തിരുവല്ല: നഗരസഭയുടെ ഉടമസ്ഥതയിലുളള കാവുംഭാഗം ജംഗ്ഷന് സമീപത്തെ പൊതുക്കിണറില്‍ രാത്രിയുടെ മറവില്‍ സാമൂഹ്യ വിരുദ്ധര്‍ മാലിന്യം തളളി. പ്ലാസ്റ്റിക് കവറിലാക്കി കെട്ടിയ നിലയില്‍ കിണറ്റില്‍ മാലിന്യം നിക്ഷേപിച്ചിരിക്കുന്നത് ഇന്നലെ രാവിലെയാണ് ശ്രദ്ധയില്‍ പെട്ടത്. കുട്ടികളുടെ നാപ്കിന് അടക്കമുളളവയും ഇതില്‍പ്പെടും. കാവുംഭാഗം കവലയിലെ തട്ടുകടക്കാര് ഉള്‍പ്പടെയുളള അമ്പതോളം വ്യാപാരികളും സമീപത്തെ വീട്ടുകാരും ഈ കിണറ്റിലെ വെളളമാണ് ഉപയോഗിച്ചിരുന്നത്. കടുത്ത വേനലില്‍ പോലും കുടിവെളളം ലഭിച്ചിരുന്ന കിണറ്റില്‍ നടത്തിയ മാലിന്യ നിക്ഷേപത്തിനെതിരെ പ്രതിക്ഷേധം ശക്തമാണ്. ടി.കെ.റോഡിലും, എം.സി.റോഡിലുമുളള രണ്ട് പൊതുക്കിണറുകളില് സമാനമായ തരത്തില്‍ നടത്തിയ മാലിന്യ നിക്ഷേപം മൂലം ഇവ ഇപ്പോള്‍ ഉപയോഗ്യമല്ലാതായി മാറിയിട്ടുണ്ട്. മാലിന്യ നിക്ഷേപം നടത്തിയ സാമൂഹ്യ വിരുദ്ധരെ കണ്ടെത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കുവാന്‍ പോലീസ് തയാറാകണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: