പത്തനംതിട്ട: ശബരിമല മകരവിളക്ക് ദിവസം കെ.എസ്.ആര്.ടി.സിയുടെ ആയിരം ബസുകള്‍ സര്‍വീസ് നടത്തും. ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കുന്ന കെ.എസ്.ആര്.ടി.സി ഡ്രൈവര്‍മാര്‍ക്ക് പരമാവധി വിശ്രമം നല്കാന് നടപടിയുണ്ടാവും. പത്തനംതിട്ട ജില്ലാ കളക്ടര്‍ ആര്.ഗിരിജയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മകരവിളക്ക് ഒരുക്കങ്ങള്‍ സംബന്ധിച്ച അവലോകന യോഗത്തിലാണ് തീരുമാനം.
മകരവിളക്ക് ദിനങ്ങളില്‍ അടിയന്തിര സാഹചര്യമുണ്ടായാല്‍ നേരിടുന്നതിന് ശബരിമലയുടെ അനുബന്ധ പഞ്ചായത്തുകളില്‍ പ്രത്യേക സംഘത്തെ രൂപീകരിക്കും. സന്നിധാനത്ത് എമര്‍ജന്‍സി ഓപ്പറേഷന് സെന്റര്‍ വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് ജില്ലാ കളക്ടര്‍ കത്ത് നല്‍കും. മകരവിളക്കിന് കൂടുതല്‍ ആംബുലന്‍സുകളുടെ സേവനം ഉറപ്പുവരുത്തും. ഇലവുങ്കല്‍, നെല്ലിമല, അയ്യന്‍മല എന്നിവിടങ്ങളില്‍ പൊതുമരാമത്ത് നിരത്തുവിഭാഗം ബാരിക്കേഡുകള്‍ സ്ഥാപിക്കും. ശബരിമലയിലേക്കുള്ള റോഡിലെ തകര്‍ന്ന ബാരിക്കേഡുകള്‍ നന്നാക്കും. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കും. മകരവിളക്ക് ദിവസം അയ്യപ്പസേവാ സംഘത്തിന്റെ 500 സ്ട്രെച്ചര്‍ വോളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കും.
ദുരന്തനിവാരണം ഡെപ്യുട്ടി കളക്ടര്‍ ജി.ബാബു, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: