പന്തളം: കുറുന്തോട്ടയം പുതിയ പാലത്തിന്റെ ഉദ്ഘാടനം ഇടതു മുന്നണിയുടെ ചടങ്ങാക്കിമാറ്റിയതില് വ്യാപക പ്രതിഷേധം. പുതിയപാലമെന്ന ആവശ്യം ഉന്നയിച്ച് പ്രക്ഷോഭത്തിന് നേതൃത്വം നല്കിയ ജനകീയ വികസന സമിതിയുടെ ഭാരവാഹികളേപ്പോലും ഉദ്ഘാടന ചടങ്ങില്‍ നിന്നും ഒഴിവാക്കി. എംസി റോഡില്‍ മുട്ടാര്‍ നീര്‍ച്ചാലിനു കുറുകെയുണ്ടായിരുന്ന 70 വര്‍ഷത്തോളം പഴക്കമുണ്ടായിരുന്ന ഇടുങ്ങിയപാലമാണ് പുനര്‍നിര്‍മ്മിച്ചത്. പന്തളം ജംങ്ഷനില്‍ ഗുരുതരമായ ഗതാഗതക്കുരുക്കിന് കാരണമായിരുന്ന ചെറിയപാലം വീതി കൂട്ടാനോ പൊളിച്ചു പണിയാനോ ഉള്ള നടപടിയെടുക്കാന്‍ ആരും തയ്യാറായില്ല. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ യും കുറുന്തോട്ടയത്തെ പ്രശ്നങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയായിരുന്നു. ഈ സാഹചര്യത്തലാണ് കെ.ആര്. രവി ജന. കണ്‍വീനറും, കെ.പി. ചന്ദ്രശേഖരക്കുറുപ്പ് ചെയര്‍മാനുമായി പന്തളം ജനകീയ വികസന സമിതി രൂപീകരിച്ച്, 2013 മെയ് 5ന് കവലയില്‍ പാലത്തിനു സമീപം പന്തല്‍ കെട്ടി അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചത്.
സമരത്തിനെതിരെ കോണ്‍ഗ്രസ്സും സിപിഎമ്മും പ്രവര്‍ത്തിച്ചെങ്കിലും ബിജെപി ഉള്‍പ്പെടെയുള്ള മറ്റു പാര്‍ട്ടികളും സന്നദ്ധ സംഘടനകളും ഒന്നടങ്കം സമരത്തില്‍ പങ്കുചേര്‍ന്നു. സമരം ആരംഭച്ചതിനു ശേഷമാണ് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പാലം പുതുക്കിപ്പണിയണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ സബ്മിഷനുന്നയിച്ചത്. എന്നാല്‍ സര്‍ക്കാര്‍ അനുകൂല നടപടികളെടുത്തില്ല. തുടര്‍ന്ന് ജനകീയ വികസന സമിതി നേതാക്കള്‍ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡംഗവും പന്തളം യൂണിയന് പ്രസിഡന്റുമായ പന്തളം ശിവന്‍കുട്ടിയെ സമീപിക്കുകയും അദ്ദേഹത്തോടൊപ്പം ചങ്ങനാശ്ശേരിയില്‍ എന്‍എസ്എസ് ആസ്ഥാനത്തു പോയി ജന. സെക്രട്ടറി ജി. സുകുമാരന്‍ നായരെ കാണുകയും കാര്യങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു. എന്‍എസ്എസ് ജന. സെക്രട്ടറിയുടെ പ്രത്യേക താല്പര്യമാണ് പാലംപണി തുടങ്ങാനുള്ള കാരണമെന്ന് റാന്നിയില്‍ നടന്ന ഒരു പൊതുപരിപാടിയല്‍ പാലംപണി പ്രഖ്യാപിച്ച മന്ത്രി ഇബ്രാഹിം കുഞ്ഞ് പറയുകയും ചെയ്തു.
പണി പൂര്‍ത്തിയായ പുതിയ പാലത്തിന്റെ ഉദ്ഘാടനം ഇക്കഴിഞ്ഞ 15ന് മന്ത്രി ജി. സുധാകരന് നിര്‍വ്വഹിച്ചു. എന്നാല്‍ ഉദ്ഘാടന ചടങ്ങ് പന്തളത്തെ ജനങ്ങളെ അവഹേളിക്കുന്നതിനു തുല്യമായിരുന്നു. പാലത്തിനു വേണ്ടി പ്രവര്‍ത്തിച്ച കെ.പി. ചന്ദ്രശേഖരക്കുറുപ്പ് ഉള്‍പ്പെടെയുള്ള ജനകീയ വികസന സമിതി നേതാക്കളെയോ, എന്‍എസ്എസ് നേതാക്കളേയോ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചില്ല. അന്ന് സമരത്തിനെതിരേ പ്രവര്‍ത്തിച്ച സിപിഎം നേതാക്കളും സിപിഐയുടെ പ്രവര്‍ത്തകരുമുള്‍പ്പെടെയുള്ളവര്‍ ഉദ്ഘാടനവേദി കൈയ്യടക്കിയപ്പോള്‍ പാലത്തോടു ചേര്‍ന്നു കിടക്കുന്ന ഡിവിഷനിലെ കൗണ്‍സിലര്‍ യുഡിഎഫ്കാരനായതിനാല് അദ്ദേഹത്തെയും ചിറ്റയം ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘാടകര്‍ ഒഴിവാക്കി. അദ്ധ്യക്ഷനായിരുന്ന ചിറ്റയം ഗോപകുമാര്‍ പാലം പുനര്‍ നിര്‍മ്മിച്ചത് തന്റെ ശ്രമഫലമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: