ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സായി എന്ന് പ്രശസ്ത ചരിത്രകാരനായ എം.ജി.എസ്.നാരായണന് ‘ജന്മഭൂമി’യില്‍ എം.ബാലകൃഷ്ണനോടു പറഞ്ഞതായി വായിച്ചു. അതു ശരിയായിരിക്കണം. കൂടെക്കിടന്നവന് രാപ്പനിയെപ്പറ്റി പറയാന്‍ കഴിയുമല്ലൊ. അത് ഇന്നുമിന്നലെയും നിലവില്‍ വന്ന സ്ഥിതി ആയിരുന്നുമില്ല. തിരുവനന്തപുരത്ത് സര്‍വകലാശാലാ വളപ്പില്‍ തുടക്കം കുറിച്ച ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിനു മുന്നോടിയായി നടന്ന സെമിനാറില്‍ ഉദ്ഘാടന പ്രസംഗം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായം തന്നെ കോണ്‍ഗ്രസ് അജണ്ട വ്യക്തമാക്കുന്നതാണ്.
ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക് റിസേര്‍ച്ച് എന്ന കേന്ദ്ര സ്ഥാപനം ഒരുകാലത്ത് ഇടതുപക്ഷ ചരിത്രകാരന്മാരുടെ അഴിഞ്ഞാട്ട രംഗമായിരുന്നു. ചരിത്ര കോണ്‍ഗ്രസും ഐസിഎച്ച്ആറും ചേര്‍ന്നാണ് ഭാരത ചരിത്ര ഗവേഷണങ്ങളെ ആട്ടിത്തെളിച്ച് പാര്‍ട്ടിയുടെ തൊഴുത്തില്‍ കൊണ്ടചെന്നു കെട്ടിയത്. പാര്‍ട്ടി കൊടുക്കുന്ന പുല്ലും വെള്ളവും കാലിത്തീറ്റയും തിന്നു വളര്‍ന്ന ഗവേഷണത്തില്‍ നിന്ന് പിറന്ന ഫലങ്ങളെല്ലാം തന്നെ ഭാരതചരിത്രസംഭവങ്ങളെ ഹിന്ദുവിരുദ്ധമാക്കി ചുവപ്പും പച്ചയും പരവതാനികള്‍ പുതപ്പിക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നല്കിയ കോടിക്കണക്കിന് രൂപ ധൂര്‍ത്തടിച്ചും അമുക്കിയും പടച്ചുവിട്ട പ്രബന്ധാഭാസങ്ങള് ഭാരതീയര്‍ക്ക് അപമാനകരമായിരുന്നു. അതിനു പുറമേയായിരുന്ന കൗണ്‍സിലിന്റെ അംഗങ്ങള്‍ നടത്തിവന്ന ധനാപഹരണങ്ങളും.
അരുണ്‍ ഷൂരി ഐസിഎച്ച്ആറിന്റെ ഔദ്യോഗിക രേഖകള്‍ പരിശോധിച്ച് തയ്യാറാക്കിയ ‘എമിനന്റ് ഹിസ്റ്റോറിയന്‍സ്’ എന്ന പുസ്തകം, ആ കാപട്യങ്ങളുടെയും വെട്ടിപ്പുകളുടെയും സമഗ്രവിവരണം നല്‍കുന്നുണ്ട്. ആസനത്തില്‍ മുളച്ച ആല്‍മരത്തിന്റെ തണലില്‍ത്തന്നെ സുഖസമൃദ്ധി കണ്ടെത്തുന്ന ചരിത്രകാരന് തന്നെയാണ് ഹിസ്റ്ററി കോണ്‍ഗ്രസ് ആഘോഷിക്കുന്നത്. മുന്‍പൊക്കെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയേയും ഐസിഎച്ച്ആര്‍ പ്രമുഖരേയും അതിന്റെ മുഖ്യസംഘാടകരാക്കിയിരുന്നു. ഇത്തവണ അവരെയൊക്കെ അയിത്തം കല്‍പ്പിച്ച് തീണ്ടാപ്പാടു മാത്രമല്ല കാണാമറയത്തുതന്നെ അകറ്റി നിര്‍ത്തിയിരിക്കുകയാണ്.
ഭാരതത്തിലെ ഇടതുപക്ഷ ബൗദ്ധിക ജീവനത്തിന്റെ ഏക അവശിഷ്ട മേഖലയായ കേരളത്തിലെ സര്‍ക്കാര്‍ തന്നെയാണ് അതിനെ ക്ഷണിച്ചുവരുത്തി വിരുന്നൂട്ടുന്നത്. അവിടെ പതിവുപോലുള്ള ഗവേഷണാവതരണങ്ങളും മതനിരപേക്ഷതാ പ്രഘോഷണങ്ങളും സംഘപരിവാറിനെതിരെയുള്ള അധിക്ഷേപങ്ങളുമാവും നടക്കുക. പിണറായി വിജയനും, ഇടതുപക്ഷ, മതനിരപേക്ഷ ചരിത്രകാരി റൊമീലാ ഥാപറും അതിന് തുടക്കം കുറിച്ചു കഴിഞ്ഞു. അതിന് ശ്രുതിപിടിക്കാന്‍ ക്രിസ്ത്യന്‍ മുസ്ലിം കോണ്‍ഗ്രസ്, സോഷ്യലിസ്റ്റ് ചരിത്രകാരന്മാരും ഉണ്ടാവുമെന്നു തീര്‍ച്ചയാണ്. ആക്രമണങ്ങളുടെ തേരോട്ടക്കാലത്തെ എട്ടു നൂറ്റാണ്ടുകള്‍കൊണ്ട് അന്നത്തെ ഭാരതത്തില്‍ (ഗാന്ധാരം മുതല്‍ പ്രാഗ് ജോതിഷം, കന്യാകുമാരിവരെ) 40,000 ല്‍ പരം ഹൈന്ദവ, ബൗദ്ധ, ജൈന ആരാധനാ കേന്ദ്രങ്ങളും വിദ്യാപീഠങ്ങളും തകര്‍ത്തു നിലംപരിശാക്കിയ രേഖപ്പെടുത്തപ്പെട്ട ചരിത്രമുണ്ട്. അതു തങ്ങളുടെ വീരപരാക്രമത്തിന്റെ തെളിവിനായി അക്രമത്തിന് നേതൃത്വം നല്കിയ സുല്ത്താന്മാരും ബാദ്ഷാമാരും എഴുതിവച്ചവയാണ്.
മതവിദ്വേഷം കൊണ്ടല്ല പണം കവര്‍ച്ച ചെയ്തതിനായിരുന്നു ആ ധ്വംസനങ്ങളെന്ന് പണിക്കരെയും കൊസംബിയെയും ഥാപ്പറേയും, സി.കെ. കരീമിനെയും പോലുള്ള പ്രഗത്ഭ ചരിത്ര പണ്ഡിതര്‍ ഇപ്പോഴും ഘോഷിക്കുന്നുണ്ട്. പാശ്ചാത്യ ലോകത്തുനിന്ന് ചീനയിലേക്കുള്ള പട്ടുപാതയെന്ന വാണിജ്യ മാര്‍ഗത്തിലെ ഏറ്റവും വലിയ ഇടത്താവളമായിരുന്ന ഗാന്ധാര(അഫ്ഗാനിസ്ഥാന്)ത്തില്‍ ബാമിയാന്‍ താഴ്വരയിലെ പര്‍വത സാനുക്കളില്‍ 2000 ലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ബൗദ്ധകലാകാരന്മാര് പാറ തുരന്ന് നിര്‍മിച്ച ലോകത്തെ ഏറ്റവും വലിയ ബൗദ്ധ പ്രതിമകളെ അവിടെ അധികാരത്തിലെത്തിയ താലിബാന് ഭരണം പീരങ്കികളും വന്‍ സ്ഫോടകവസ്തുക്കളും പ്രയോഗിച്ച് തകര്‍ത്ത് ഇസ്ലാമിന്റെ ദൗത്യം വിജയിപ്പിച്ചതായി പ്രഖ്യാപിച്ചത് രണ്ടുപതിറ്റാണ്ടിനുള്ളില്‍ നമ്മുടെയെല്ലാം ഓര്മയില്ത്തന്നെയായിരുന്നുവല്ലൊ. അതിന്റെ വീഡിയോ ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ആ സംഭവത്തെ അധിക്ഷേപിക്കാന്‍ ഇന്ന് കോണ്‍ഗ്രസ് കൂടിക്കൊണ്ടിരിക്കുന്ന ഒരു എമിനന്റ് ചരിത്രകാരനും തയ്യാറായിട്ടില്ല. അയോദ്ധ്യയിലെ തര്‍ക്കമന്ദിരം തകര്‍ന്നപ്പോള്‍ തൂലിക പടവാളാക്കിയ ഒപ്പിടില്‍ പ്രസ്താവനക്കാരും, മാധ്യമവീരന്മാരും മിണ്ടാതെ കഴിയുകയായിരുന്നു. ഐസിഎച്ച്ആര്‍, സിബിഎസ്ഇക്കുവേണ്ടി തയ്യാറാക്കി നല്കിയ ഹ്യൂമാനിസ്റ്റിക് പാഠപുസ്തകത്തില്‍, ദല്‍ഹിയിലെ ചാന്ദനീചൗക്കില്‍ ശിരഛേദം ചെയ്യപ്പെട്ട ഗുരു തേഗ് ബഹാദൂറിനെ കൊള്ളക്കാരനായാണ് ചിത്രീകരിച്ചതെന്നും ഓര്‍ക്കണം.
ചരിത്രകോണ്‍ഗ്രസിനെക്കുറിച്ച് എഴുതുമ്പോള്‍ അടിയന്തരാവസ്ഥക്കാലത്ത് തേഞ്ഞിപ്പലത്തെ കാലിക്കറ്റ് സര്‍വകലാശാലാ ആതിഥേയത്വം വഹിച്ച ചരിത്ര കോണ്‍ഗ്രസിലെ ചില ഓര്മകല് കൂടി ഇവിടെ കുറിക്കട്ടെ. അതിന്റെ സംഘാടകരുടെ മുന്‍നിരയില്‍ ഡോ.എം.ജി.എസ്. നാരായണനും അദ്ദേഹത്തിന്റെ അടുത്ത ബന്ധുവും ഇടതു, മതേതര, ചരിത്രപണ്ഡിതനായി പരിഗണിക്കപ്പെടാന്‍ എന്തുകൊണ്ടും യോഗ്യനായ ഡോ. എം.ഗംഗാധരനുമായിരുന്നു: എം.ജി.എസ്. ഹിന്ദു ചേരിയിലേക് പിന്നീട് മാറിയെങ്കിലും മാതൃഭൂമി, മാധ്യമംപോലുള്ള പ്രസിദ്ധീകരണങ്ങളിലൂടെ ഗംഗാധരന് തന്റെ സെക്കുലര്‍ ക്രെഡന്‍ഷ്യല്‍ നഷ്ടപ്പെടാതെ സൂക്ഷിക്കുന്നുണ്ട്.
1976 ലെ കോണ്‍ഗ്രസിന്റെ താരങ്ങള്‍ കൊസാംബിയും റൊമീലാ ഥാപ്പറും മറ്റുമായിരുന്നു. കേരളത്തില്‍ കോണ്‍ഗ്രസ്, സിപിഐ-ലീഗ് ഭരണമായിരുന്നതിനാല്‍ ഹിസ്റ്ററി കോണ്‍ഗ്രസിന് ഏറ്റവും അനുയോജ്യമായ ഭൗതിക, മതേതര, ബൗദ്ധികാന്തരീക്ഷം സ്വാഭാവികമായുണ്ടായി. അന്ന് ഞാന്‍ അടിയന്തരാവസ്ഥക്കെതിരായ രഹസ്യപ്രവര്ത്തനങ്ങളിലേര്പ്പെട്ടു കഴിയുകയായിരുന്നു. കേസരി വാരികയ്ക്ക് പ്രതിനിധിയെ അയയ്ക്കാനുള്ള പതിവ് ക്ഷണം കിട്ടിയപ്പോള്‍, ആ പാസ് ഞാന്‍ കരസ്ഥമാക്കുകയും കാമ്പസ്സില്‍ രണ്ടു ദിവസം ചെലവഴിക്കുകയും ചെയ്തു. അവിടെ പത്രക്കാര്‍ക്കുള്ള ഭാഗത്ത് മാന്യമായ ഇരിപ്പിടവും കിട്ടി. അടുത്ത കസേരയില്‍ ഇരുന്നത് സാക്ഷാല്‍ ഇഎംഎസ് നമ്പൂതിരിപ്പാടുതന്നെ ആയിരുന്നു.
മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍ ചരിത്രത്തെ സ്വന്തമായി സൃഷ്ടിച്ചെടുത്ത ഇഎംഎസ് അവിടെ ആരുടെയും ശ്രദ്ധ ആകര്‍ഷിക്കാതെ ഇരിക്കുകയായിരുന്നു. ഞാന്‍ കേസരിയുടെ പ്രതിനിധിയായാണ് പരിചയപ്പെട്ടത്. ഇഎംഎസ് തന്റെ പാഡില്‍ കുറിപ്പുകളെഴുതിക്കൊണ്ടിരുന്നു. അടിയന്തരാവസ്ഥക്കാലമായതിനാല്‍, ആ രണ്ടു ദിവസവും ഭക്ഷണത്തിന് പതിവ് ബുദ്ധിമുട്ടു കൂടാതെ കഴിഞ്ഞു. വിദ്യാഭ്യാസ മന്ത്രി ചാക്കേരി അഹമ്മദ് കുട്ടിയുടെ ഇംഗ്ലീഷിലുള്ള പ്രസംഗം അതിന്റെ മനോഹാരിതകൊണ്ടും ഗാംഭീര്യംകൊണ്ടും ശ്രദ്ധേയമായിരുന്നു. പ്രൊ വൈസ് ചാന്‍സലര്‍ സുകുമാര്‍ അഴീക്കോട് ഇംഗ്ലീഷില്‍ മുഖവുരയോടെ മലയാളത്തില്‍ സംസാരിച്ചു. അതിന്റെ ആംഗലരൂപം അവിടെ വിതരണം ചെയ്യുകയുമുണ്ടായി. പൊതുപ്രഭാഷണങ്ങളെക്കാള് പ്രമുഖ ചരിത്രകാരന്മാര്ക്ക് ചുറ്റും കൂടിയ സംവാദങ്ങളായിരുന്നു ആകര്‍ഷകം.
അടിയന്തരാവസ്ഥക്കാലമായിരുന്നതിനാല്‍ അവിടെയെത്തിയ ചരിത്രകാരന്മാരില് സംഘപരിവാറില്‍പ്പെട്ട ആരെങ്കിലുമുണ്ടോ എന്ന് ആകാംക്ഷയോടെ നോക്കി കഴിയുകയായിരുന്നു. അങ്ങനെ കണ്ണുകഴച്ചിരിക്കെ പ്രൊഫസര്‍ ”ആര്. അണ്ണാമലൈ പച്ചയ്യപ്പാസ് കോളജ് ചരിത്രവിഭാഗം തലവന്‍, മദ്രാസ് യൂണിവേഴ്സിറ്റി”യെ പ്രബന്ധം അവതരിപ്പിക്കാന്‍ അധ്യക്ഷന്‍ ക്ഷണിക്കുന്നു. അദ്ദേഹം സ്റ്റേജില്‍ കയറി ഒരു ലഘുമുഖവുരയോടെ അതവതരിപ്പിച്ച് ഇറങ്ങിവന്നു. ഞാന്‍ മെല്ലെ അടുത്തു ചെന്നു തോണ്ടി. ഞങ്ങള്‍ക്ക് കൂരിരുട്ടില്‍ വെളിച്ചം കണ്ടതുപോലെയായി. മദ്രാസിലെ സംഘത്തിന്റെ കാര്യവാഹ് സ്ഥാനം വഹിക്കവേയായിരുന്നു അടിയന്തരാവസ്ഥ.
1956 മുതല്‍ അടുത്ത പരിചയം. തമിഴ്നാട്ടിലെ മികച്ച ചരിത്രാധ്യാപകരിലൊരാള്. കൊച്ചുകുട്ടിയെപ്പോലെ നിഷ്കളങ്കമായ സ്വഭാവവും ഹൃദയത്തില്‍ തട്ടുന്ന പെരുമാറ്റവും. തേഞ്ഞിപ്പലത്ത് അടുത്ത രണ്ടുദിവസവും ഞങ്ങള്‍ ഒരുമിച്ചായിരുന്നു. തമിഴ്നാട്ടില്‍ ഡിഎംകെ ഭരണമായിരുന്നതിനാല്‍ കേരളത്തിലെപ്പോലെ കര്‍ക്കശമായ അന്തരീക്ഷമില്ലായിരുന്നു. ഇവിടത്തെ ചെറുത്തുനില്‍പ്പിന്റെ വിവരങ്ങള്‍ കൈമാറി. ആ സമയത്ത് കോഴിക്കോട്ട് മാധവജി ഒളിവില്‍ താമസിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തെ കാണാന്‍ ഏര്‍പ്പാടു ചെയ്യാമെന്ന് അണ്ണാമലൈജിയോട് പറഞ്ഞു. അദ്ദേഹം അടുത്തദിവസം മടങ്ങുന്നതിനാല്‍ അന്നുതന്നെ അതിന് തുനിയേണ്ടിവന്നു.
യൂണിവേഴ്സിറ്റി സ്റ്റോപ്പില്‍ നിന്ന് ബസ് കയറി പാളയം സ്റ്റാന്റില്‍ ഇറങ്ങി ഓട്ടോ പിടിച്ച് മലാപ്പറമ്പ് ഹൗസിങ് കോളനിയില്‍ അനുജന് ഗോപിയോടൊപ്പം താമസിച്ചുവന്ന മാധവ്ജിയുടെ അടുത്തെത്തി. മദ്രാസിലെ വിദ്യാഭ്യാസകാലത്ത്- 1944-46 തന്നെ ഇരുവരും അവിടെ കാര്യകര്‍ത്താക്കളായിരുന്നു. പ്രചാരകനല്ലെങ്കിലും, പ്രചാരകനെക്കാള് തീവ്രമായ സംഘനിഷ്ഠയോടെ ജീവിച്ച ആളായിരുന്നു അണ്ണാമലൈ. സംഘശിബിരങ്ങളില്‍ അദ്ദേഹത്തിന് അടുക്കളയുടെ ചുമതലയാണ് പതിവായി ലഭിക്കാറ്. അതിനാല്‍ ശ്രീ ഗുരുജി അദ്ദേഹത്തെ മൗണ്ടന്‍ ഓഫ് റൈസ്-അന്നമലൈ എന്നു നര്‍മത്തോടെ വിശേഷിപ്പിക്കുമായിരുന്നു. അവിടെ ഊണിനു മുട്ടുണ്ടാവില്ല. പിന്നീട് അടിയന്തരാവസ്ഥയില്‍ തന്നെ ചെന്നൈയില്‍ അദ്ദേഹത്തിന്റെ താമസസ്ഥലത്തു ചെന്ന് ‘അന്നമല’യില്‍ ഒരു പങ്ക് അകത്താക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്.
അണ്ണാമലൈജിയെയും കൊണ്ടു നടത്തിയ ആ യാത്ര അത്യന്തം ആപല്‍ക്കരമായിരുന്നു. അടിയന്തരാവസ്ഥ എന്‍ഫോഴ്സ്മെന്റ് പോലീസിന്റെ ഒരു വിഭാഗവും അതിന്റെ ചുമതല വഹിച്ച ഐപിഎസ് ഉദ്യോഗസ്ഥനും അതേ കോളനിയില്‍ രണ്ടുവീട്ടുകാര്ക്കപ്പുറം ക്യാമ്പടിച്ചിരുന്നു. അസാധാരണമായി ഒന്നുമില്ലാത്തതുപോലെ തികച്ചും സ്വാഭാവികമായിത്തന്നെ ഞങ്ങള്‍ വന്നതും പോയതും സംശയമുണ്ടാക്കിയില്ല. മാധവ്ജിയുടെ അനുജന് ഗോപി ഇന്നില്ല. അണ്ണാമലൈജിയും മാധവ്ജിയും ഓര്‍മമാത്രം. ഗോപിയുടെ പത്നി വത്സല ഞങ്ങള്‍ക്ക് അത്താഴം തന്നു. അവരെ പിന്നീട് കണ്ട ഒരവസരത്തിലും ഞാന്‍ ആ സന്ദര്‍ഭം ഓര്‍മിപ്പിച്ചില്ല. ഇപ്പോള്‍ മകനോടൊപ്പം തൃശ്ശിവപേരൂരിലാണ് എന്നുതോന്നുന്നു. ജനസംഘത്തിന്റെ മുന്‍ സംസ്ഥാനാധ്യക്ഷനായിരുന്ന പട്ടാമ്പിയിലെ അഡ്വ. പി. മാധവമേനോന്റെ മകളാണ് വത്സല എന്നത് അവരുടെ സംഘപാരമ്പര്യം തന്നെ.ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് എനിക്ക് തന്നിട്ടുള്ളത് അവിസ്മരണീയമായ ഈ സ്വകാര്യാനുഭവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: