ചാലക്കുടി: മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് വൃദ്ധനെ കാറിടിച്ചും വെട്ടിയും കൊലപ്പെടുത്താന്‍ ശ്രമം. കൊലപാതകം നടത്താന്‍ ശ്രമിച്ചയാള്‍ തീ കൊളുത്തി ആത്മഹത്യക്കും ശ്രമിച്ചു. പടിഞ്ഞാറെ ചാലക്കുടി മാത്യൂ നഗറില്‍ കണിച്ചായി ജോര്‍ജ്ജിനെ(69)യാണ് ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ ചാലക്കുടി റെയില്‍വെ മേല്‍പ്പാലത്തിന് സമീപത്ത് വെച്ച് കാറിടിച്ചും,വെട്ടിയും കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
ജോര്‍ജ്ജിനെ കൊലപ്പെടുത്തുവാന്‍ ശ്രമിച്ച ചൗക്ക തച്ചുപറമ്പില്‍ ജോയി സ്വയം തീ കൊളുത്തി ആത്മഹത്യക്കും ശ്രമിച്ചു. സംഭവം കണ്ട് പിടിച്ചു മാറ്റാന്‍ ചെന്ന പറമ്പിക്കാട്ടില്‍ ഷണ്മുഖനും പരിക്കേറ്റു. വെട്ടേറ്റ ജോര്‍ജ്ജിനേയും, ഷണ്‍മുഖനേയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആത്മഹത്യക്ക് ശ്രമിച്ച ജോയിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വീട്ടില്‍ നിന്ന് സ്ക്കൂട്ടറില്‍ പള്ളിയിലേക്ക് പോകുമ്പോള്‍ പടിഞ്ഞാറെ ചാലക്കുടി എസ്എന്‍ഡിപി ഓഫീസിന് സമീപം മേല്‍പ്പാലം കയറുമ്പോള്‍ കാറില്‍ വന്ന ജോയി സ്ക്കൂട്ടറില്‍ ഇടിച്ച് വീഴുത്തകയും കാറില്‍ കരുതിയിരുന്ന വെട്ടു കത്തി ഉപയോഗിച്ച് തലക്കും കൈക്കും മാരകമായി വെട്ടി മുറിവേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് കാറില്‍ കൊണ്ടു വന്ന് പെട്രോള്‍ ദേഹത്ത് ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു വെന്ന് പോലീസ് പറയുന്നു.സംഭവത്തെ തുടര്‍ന്ന് ഡിവൈഎസ്പി പി.വാഹിദ്,സര്‍ക്കിള്‍ ഇന്‍സ്പെകടര്‍ എം.കെ.കൃഷ്ണന്,എസ്.ഐ.ജയേഷ് ബാലന് എന്നിവര്‍ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.സയന്റിഫിക് അസിസ്റ്റന്റ് രാജേഷും സ്ഥലത്തെത്തി പരിശോധന നടത്തി.
മുപ്പത് വര്‍ഷം മുന്‍പ് നടന്ന സംഭവത്തിന്റെ പ്രതികാരം തീര്‍ക്കുകയായിരുന്നു കൊലപാതക ശ്രമത്തിലൂടെ ജോയി. തന്നെ മോഷ്ടാവാക്കിയതിലുള്ള പക കഴിഞ്ഞ മുപ്പത് വര്‍ഷം മനസില്‍ കൊണ്ടു നടക്കുകയായിരുന്നു. ജോര്‍ജ്ജ് ചാലക്കുടി റെയില്‍വെ മേല്‍പ്പാലത്തിന് സമീപത്തായി മരകമ്പനി നടത്തിയിരുന്നു. അവിടുത്തെ ജീവനക്കാരനായിരുന്നു ജോയി.കമ്പനിയില്‍ നിന്ന് സാധനങ്ങള്‍ മോഷണം പോയതുമായി ബന്ധപ്പെട്ട് ജോയിക്കെതിരെ ജോര്‍ജ്ജ് അന്ന് പരാതി നല്‍കിയിരുന്നു. മുപ്പത് വര്‍ഷത്തിനുശേഷം അതിന്റെ പ്രതികാരമായാണ് ജോയ് ജോര്‍ജ്ജിനെ ആക്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: