മുളങ്കുന്നത്തുകാവ്: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കുട്ടികളുടെ ഐസിയു വില്‍ തീപടര്‍ന്നു. നവജാത ശിശുവിന് പൊള്ളലേറ്റു. സംഭവത്തില്‍ ശിശുരോഗവിഭാഗം മേധാവിയോട് റിപ്പോര്‍ട്ട് തേടി. വെള്ളിയാഴ്ച അര്‍ദ്ധരാത്രി 12നാണ് സംഭവം.
ഷോട്ട്സര്‍ക്യൂട്ടാണ് തീപടരാന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സുമാരുടെ അവസരോചിതമായ ഇടപെടല്‍ മൂലം വന്‍ അപകടത്തില്‍ നിന്നും കുട്ടി രക്ഷപ്പെടുകയായിരുന്നു. പ്രസവാനന്തരം വളര്‍ച്ച കുറവുകണ്ടതിനെത്തുടര്ന്ന് കുഞ്ഞ് വെന്റിലേറ്ററില്‍ ചികിത്സിയിലായിരുന്നു. ചില്ല് കൂടിനുള്ളില്‍ ലൈറ്റിന്റെ ചൂടില്‍ കഴിയുകയായിരുന്ന കുഞ്ഞിന് സമീപം അമ്മയും ഉണ്ടായിരുന്നു. ലൈറ്റിന് മുകളില്‍ ആരോ ഇട്ടിരുന്ന നനഞ്ഞ തുണി ഉണങ്ങി തീപിടിക്കുകയായിരുന്നു. കിടക്ക കത്തി പുകയും തീയും കണ്ട അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ നേഴസ് കുഞ്ഞിനെ വാരിയെടുത്ത് പുറത്തേക്ക് ഓടുകയായിരുന്നു.
ശിശുവിന്റെ നില ഗുരുതരമാണ്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊള്ളലേറ്റിട്ടുണ്ട്. ചങ്ങരംകുളം പ്ലാവളപ്പില്‍ അജിത്തിന്റേയും രതിയുടേയും മൂന്നാമത്തെ മകനാണ്. വാര്‍ഡില്‍ പുകനിറഞ്ഞത് മറ്റുകുട്ടികള്‍ക്ക് അസ്വസ്ഥതയുണ്ടാക്കി.
വര്‍ഷങ്ങള്‍ പഴക്കമുള്ള ഗുണനിലവാരം കുറഞ്ഞ വയറിംഗാണ് ആശുപത്രിയിലേത്. റീ വയറിംഗ് നടത്താന്‍ തയ്യാറാവാത്തതു മൂലം പലയിടത്തും ലൈറ്റുകള്‍ കത്തുന്നില്ല. കുഞ്ഞിനെ രക്ഷപ്പെടുത്തിയ നേഴ്സിനെ ആശുപത്രി അധികൃതരും നാട്ടുകാരും അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: