തൃശൂര്‍: ചിക്കന്‍ പോക്സിന് ഫലപ്രദമായ ചികിത്സ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സുഹിത അറിയിച്ചു. ചിക്കന്‍പോക്സ് സാധാരണ മാരകമാകാറില്ലെങ്കിലും മറ്റ് അസുഖങ്ങള്‍ നേരത്തെയുളളവരില് ചിലപ്പോള്‍ സങ്കീര്‍ണ്ണമാകാറുണ്ട്. ജില്ലയില്‍ പലയിടത്തുനിന്നും ചിക്കന്‍ പോക്സ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഡി.എം.ഒ.യുടെ മുന്നറിയിപ്പ്.
അസുഖം ബാധിച്ചവര്‍ വിദഗ്ധ ചികിത്സ തേടേണ്ടതാണ്. ചിക്കന്‍ പോക്സിന്റെ ചികിത്സക്കാവശ്യമായ അസൈക്ലോവിര്‍ എന്ന മരുന്ന് സാമുഹികാരോഗ്യ കേന്ദ്രങ്ങള്‍ വരെയുളള സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാണ്. കൃത്യമായ ചികിത്സയിലുടെ അസുഖം പൂര്‍ണ്ണമായി ഭേദമാക്കാനും ശരീരത്തില്‍ വ്യാപകമായി കുമിളകള്‍ പൊന്തുന്നത് ഒഴിവാക്കാനും സാധിക്കും. കൂടാതെ ശരീരത്തിലെ അണുക്കളുടെ എണ്ണം പെട്ടെന്ന് കുറയുന്നതിനാല്‍ അസുഖം മറ്റുളളവരിലേക്ക് പകരുന്നതും തടയാന്‍ കഴിയും.
ചിക്കന്‍പോക്സ് ബാധിച്ചവര്‍ പൂര്‍ണ്ണമായും വിശ്രമിക്കുകയും ധാരാളം പാനീയങ്ങള്‍ കുടിക്കുകയും പഴങ്ങള്‍ കഴിക്കുകയും വേണം. മറ്റ് ഭക്ഷണ നിയന്ത്രണങ്ങളൊന്നും ആവശ്യമില്ലെന്നും മറ്റുളളവരുമായുളള സമ്പര്‍ക്കം കഴിവതും ഒഴിവാക്കണമെന്നും ഡി.എം.ഒ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: