പന്തളം: നിരീശ്വരവാദികളാണ് ശബരിമലയിലുള്‍പ്പെടെ ക്ഷേത്രാചാരങ്ങള്‍ നിശ്ചയിക്കുന്നതെന്നും മറ്റു മതങ്ങളിലെ അനാചാരങ്ങളേക്കുറിച്ച് അവര്‍ മിണ്ടുന്നില്ലെന്നും .ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്ശന് പറഞ്ഞു. ഹിന്ദു ഐക്യവേദി അടൂര്‍ താലൂക്ക് പഠന ശിബിരം പന്തളം വ്യാസ വിദ്യാപീഠത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചരിത്രം വളച്ചൊടിച്ചാണ് നമ്മെ പഠിപ്പിക്കുന്നത്.
ഹിന്ദു സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഹിന്ദു ഐക്യവേദി മുന്നിട്ടിറങ്ങണം. ഹിന്ദു സമൂഹത്തിലെ അജ്ഞത മാറണം.
ഇതിനെതിരെ സമൂഹത്തെ ബോധവല്‍ക്കരിക്കേണ്ട കടമ ഹിന്ദുഐക്യവേദി ഏറ്റെടുക്കണം. കാവി രാഷ്ട്രത്തിന്റേതാണ്. ധര്‍മ്മത്തിന്റെ പ്രതീകമായ കാവി അധര്‍മ്മത്തെ ഇല്ലായ്മ ചെയ്യുന്നതിന്റെ പ്രതീകമാണ്. ശ്രീരാമനും ശ്രീകൃഷ്ണനും ധര്‍മ്മയുദ്ധം നയിച്ചത് കാവി പതാകയേന്തിയാണ്.
ഇഎംഎസ് തന്റെ പുസ്തകങ്ങളില്‍ ശ്രീനാരായണ ഗുരുദേവനെ വളരെ മോശമായാണ് വിശേഷിപ്പിക്കുന്നത്. ഇപ്പോഴവര്‍ ഗുരുദേവനെ കഴുത്തില്‍ കയറിട്ടു വലിക്കുന്നതോടൊപ്പം സദ്ദാം ഹുസൈന്, ചെഗുവേര തുടങ്ങിയവര്‍ക്കു സമാനനായി കൊണ്ടുനടന്ന് അവഹേളിക്കുകയാണ്. ധര്‍മ്മത്തേക്കുറിച്ചുള്ള അജ്ഞതയാണ് ഗുരുതരമായ പ്രശ്നം. ധര്മ്മത്തേക്കുറിച്ചു പഠിക്കാത്തതുകൊണ്ടാണ് നമ്മുടെ പെണ്മക്കള് തങ്ങളെ പോറ്റിവളര്‍ത്തിയ മാതാപിതാക്കളെയും കുടുംബത്തെയുമുപേക്ഷിച്ച് ലൗ ജിഹാദിലും മറ്റും വീണ് മതംമാറിപ്പോകുന്നത്. ഇന്ന് ക്ഷേത്രങ്ങളില്‍ നടക്കുന്നത് സപ്താഹ ജ്ഞാനയജ്ഞങ്ങളല്ല ആചാര്യന്റെ ഇഷ്ടമനുസരിച്ചുള്ള സപ്താഹയജ്ഞങ്ങളാണ്. അതുകൊണ്ട് ഓരോ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകനും ധര്മ്മപ്രചാരകനാകണം.
എല്ലാ മതങ്ങളെയും നെഞ്ചോടു ചേര്‍ത്തുവച്ചു പാലുകൊടുത്ത നാടാണ് ഭാരതം. എന്നാലിന്ന് ഒരു നേരത്തെ ആഹാരത്തിനു പാടുപെടുന്ന ഹിന്ദുവിനെ മാറ്റി നിര്‍ത്തി 4 നേരം മൃഷ്ടാന്നത്തിനു പ്രയാസമില്ലാത്തവര്‍ക്ക് ന്യൂനപക്ഷമെന്ന പേരില്‍ സ്കോളര്‍ഷിപ്പു നല്കുന്നു. ഇതേ വിവേചനമാണ് വിധവാ പെന്‍ഷന്റെ കാര്യത്തിലും. ഈ വിവേചനങ്ങള്‍ മാറ്റി എല്ലാവരെയും ഒന്നായിക്കണ്ട് നീതി നടപ്പാക്കണം. ക്ഷേത്രങ്ങളില്‍ കൊടിമരങ്ങള്‍ക്കു സ്വര്‍ണ്ണം പൂശുമ്പോള്‍, വിവാഹത്തിനു പണമില്ലാതെ നില്ക്കുന്ന തൊട്ടടുത്തുള്ള നിര്‍ദ്ധനയായ ഹിന്ദു പെണ്‍കുട്ടിയുടെ വിവാഹത്തിനും നാം സഹായിക്കണം. അന്ത്യജനും അഗ്രജനും എന്ന ഭേദമില്ലാതാക്കാനും ജാതി രഹിതമായ ഒരു ഹിന്ദു സമൂഹത്തിനായുമാണ് ഓരോ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകനും പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
താലൂക്ക് സമിതി പ്രസിഡന്റ് ശിവരാമപിള്ള അദ്ധ്യക്ഷനായിരുന്നു. ജില്ലാ ജന. സെക്രട്ടറി അഡ്വ. നരേന്ദ്രനാഥ്, ജില്ലാ സെക്രട്ടറി അനില്‍ ഏഴംകുളം, ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് ബി. സുരേഷ്, ഐക്യവേദി താലൂക്ക് വര്‍ക്കിംഗ് പ്രസിഡന്റ് ശശിധരന്, സെക്രട്ടറി ഡോ. അശ്വിന്‍രാജ്, ട്രഷറര്‍ അരുണ്‍കുമാര്‍, സമിതിയംഗം ജയദേവ് എന്നിവര്‍ ശിബിരം നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: