കൊടുങ്ങല്ലൂര്‍:കൊച്ചിന് ദേവസ്വംബോര്‍ഡിനു കീഴിലെ ക്ഷേത്രജീവനക്കാരുടെ ശമ്പളപരിഷ്ക്കരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ക്ഷേത്ര കാര്‍മ്മിക് സംഘ് ആവശ്യപ്പെട്ടു.അപാകതകള്‍ പരിഹരിച്ച് വേതനവും ആനുകൂല്യങ്ങളും നല്‍കണമെന്നാവശ്യപ്പെട്ട് ബോര്‍ഡ് പ്രസിഡന്റ് ഡോ.എം.സുദര്ശന് ഭാരവാഹികള്‍ നിവേദനം നല്കി.25 ശതമാനത്തോളം വരുന്ന എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തിനുമാത്രമാണ് 2016 ഫെബ്രവരിയിലെ ശമ്പളപരിഷ്ക്കരണത്തിന്റെ പ്രയോജനം ലഭിച്ചിട്ടുള്ളത്.
സര്‍ക്കാര്‍ സര്‍വ്വീസിലെ പാര്‍ട്ട്ടൈം ജീവനക്കാര്‍ക്ക് ലഭിക്കുന്ന ശമ്പള വര്‍ദ്ധനവ് പോലും ക്ഷേത്രജീവനക്കാര്‍ക്ക് ലഭിക്കുന്നില്ലെന്ന് ബോര്‍ഡ് പ്രസിഡന്റുമായി ചര്‍ച്ചയില്‍ പങ്കെടുത്ത കാര്‍മ്മിക് സംഘ് വര്‍ക്കിംഗ് പ്രസിഡന്റ് കെ.ജി.ശശിധരന്,ജനറല്‍ സെക്രട്ടറി പിഎസ്.പ്രമോദ്,രാമചന്ദ്രന് എമ്പ്രാന്തിരി,പി.ബാലകൃഷ്ണന്,രമേഷ് മാരാര്‍ എന്നിവര്‍ പറഞ്ഞു.ദേവവസ്വം ഉദ്യോഗസ്ഥര്‍ രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ മാത്രമാണ് ജോലി ചെയ്യുന്നത്.അതേസമയം ക്ഷേത്രജീവനക്കാര്‍ രാവിലെ 3 മുതല്‍ രാത്രി 9 വരെ പലസമയങ്ങളിലായി ജോലി ചെയ്യേണ്ട അവസ്ഥയാണ്.
ലീവെടുത്താല്‍ പകരം ആളെ വെക്കേണ്ടതും ഇവര്‍ തന്നെയാണ്.ഇത്തരത്തിലുള്ള പ്രാകൃതമായ സേവന വ്യവസ്ഥക്കു വിധേയമായി ജോലി ചെയ്യുന്നവര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളിലേറെയും എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ തട്ടിയെടുക്കുന്നതായും കാര്‍മ്മിക് സംഘ് ഭാരവാഹികള്‍ പറയുന്നു.റഫറണ്ടത്തില്‍ അംഗീകാരം നേടിയ സംഘടനയാകട്ടെ ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ശ്രദ്ധിക്കുന്നുമില്ല.
പ്രമോഷന് നിയമനത്തില്‍ അഴിമതി ആരോപണം നേരിടുകയും കാര്യക്ഷമതയും വിശ്വാസ്യതയും നഷ്ടപ്പെടുകയും ചെയ്ത യൂണിയന്റെ അംഗീകാരം റദ്ദാക്കണമെന്നും കാര്‍മ്മിക് സംഘ് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: