കടല്‍ ജീവികളുടെ ഏറ്റവും വലിയ ഭീഷണി മീന്‍പിടുത്ത കപ്പലുകളിലെ കൊലയാളി വലകളാണ്. അകപ്പെട്ടാല്‍ ഒരിക്കലും രക്ഷപെടാനാവാത്ത കെണി. പക്ഷെ, റോസ് കടലിലെ കോടാനുകോടി ജീവികള്‍ ഭാഗ്യം ചെയ്തവരാണ്. 2016 നവംബര്‍ മാസത്തില്‍ അവര്‍ക്കൊരു വരം കിട്ടി. അവരെ കൊല്ലാനും തില്ലാനും ആരും ഇനി വരില്ല. ഇഷ്ടം പോലെ തുള്ളിക്കളിക്കാം പെറ്റുപെരുകാം. ജൈവവൈവിധ്യം ആഘോഷിക്കാം. പക്ഷെ, ഈ മഹാവരത്തിന്റെ കാലാവധി 35 വര്‍ഷം മാത്രം.
അങ്ങകലെ അന്റാര്‍ട്ടിക് സമുദ്രത്തിന്റെ വിദൂരതയില്‍ മഞ്ഞുമൂടിക്കിടക്കുന്ന കടലാണ് റോസ് കടല്‍. ദക്ഷിണധ്രുവത്തില്‍ നിന്ന് കഷ്ടിച്ച് 300 കിലോമീറ്റര്‍ മാത്രം അകലെയാണ് റോസ്കടലിന്റെ തുടക്കം. എണ്ണിയാലൊടുങ്ങാത്ത ജീവജാലങ്ങളുടെ അഭയകേന്ദ്രമാണവിടം. ‘മനുഷ്യസ്പര്‍ശം ഏല്‍ക്കാത്ത കടലെന്നും’ ലാസ്റ്റ് ഓഷ്യനെന്നും ഈ കടലിനെ വിശേഷിപ്പിക്കാം. പക്ഷെ മനുഷ്യ നിര്‍മിത കപ്പലുകളുടെ അമിതമായ സ്പര്‍ശം മൂലം ജീവികള്‍ മുച്ചൂടും മുടിയുമെന്നതാണവസ്ഥ. അപ്പോഴാണ് കൊലയാളികളെ ഭയക്കാതെ ജീവിക്കാമെന്ന വരം തുണയാവുന്നത്.
ദക്ഷിണധ്രുവത്തോട് ചേര്‍ന്നുകിടക്കുന്ന റോസ് കടല്‍ അത്ഭുതകരമായ ജൈവവൈവിധ്യത്തിന്റെ കേളീരംഗമാണ്. അവിടെ ഏതാണ്ട് 16000ത്തില്‍ പരം ജീവി വര്‍ഗങ്ങള്‍ ജനിച്ചുജീവിച്ച് മരിക്കുന്നുവെന്ന് ശാസ്ത്രമതം. പലജാതി പെന്‍ഗ്വിനുകള്‍, നീല്‍ മത്സ്യം, തിമിംഗലം തുടങ്ങി സൂക്ഷ്മ ജീവികള്‍ വരെ. ജനിച്ച് പൂര്‍ണവളര്‍ച്ചയെടുക്കാന്‍ ചുരുങ്ങിയത് എട്ടുവര്‍ഷം വരെ വേണ്ടിവരുന്ന ടൂത്ത് ഫിഷ് എന്ന അപൂര്‍വ്വ മത്സ്യത്തിന്റെ ആസ്ഥാനവും റോസ് കടല്‍ തന്നെ.
അപൂര്‍വ്വ മത്സ്യസമ്പത്തിന്റെ ആവാസ കേന്ദ്രമായതുകൊണ്ടാവണം കുത്തക രാജ്യങ്ങളുടെ കൂറ്റന്‍ മത്സ്യബന്ധനയാനങ്ങള്‍ റോസ് കടലിന്റെ തലങ്ങും വിലങ്ങും പാഞ്ഞ് നടന്ന് മീന്‍ കോരിയത്. ഒരു രാജ്യത്തിനും പ്രത്യേക അവകാശമില്ലാത്ത അന്തര്‍ദേശീയ സമുദ്രമാണ് റോസ് കടലെന്നത് അത്തരക്കാര്‍ക്ക് ആവേശം പകരുന്നു. അങ്ങനെയാണ് അവിടുത്തെ ജൈവവൈവിധ്യം പാടെ തകരാറിലായത്.
തുടര്‍ന്ന് അന്റാര്‍ട്ടിക് മേഖലയുമായി ബന്ധപ്പെട്ട രാജ്യങ്ങളിലെ ശാസ്ത്രലോകം ഉണര്‍ന്ന് പ്രവര്‍ച്ചു. അവര്‍ തങ്ങളുടെ രാഷ്ട്രത്തലവന്മാരേയും അന്താരാഷ്ട്ര സംഘടനകളേയും ബോധവത്കരിച്ചു. റോസ് കടലില്‍ ഒരു സംരക്ഷിത സമുദ്രം എന്ന ആശയവുമായി അമേരിക്കയും ന്യൂസിലാന്റും മുന്നോട്ടുവന്നു. പക്ഷെ, മീന്‍പിടിക്കുന്നതിന് മാത്രം പ്രാധാന്യം നല്കിയ ചൈനയും റഷ്യയും ഈ ആശയത്തെ എതിര്‍ത്തു. അമേരിക്കയും യൂറോപ്യന്‍ യൂണിയനുമടക്കം 25 രാജ്യങ്ങള്‍ ചേര്‍ന്ന ‘കമ്മീഷന് ഫോര്‍ ദ കണ്‍സര്‍വേഷന്‍ ഓഫ് അന്റാര്‍ട്ടിക്ക് മറൈന്‍ ലിവിങ് റിസോഴ്സസ്’ അഞ്ചുവര്‍ഷം ചര്‍ച്ച തുടര്‍ന്നു.
എതിര്‍ത്തവര്‍ മനസ്സില്ലാ മനസ്സോടെ സമ്മതം മൂളാനെടുത്തത് അഞ്ചുവര്‍ഷം. അതോടെ പതിനഞ്ച് ലക്ഷം ചതുരശ്രകിലോമീറ്റര്‍ റോസ് കടല്‍ ഇനി സംരക്ഷിത മേഖല. അതില്‍ 11 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ കടലില്‍ മീന്‍പിടുത്തം പാടില്ല. പക്ഷെ ഇതൊക്കെ വെറും 35 വര്‍ഷത്തേക്ക് മാത്രം. അരനൂറ്റാണ്ട് കാലത്തേക്ക് റോസ് കടലിനെ സംരക്ഷിത സമുദ്രമാക്കാനായിരുന്നു നീക്കം. പക്ഷെ റഷ്യയുടെ എതിര്‍പ്പുമൂലമാണ് 15 വര്‍ഷം കുറച്ചതെന്ന് ഗാര്ഡിയന് പത്രം എഴുതി.
ആസ്ട്രേലിയയിലെ ഹൊബാര്ട്ടില് നടന്ന ‘കമ്മീഷന് ഫോര്‍ ദ കണ്‍സര്‍വേഷന്‍ ഓഫ് അന്റാര്‍ട്ടിക്ക് മറൈന്‍ ലിവിങ് റിസോഴ്സസി’ന്റെ വാര്‍ഷിക സമ്മേളനത്തില്‍ വച്ചായിരുന്നു ലോകത്തിലെ ഏറ്റവും വലിയ സംരക്ഷിത സമുദ്രമായി റോസ് കടലിനെ പ്രഖ്യാപിച്ചത്.
കാലാവധി കുറവാണെങ്കിലും ലോക സമുദ്രത്തിന്റെ 30 ശതമാനമെങ്കിലും സംരക്ഷിത മേഖലയായി പരിഗണിക്കണമെന്നുള്ള ഇന്റര്‍നാഷണല്‍ യൂണിയന് ഫോര്‍ ദ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെ നിര്‍ദ്ദേശം സാക്ഷാത്കരിക്കുന്നതിലേക്കുള്ള ആദ്യ കാല്‍വയ്പ്പാണ് റോസ്കടല്‍ പ്രഖ്യാപനം.
റോസ്കടല്‍ ഉള്‍പ്പെടുന്ന തെക്കന്‍ കടല്‍ മേഖലയാണ് ലോകസമുദ്രത്തിലെ ജലജീവിവര്‍ഗത്തെയാകെ താങ്ങിനിര്‍ത്തുന്നതിനാവശ്യമായ പോഷകങ്ങളുടെ മുക്കാല്‍ പങ്കും ഉത്പാദിപ്പിക്കപ്പെടുന്നത്. കടല്‍ ജലം ഏറെ പോഷകസമൃദ്ധമായതിനാല്‍ അസംഖ്യം പ്ലവകങ്ങളും മറ്റുചെറു ജീവികളും അവിടെ സമൃദ്ധം. ആ ഭക്ഷണസമൃദ്ധി തന്നെയാണ് ജീവി വര്‍ഗ്ഗത്തെ അവിടേക്ക് ആകര്‍ഷിക്കുന്നതും. ഈ മേഖലയിലൂടെ ധ്രുവപര്യവേഷണത്തിനെത്തിയ ബ്രിട്ടീഷ് സാഹസികനായ ജയിംസ് ക്ലാര്‍ക്ക് റോസിന്റെ സ്മരണയിലാണ് സമുദ്രത്തിന് റോസ് കടല്‍ എന്ന പേര് ലഭിച്ചത്. എച്ച് എം എസ് റീബസ്, എച്ച് എം എസ് ടെറര്‍ എന്ന രണ്ടു കപ്പലുകളുമായി റോസ് ഇവിടെയെത്തിയത് 1841 ജനുവരി അഞ്ചിനെന്ന് ചരിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: