയാള പ്രസാധന രംഗത്തെ അതിശയപ്പെടുത്തി മുന്നേറിയ ചെമ്മീന്‍ നിരവധി വിദേശ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടു. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ഈ കൃതിയിലൂടെ അദ്യമായി മലയാളത്തിന് ലഭിച്ചു. നോവലിന്റെ ചലച്ചിത്രാവിഷ്ക്കരണത്തിന് ഇന്ത്യന്‍ പ്രസിഡന്റിന്റെ സ്വര്‍ണമെഡലും ലഭിച്ചത് മലയാള സാഹിത്യത്തിന് അഭിമാനമായി.
മലയാളി മനസ്സിന്റെ കടപ്പുറത്ത് അലഞ്ഞലഞ്ഞ് ഹതാശയായി മരിച്ചുപൊന്തിയ പ്രണയവും പരീക്കുട്ടിയും കറുത്തമ്മയും ഇക്കാലവും ഏവരേയും വേട്ടയാടുന്നു. ദുരന്തപര്യവസായിയായ പ്രണയത്തിന്റെ ഗദ്ഗദം പിറവിയെടുത്ത ബോട്ട് ഹൗസ് കഫെയുടെ കാലത്തിലേക്ക് നോക്കുമ്പോള്‍ പ്രൊപ്രൈറ്റര്‍ മത്തായിക്കുട്ടിയുടെ ഡാഷ് എന്ന നായയും ശങ്കരന് എന്ന പരുന്തും കാവല്‍ നില്‍ക്കെയാണ് നോവലിസ്റ്റ് എഴുത്തിന്റെ കടല്ക്കോളുകളിലേക്ക് ഇറങ്ങിയത്. ലോഡ്ജിന് കിഴക്ക് മത്തായിയുടെ തന്നെ സസ്യാഹാര ഭക്ഷണശാല നടക്കുന്നുണ്ടായിരുന്നു. യാഥാസ്ഥിക ക്രിസ്ത്യന്‍ കുടുംബത്തിലെ അംഗമായിരുന്നിട്ടും തന്റെ കടയില്‍ മത്സ്യമാംസാദികള്‍ വര്ജ്ജ്യമായിരുന്നതുകൊണ്ട് മത്തായിക്ക് കോട്ടയത്തുകാര്‍ മത്തായിപ്പോറ്റി എന്ന പേര് നല്‍കിയിരുന്നു.
കഥയെഴുതാന്‍ ഡിസി മത്തായിവശം തന്നെ ഏല്‍പ്പിക്കുകയായിരുന്നെന്ന് തകഴിച്ചേട്ടന് ഒരിക്കല്‍ പറഞ്ഞിരുന്നു. കോട്ടയത്തിന്റെ ഒരു കോണില്‍ ഉദിച്ചസ്തമിച്ചുകൊണ്ടിരുന്ന ഈ കല്പനാ പ്രപഞ്ചത്തിന്റെ ആദ്യ വായനക്കാരന് പ്രശസ്ത സാഹിത്യകാരന് സി.ജെ. തോമസ് ആയിരുന്നു. സിജെ അന്ന് എസ്പിസിഎസിന്റെ കവര്‍ ഡിസൈനര്‍ ആയിരുന്നു. എഴുതി തീര്‍ത്ത കഥ സിജെ വായിച്ചു. എട്ടാം ദിവസം തപസ് അവസാനിപ്പിക്കുകയും അടിവരയിടുകയും ചെയ്തപ്പോള്‍ മത്തായിക്കുട്ടി തകഴിയെ ഒരു ബിയര്‍ കുടിക്കാന്‍ അനുവദിച്ചു എന്നത് പിന്നാമ്പുറ രഹസ്യം. വീടുവിട്ട് പിന്നെയൊരു നോവല്‍ കൂടിയേ തകഴി എഴുതിയുള്ളു.
അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന നോവല്‍ തൃശൂരിലെ ഒരു ലോഡ്ജിലിരുന്ന് ഒരാഴ്ചകൊണ്ട് എഴുതുന്നു എന്ന് ഭീഷണി മുഴക്കിയപ്പോഴൊക്കെ തകഴിയുടെ സാഹിതീ സുഹൃത്തുക്കളില്‍ പലരും കരുതിയത്, ഇത് മത്സ്യത്തൊഴിലാളികള്‍ സംഘടിച്ച് യൂണിയന് ഉണ്ടാക്കുന്ന കഥയാകുമെന്നാണ്. പലരും വര്‍ഗ സമരത്തിന്റെ സാഗരഗാഥ വരുന്നെന്നുതന്നെ കരുതി. കാരണം അന്നുവരെ അദ്ദേഹം എഴുതിയതെല്ലാം വര്‍ഗ്ഗസമരത്തിന്റെ അടിയൊഴുക്ക് തെളിഞ്ഞുകാണുന്ന കണ്ണാടി കൃതികളായിരുന്നുവല്ലോ.
അസമീസ് മുതല്‍ ഉറുദ്ദുവരേയും ഡച്ചു മുതല്‍ സ്ലോവാക് വരേയും അസംഖ്യം ഭാഷകളില്‍ ചെമ്മീന്‍ പിറവിയെടുക്കുമെന്ന് അന്ന് ബോട്ട് ഹൗസ് കഫേയിലിരുന്ന് തകഴി സ്വപ്നം കണ്ടിരുന്നിരിക്കില്ല. എങ്കിലും ഒടുങ്ങാത്ത പ്രണയത്തിരക്കോളില്് അവസാന അധ്യായത്തിലെ കറുത്തമ്മയും പരീക്കുട്ടിയും മലയാള സാഹിത്യത്തെ ഈറനണിയിച്ചു.
അവര്‍ ആലിംഗനബദ്ധരാകവെ അങ്ങ് പുറംകടലില്‍ ഒരു സ്രാവ് ചൂണ്ടകൊത്തി. പളനിയെ ആ സ്രാവ് ഒരു കടല്ക്കൊടുങ്കാറ്റിലേക്ക് വലിച്ചിട്ടു. പരീക്കുട്ടിയുടേയും കറുത്തമ്മയുടേയും നാടായ നീര്‍ക്കുന്നത്തുപോലും ഈ നോവലിന്റെ ഷഷ്ഠി പൂര്‍ത്തീകരണത്തിന്റെ അവസരത്തില്‍ ആഘോഷത്തിന്റെ ഒരു തിരയിളക്കവും അനുഭവപ്പെട്ടില്ല. മലയാളി മറവിയുടെ തടങ്കലിലാണോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: