ചെറുവത്തൂര്‍: ചെറുവത്തൂരില്‍ നിന്നും ചീമേനിയിലേക്ക് ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ സംരക്ഷണ പദയാത്രയോടനുബന്ധിച്ച് സിപിഎം ജില്ലയില്‍ പരക്കെ അക്രമം നടത്തി. നിരവധി വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു. കല്ലേറില്‍ നിരവധി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഇന്നലെ രാവിലെ ചെറുവത്തൂര്‍ നഗരത്തില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.ശ്രീശന് മാസ്റ്റര്‍ പതാക കൈമാറി യാത്ര ആരംഭിച്ചപ്പോള്‍ തന്നെ നഗരത്തില്‍ പോലീസിനൊപ്പം മറഞ്ഞുനിന്ന സിപിഎം ക്രിമിനല്‍ സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു. തുടര്‍ന്ന് കെട്ടിടങ്ങളുടെ മുകളില്‍ നിന്നും കല്ലേറും ഉണ്ടായി. പോലീസ് സംഘത്തെ നോക്കുകുത്തിയാക്കി അരമണിക്കൂറോളം സിപിഎം ക്രിമിനല്‍ സംഘം നഗരത്തില്‍ അഴിഞ്ഞാടി. പോലീസ് വേഷത്തിലുള്‍പ്പെടെ വന്ന് യൂണിഫോമിനു മുകളില്‍ നെയിംബോര്‍ഡുകള്‍ പോലും ഇല്ലാത്ത ക്രിമിനലുകളാണ് അക്രമം നടത്തിയത്. പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ബിജെപി പ്രവര്‍ത്തകരുടെ ശ്രമം പോലീസ് തടയുകയും, അക്രമം അഴിച്ചുവിട്ടത് സിപിഎം പ്രവര്‍ത്തകരല്ല ബിജെപിയാണെന്ന് ആക്രോശിച്ച് കൊണ്ട് പോലീസുകാര്‍ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ ഓടിയെത്തുകയാണുണ്ടായത്. ആശുപത്രിയിലേക്ക് മാറ്റിയ പ്രവര്‍ത്തകര്‍ക്ക് മതിയായ സംരക്ഷണം നല്കാന് പോലും പോലീസ് തയ്യാറായില്ല. അപ്പോള്‍ തന്നെ ടൗണില്‍ സംഘടിച്ച് സിപിഎം ക്രിമിനലുകള്‍ ബിജെപി പദയാത്രക്കു നേരെ പ്രകടനവുമായെത്തി വന്‍ അക്രമം അഴിച്ചുവിട്ടു.
രാവിലെ പദയാത്രയില്‍ പങ്കെടുക്കാന്‍ പ്രവര്‍ത്തകര്‍ വന്ന രണ്ട് ബസ്സുകളുടെ ചില്ലുകള്‍ സിപിഎം അക്രമികള്‍ തകര്‍ത്തു. പദയാത്രയുടെ പൊതു സമ്മേളനം ചീമേനി നഗരത്തില്‍ കഴിഞ്ഞ് തിരിച്ചുപോകുകയായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ സഞ്ചരിച്ച നിരവധി വാഹനങ്ങള്‍ക്കു നേരെ ചീമേനി, കയ്യൂര്‍, ഞാണംകൈ വളവ്, പോത്താക്കണ്ടം, ചെറുവത്തൂര്‍ തുടങ്ങിയടങ്ങളില്‍ നിന്നും വാഹനത്തിനു നേരെ കല്ലേറുണ്ടായി. കാലിച്ചാമരത്ത് രണ്ട് ഓട്ടോ റിക്ഷകള്‍ തകര്‍ത്തു. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിച്ചു. ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് ഉണ്ണികൃഷ്ണനെ കല്ലേറില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമാപന സമ്മേളനം കഴിഞ്ഞ് തിരിച്ചുപോകുകയായിരുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് അടക്കമുള്ള നേതാക്കളെ ചെറുവത്തൂരില്‍ പോലീസ് തടഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. യാത്ര നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നേതാക്കള്‍ റോഡ് ഉപരോധിച്ചപ്പോള്‍ സിപിഎം ക്രമിനല്‍ സംഘം ഉപരോധത്തിനു നേരെയും കല്ലേറ് നടത്തി. അക്രമികളെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര് വാതകം പ്രയോഗിച്ചു. തുടര്‍ന്ന് ചന്തേര പോലീസ് ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി. തിരിച്ച് വരുമ്പോള്‍ വീണ്ടും ചെറുവത്തൂരില്‍ വെച്ച് ബിജെപി നേതാക്കളുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: