തൃശൂര്‍: ചോദ്യം ചെയ്യലിന്റെ പേരില്‍ പോലീസ് പീഡിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ച് വടക്കാഞ്ചേരി കൂട്ടബലാത്സംഗത്തിന് ഇരയായ വീട്ടമ്മ വടക്കാഞ്ചേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്കി.
പോലീസ് കേസന്വേഷണം അട്ടിമറിക്കുയാണെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ വേണം കേസന്വേഷണം നടത്തേണ്ടത് എന്നും കാണിച്ച് വീട്ടമ്മ നേരത്തെ നല്കിയ പരാതി കോടതി അംഗീകരിക്കുകയും കോടതി നീരീക്ഷണത്തില്‍ കേസന്വേഷിക്കണമെന്ന് അന്വേഷണഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതുവരെ ഒന്‍പത് തവണയാണ് പരാതിക്കാരിയെ പോലീസ് ചോദ്യം ചെയ്തത്.
എന്നാല്‍ ഇതുവരെ പ്രതിയായ സി.പി.എം നേതാവ് ജയന്തനേയും കൂട്ടാളികളേയും ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണെന്ന കോടതി ഉത്തരവ് വന്നശേഷം ഇക്കഴിഞ്ഞ അഞ്ചിന് വീട്ടമ്മയുടെ ഭര്‍ത്താവിനെ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസില്‍ വിളിച്ചുവരുത്തി രാവിലെ പതിനൊന്ന് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ ചോദ്യം ചെയ്തിരുന്നു.
ഇതിന് ശേഷം ഇന്നലെ വീണ്ടും ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാവശ്യപ്പെട്ട് പോലീസ് അറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് യുവതി വീണ്ടും കോടതിയെ സമീപിച്ചത്. യുവതി പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നവംബര്‍ 7,8,9 തിയ്യതികളില്‍ അന്വേഷണസംഘം കൊച്ചിയില്‍ ദിവസവും തുടര്‍ച്ചയായി 13 മണിക്കൂര്‍ അവരെ ചോദ്യം ചെയ്തിരുന്നു.
ചോദ്യം ചെയ്യല്‍ വീഡിയോയില്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു. യുവതിയെക്കൊണ്ട് മൊഴി മാറ്റിപ്പറയുക്കുന്നതിനാണ് പോലീസ് അടിക്കടി ചോദ്യം ചെയ്യുന്നതെന്നാണ് ആക്ഷേപം. ഇതിന് പുറമേ യുവതി ഇപ്പോള്‍ താമസിക്കുന്ന എറണാകുളത്തെ ഫല്‍റ്റിന് സമീപത്തുള്ള വീടുകളിലെത്തി പോലീസ് യുവതിയെക്കുറിച്ച് അന്വേഷിക്കുകയും മോശം പ്രചരണം നടത്തുകയും വാടകവീടിന്റെ കരാര്‍ എടുത്തുകൊണ്ടുപോയതായും കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. പരാതിയില്‍ ഇന്ന് വാദം കേള്‍ക്കും. അഡ്വ.സി.ആര് ജെയ്സണ്‍, അഡ്വ. ടി.എസ് മായാദാസ്, അഡ്വ. സോജന് എന്നിവര്‍ യുവതിക്ക് വേണ്ടി ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: