മലപ്പുറം: വേനല്‍ക്കാലം എത്തുന്നതിന് മുമ്പ് ജില്ലയിലെ ജലസ്രോതസ്സുകളില്‍ ക്രമാതീതമായി ജലനിരപ്പ് താഴുന്നത് ആശങ്കക്ക് കാരണമാകുന്നു.
പ്രധാന നദികളിലെല്ലാം ജലനിരപ്പ് അനുദിനം കുറയുകയാണ്. കേരളത്തിന്റെ തന്നെ ജീവനാഡിയായ ഭാരതപ്പുഴയുടെ അവസ്ഥ വളരെ ദയനീയമാണ്. ഇപ്പോള്‍ വെറും നീര്ചാല് മാത്രമായി മാറിയിരിക്കുകയാണ് നിള. കുടിവെള്ള ക്ഷാമം അനുഭവപ്പെടാന്‍ തുടങ്ങിയതോടെ ജനകീയ പങ്കാളിത്തത്തോടെ വിവിധ സ്ഥലങ്ങളില്‍ തടയണ നിര്‍മ്മാണം സജീവമായി. തുലാവര്‍ഷം കാര്യമായി അനുഗ്രഹിക്കാത്തതാണ് നിലവിലെ പ്രശ്നങ്ങള്‍ക്കാ കാരണം. കടലുണ്ടി, തുതപ്പുഴ, ചാലിയാറിന്റെയും ഭാരതപ്പുഴയുടെയും കൈവഴികള്‍ എന്നിവ തുലമഴയില്‍ സാധാരണ നിറയാറുണ്ട്. ഇതോടെ പുഴയോടടുത്തുകിടക്കുന്ന പ്രദേശങ്ങളിലെ കിണറുകള്‍ ജലസമൃദ്ധിയിലേക്ക് എത്താറായിരുന്നു പതിവ്. പക്ഷേ തുലാവര്‍ഷം ചതിച്ചതോടെ എല്ലാം തകിടം മറിഞ്ഞു. ശുദ്ധജലപദ്ധതികള്‍ പലതും നിലച്ച അവസ്ഥയിലാണ്. നദികളില്‍ അവശേഷിക്കുന്ന വെള്ളമെങ്കിലും ഒഴുകി പോകുന്നത് തടഞ്ഞില്ലെങ്കില്‍ വേനലില്‍ കടുത്ത ദുരിതമനുഭവിക്കേണ്ടി വരുമെന്ന തിരിച്ചറിവാണ് ജനങ്ങളെ തടയണക്കായി രംഗത്തിറങ്ങാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്.
പ്ലാസ്റ്റിക് ചാക്കുകളില്‍ മണല്‍ നിറച്ചാണ് തടയണയുണ്ടാക്കുന്നത്. വെള്ളം താത്ക്കാലികമായി തടഞ്ഞു നിര്‍ത്താന്‍ ഈ സംവിധാനത്തിനാകും. പുഴയോര പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനും നെല്ലുള്‍പ്പെടെയുള്ള കൃഷിക്കും ഇത്തരത്തില്‍ വെള്ളം കെട്ടിനിര്‍ത്തുന്നത് പ്രയോജനപ്പെടും. എന്നാല്‍ മഴ പെയ്തില്ലെങ്കിലും തടയണയിലെ വെള്ളവും വറ്റിപ്പോകും. മാത്രമല്ല, ഒഴുക്ക് തടയപ്പെടുന്നതോടെ വെള്ളം മലിനമാകാനുള്ള സാധ്യതയും കൂടുതലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: