പുതുക്കാട് : ഹരിത കേരളം പദ്ധതിയിലൂടെ മണലിപ്പുഴയ്ക്ക് പുതുജീവന്‍ ലഭിക്കുന്ന നടപടികള്‍ക്ക് വിലങ്ങുതടിയായി പുഴയിലെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളും മാലിന്യങ്ങളും.
ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി പാലം വീതികൂട്ടിയപ്പോള്‍ നിര്‍മ്മാണത്തിനുപയോഗിച്ച കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളും മാലിന്യങ്ങളും അടിഞ്ഞുകൂടിയിരിക്കുകയാണ് പുഴയില്‍. അടിഞ്ഞുകൂടിയ ഈ കോണ്‍ക്രീറ്റ് മാലിന്യങ്ങളും മണ്ണും നീക്കം ചെയ്ത് പുഴ സാധാരണ ഗതിയിലേയ്ക്കാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതി നടപ്പാക്കുമ്പോള്‍ ഏറെ പ്രതീക്ഷയിലായിരുന്നു മണലി പ്രദേശവാസികള്‍. ജില്ലാതല ഉദ്ഘാടനം നടന്ന മണലിപുഴ പദ്ധതിയിലൂടെ കരകയറുമെന്നായിരുന്നു എല്ലാവരുടേയും പ്രതീക്ഷ.
എന്നാല്‍ ദേശീയപാത നവീകരണത്തിന്റെ ഭാഗമായി പണിത കൂറ്റന്‍ തൂണുകളില്‍ തടഞ്ഞ് മണലിയുടെ വഴിയടയുകയാണ്. ഈ പോക്കു പോയാല്‍ എല്ലാം വെറുതെയാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക. പുഴയില്‍ വളര്‍ന്നു നിന്ന പുല്ലും കാടും നീക്കിയപ്പോഴാണ് കളളി പുറത്തറിയുന്നത്. ഇരുവശത്തുമായി അടിഞ്ഞ മണ്ണും മണലും പുഴ കൈയടക്കിയ നിലയിലാണ്. ഇത് എങ്ങനെയും നീക്കാമെന്നുവെച്ചാലും പാലത്തിനടിയില്‍ പുഴയില്‍ സ്ഥാപിച്ച കൂറ്റന്‍ പില്ലറുകള്‍ എന്തു ചെയ്യുമെന്നതാണ് പ്രധാന പ്രശ്നം.
പുതിയ പാലം പണിയുടെ പൈലിങ് നടത്തുന്നതിനായി സ്ഥാപിച്ച തൂണുകള്‍ സാധാരണ ഹിറ്റാച്ചി കൊണ്ട് നീക്കാനാവുന്നതിലും വലുതാണ്. അടിത്തറയും വലിയ ഉറപ്പിലാണ് പണിതിരിക്കുന്നത്. ഇരുവശത്തും പുഴയിലേക്കിറങ്ങി നില്ക്കുന്ന കൂറ്റന്‍ തൂണുകള്മൂലം പുഴ ഗതി മാറിയാണ് ഒഴുകുന്നത്. ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി ഉപയോഗശൂന്യമായ മണ്ണും കല്ലും മറ്റവശിഷ്ടങ്ങളും തള്ളിയിരിക്കുന്നതും പുഴയിലാണ്.
ദേശീയപാതയിലെ മണലി പാലത്തിന് ഇരുവശത്തു നിന്നും പൊടിമണ്ണും കല്ലുകളും പുഴയിലേക്ക് ഇടിഞ്ഞിറങ്ങിക്കിടപ്പാണ്. ഹരിതകേരളത്തിന്റെ ഭാഗമായി പുഴ വൃത്തിയാക്കുന്ന ജോലികള്‍ നടന്നു വരുന്നുണ്ട്. എന്നാല്‍ പുഴയ്ക്ക് ഇരുവശത്തേയും മണ്ണ് നീക്കാതെ മറ്റെന്തു ചെയ്തിട്ടും കാര്യമില്ലാത്ത സ്ഥിതിയാണ്. മുകള്‍ ഭാഗത്ത് വലിയ വീതിയില്‍ പുഴയോരം ഭിത്തികെട്ടി സംരക്ഷിച്ചിട്ടുണ്ടെങ്കിലും പാലത്തിനടി ഭാഗം മുതല്‍ വീതിയില്ലാതെ പുഴ ഞെരുങ്ങിയാണ് ഒഴുകുന്നത്. മണ്ണ് മാറ്റി പുഴയുടെ ഒഴുക്ക് സുഗമമാക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. ഫ്ളോട്ടിങ് ഹിറ്റാച്ചി ഉപയോഗിച്ച് കോരുന്ന മണ്ണ് പുഴയുടെ വശങ്ങളില് കൂട്ടിയിടുകയാണ് ചെയ്യുന്നത്. ഇത് നീക്കംചെയ്യേണ്ടതുമുണ്ട്. പുഴയില്‍ നിന്നെടുക്കുന്ന മണ്ണ് കൊണ്ടു പോകുന്നതിന് കരാറുകാരനേയും തേടുന്നുണ്ട്. പുഴയില്‍ നിന്ന് മണല്‍ നീക്കുന്നതിന് ഇറിഗേഷന്‍ വകുപ്പിന്റെ അനുമതി വേണം. സര്‍ക്കാര്‍ പദ്ധതിയായതിനാല്‍ ഇറിഗേഷന്‍ വകുപ്പിന്റെ അനുമതിയോടെ പഞ്ചായത്താണ് പുഴ ശുചീകരണം നടത്തുന്നത്.
തല്ക്കാലം പുഴയിലെ മണ്ണ് നീക്കുന്നതുള്‍പ്പെടെയുള്ള ജോലികള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നതെന്നും തൂണുകള്‍ നീക്കുന്നതുള്‍പ്പെടെയുള്ള വലിയ ജോലികള്‍ തുടര്‍ഘട്ടത്തില്‍ പരിഗണിക്കുമെന്നും ഇറിഗേഷന്‍ എക്സി. എഞ്ചിനീയര്‍ അജയകുമാര്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: