പത്തനംതിട്ട : പ്രമാടം രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കോന്നി ഫെസ്റ്റില്‍ ഒരുക്കിയിരിക്കുന്ന കാഴ്ചപ്പൂരം ആസ്വദിക്കാന്‍ ആയിരങ്ങളൊഴുകുന്നു.
കവാടത്തില്‍ സ്ഥാപിച്ചിരിക്കുന്ന കൂറ്റന്‍ ക്രിസ്മസ് പാപ്പയും മഞ്ഞുമലയും കാണികളുടെ മനം കവരുകയാണ്. നിരവധി സിനിമകള്‍ക്ക് കലാസംവിധാനം നിര്‍വഹിച്ചിരിക്കുന്ന ആര്‍ട്ടിസ്റ്റ് മുരളിചന്ദ്രനാണ് 20 അടിയിലേറെ ഉയരമുള്ള കൂറ്റന്‍ ക്രിസ്മസ് പപ്പയുടെ പ്രതിമയൊരുക്കിയിരിക്കുന്നത്. കാവാലം നാരായണപ്പണിക്കരുടെ നാടകവേദിയിലെ സ്ഥിരം കലാകാരനാണ് മുരളീചന്ദ്രന്‍. നടി മഞ്ജുവാര്യര്‍ക്കൊപ്പം നാടകവേദിയില്‍ നിറഞ്ഞുനിന്ന താരവുമാണ് മുരളീചന്ദ്രന്‍.
കാശ്മീരിലെ മഞ്ഞുമലകളുടെ മാതൃകയിലാണ് കോന്നി ഫെസ്റ്റിലും മഞ്ഞുമല ഒരുക്കിയിരിക്കുന്നത്. 2000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ പൂര്‍ണമായും ശീതികരിച്ച സ്റ്റാളിലാണ് മഞ്ഞുമല. 30ഓളം കുടുംബങ്ങള്‍ക്ക് ഒരേസമയം മഞ്ഞുമല കാണാനാകും. മഞ്ഞുമലയുടെ സമീപത്ത് ചെല്ലുമ്പോഴുള്ള തണുപ്പ് ആസ്വദിക്കാന്‍ കഴിയുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. കേരളത്തിലാദ്യമായാണ് ഇത്തരമൊരു മഞ്ഞുമല കാണികള്‍ക്ക് വേണ്ടി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
ആനയും അടവിയും ഉള്‍പ്പെടെ കോന്നിയുടെ തനത് പ്രത്യേകതകള്‍ കോര്‍ത്തിണക്കിയാണ് മേള സജ്ജീകരിച്ചിരിക്കുന്നത്. കവാടത്തിലെ വാട്ടര്‍ ഫൗണ്ടന് പ്രത്യേക ആകര്‍ഷണമാണ്. നൂറുകണക്കിന് വ്യവസായവാണിജ്യകാര്ഷിക സ്റ്റാളുകളാണ് ഫെസ്റ്റില്‍ ഒരുങ്ങിയിരിക്കുന്നത്. രുചിയേറുന്ന ചക്ക ഉല്‍പ്പന്നങ്ങളും സ്വാദിഷ്ടമായ മറ്റ് ഭക്ഷണ വിഭവങ്ങളും മേളയിലുണ്ട്. പ്ലാവിന് തൈകളുടെ പ്രദര്‍ശനവും വില്‍പ്പനയും വേറെയുമുണ്ട്. മലങ്കര കത്തോലിക്കാ സഭയുടെ കീഴിലുള്ള അനഗ്രഹ സോഷ്യല്‍ സര്‍വീസ് നടത്തുന്ന സ്റ്റാളുകളില്‍ തിരക്കേറെയുണ്ട്. കുടുംബശ്രീയുടെ സ്റ്റാളുകളില്‍ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളാണ് വില്‍പ്പനയ്ക്കുള്ളത്. അലങ്കാര്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ സ്റ്റാളില്‍ ക്രോക്കറി സാധനങ്ങള്‍ തൂക്കിയാണ് വില്‍ക്കുന്നത്. ഒരുകിലോയ്ക്ക് വെറും 299 രൂപ മാത്രം. പ്രമുഖ വാണിജ്യ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും ഓര്‍ഡര്‍ ചെയ്യാനും മേളയില്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. അലങ്കാര വസ്തുക്കള്‍, ഗൃഹോപകരണങ്ങള്‍, കായികോപകരണങ്ങള്‍ തുടങ്ങിയവയും മേളയില്‍ ലഭ്യമാണ്. കുട്ടികളുടെ പാര്‍ക്ക്, ചിത്രപ്രദര്‍ശനം, കാര്‍ഷിക വിളകളുടെ പ്രദര്‍ശനവും വിപണനവുമെല്ലാം മേളയെ സജീവമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: