ശബരിമല: വടക്കേനടയ്ക്ക് സമീപമുള്ള ഇരുനില പന്തലിന്റെ താഴത്തെ നിലയിലെ താത്ക്കാലിക ബാരിക്കേഡുകള്‍ പൊളിച്ചുനീക്കി.
മണ്ഡലകാലത്ത് മാളികപ്പുറം ക്ഷേത്ര പടിക്കെട്ടിന് താഴെ തിക്കിലും തിരക്കിലും പെട്ട് തീര്‍ത്ഥാടകര്‍ക്ക് പരുക്കേല്‍ക്കാന്‍ ഇടയായതിനെ തുടര്‍ന്നാണ് കെട്ടില്ലാതെ വടക്കേനടവഴി ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകരെ നിയന്ത്രിച്ച് കയറ്റിവിടുന്നതിന്റെ ഭാഗമായാണ് ബാരിക്കേഡുകള്‍ നിര്‍മ്മിച്ചത്. പോലീസിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഈ നടപടി. എന്നാല്‍ ഐജി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും ഈ സംവിധാനം പരിശോധിക്കുകയും ചെയ്തിരുന്നു. 4 വശവും അടച്ചിട്ടിരിക്കുന്ന ഹാളിനുള്ളില്‍ തലങ്ങും വിലങ്ങും കോണ്‍ക്രീറ്റിംഗിനായി തട്ടടിക്കാന്‍ ഉപയോഗിക്കുന്ന കാറ്റാടി കഴകള്‍ ഉറപ്പില്ലാത്ത രീതിയില്‍ സ്ഥാപിച്ചത് അപകടമുണ്ടാക്കുമെന്ന് കണ്ടെത്തിയിരുന്നു. നിര്‍മ്മിതിയില്‍ പോലീസ് അതൃപ്തി രേഖപ്പെടുത്തിയതോടെയാണ് ബാരിക്കേഡുകള്‍ പൊളിച്ചുനീക്കിയത്. പാണ്ടിത്താവളത്തുനിന്നും വടക്കേനടയിലേക്ക് തീര്‍ത്ഥാടകരെ നിയന്ത്രിച്ച് കയറ്റിവിടുന്നതിനുള്ള പുതിയ ബാരിക്കേഡിന്റെ നിര്‍മ്മാണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: