പത്തനംതിട്ട: റബര്‍ഷീറ്റ് മോഷ്ടിക്കാനെത്തിയ ഡിവൈഎഫ്ഐ സംഘത്തെ പിടികൂടിയ ഗ്രാമപഞ്ചായത്ത് അംഗത്തെ സിപിഎമ്മുകാര്‍ മര്‍ദ്ദിച്ചു.
ഓമല്ലൂര്‍ രണ്ടാം വാര്‍ഡ് ഐമാലി വെസ്റ്റിലെ മെമ്പറും ബിജെപി ഓമല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ അഭിലാഷിനാണ് മര്‍ദ്ദനമേറ്റത്. അഭിലാഷ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം. ഐമാലി വഴിയമ്പലത്തിന് സമീപം ഗംഗാധരന്‍നായരുടെ വീട്ടില്‍ റബര്‍ഷീറ്റ് മോഷണം നടത്തുന്നതിനിടെ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ മെമ്പറുടെ നേതൃത്വത്തില്‍ പിടികൂടി പോലീസിന് കൈമാറിയിരുന്നു. മോഷണത്തിനായി ഇവര്‍ വന്ന ബൈക്ക് കൊണ്ടുപോകുവാന്‍ പിന്നീട് സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി. പോലീസിന്റെ സാന്നിദ്ധ്യത്തില്‍ മാത്രമേ ബൈക്ക് കൊണ്ടുപോകാന്‍ അനുവദിക്കൂഎന്ന് പറഞ്ഞതിനെത്തുടര്‍ന്ന് സംഘര്‍ഷത്തിലേക്ക് നീങ്ങുകയും അഭിലാഷിന് മര്‍ദ്ദനമേല്‍ക്കുകയുമായിരുന്നു.
ഈ മേഖലയില്‍ കുറേ നാളുകളായി മോഷണം സ്ഥിരം സംഭവമായി മാറിയിട്ടുണ്ട്. ഇതിന് സമീപമുള്ള വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസം അഞ്ച് റബര്‍ഷീറ്റ് മോഷണം പോയിരുന്നു. ഇവിടെയുള്ള മൈക്ക്സെറ്റ് കടയില്‍ നിന്നും ആംപ്ലിഫെയര്‍ മോഷണം പോയതും കഴിഞ്ദിവസമാണ്. ഇതുസംബന്ധിച്ച് പത്തനംതിട്ട പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രദേശത്ത് അരങ്ങേറുന്ന മോഷണ പരമ്പരയ്ക്ക് ഡിവൈഎഫ്ഐ പ്രാദേശിക നേതാവിന്റെ ഒത്താശയുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ഓമല്ലൂര്‍ പഞ്ചായത്തംഗവും ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയുമായ അഭിലാഷിനെ മര്‍ദ്ദിച്ചതില്‍ ബിജെപി ഓമല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ സമരപരിപാടികള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. പ്രസിഡന്റ് രവീന്ദ്രവര്‍മ്മ അംബാനിലയത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ടി.വി.അഭിലാഷ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കൃഷ്ണന്കുട്ടിനായര്, വൈസ് പ്രസിഡന്റ് വിശ്വനാഥന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: