വിഖ്യാതമായ പനയന്നാര്‍ കാവിനെക്കുറിച്ച് എല്ലാവരും കേട്ടുകാണും. ദര്‍ശന പുണ്യം നേടിയവരും ഉണ്ടാകും. പമ്പാനദിയുടെ വിരിമാറില്‍ വിരിഞ്ഞുനില്ക്കുന്ന പൂവ്പോലെയാണ് ‘പരുമല ദ്വീപ്’. തിരുവല്ലയിലെ കടപ്ര വില്ലേജില്‍ പരുമലയിലാണ് പനയന്നാര്‍ക്കാവ്. ദാരികാവധോദുക്തയായ കണ്ഠേകാളിയുടേതാണ് പ്രതിഷ്ഠ. ഐശ്വര്യ പ്രദായനിയാണ് ഈ അമ്മ.
ഈ അമ്മയ്ക്ക് ഒരു മകളുണ്ട്. ഉഗ്രകോപിയും, ശ്രേഷ്ഠവരദായനിയുമായ മഹാകാളി. പാട്ടമ്പലത്തില്‍ ദേവി. ഈ ദേവി കുടികൊള്ളുന്ന ക്ഷേത്രം മാന്നാറിലാണ്. ചെങ്ങന്നൂര്‍ മാന്നാര്‍ റൂട്ടില്‍ സ്റ്റോര്ജംഗ്ഷന് സമീപം കൊരട്ടിശേരിയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
എല്ലാവര്‍ഷവും മേടമാസത്തിലെ പത്താമുദയമാണ് വിശേഷം. പതിമൂന്നാം ദിവസം അതിശ്രേഷ്ഠവും വിശേഷവുമാണ്. തെക്കന്‍ ക്ഷേത്രങ്ങളിലെന്നപോലെ അന്‍പൊലിവം പ്രധാനമാണ്. നെല്ല്, അവില്, മലര്, അരി പഴം കൊണ്ടുള്ള പറയാണം അന്‍പൊലിവ്. പാമ്പൂര്‍ ഭട്ടതിരിക്കാണ് താന്ത്രികാവകാശം.
ഈ പതിമൂന്നുദിവസങ്ങളിലും ദേവി ദേശങ്ങളില്‍ ചെന്ന് പറയെടുക്കും. വിത്തിടീല്‍ പറ, ചാങ്ങേലോട്ടം പറ, ആറ്റില്‍ചാട്ടം പറ, കോന്നാത്തോട്ടം പറ ബഹുവിശേഷങ്ങളായ ഐതീഹ്യങ്ങളാണ്.
ഹരിജനങ്ങള്‍ നല്കുന്ന പറയ്ക്കാണ് വിത്തിടീല്‍പറ എന്നുപറയുന്നത്. ദേവി മാന്നാര്‍ കുട്ടംബരൂര്‍ എന്ന സ്ഥലത്ത് ചാങ്ങേല്‍ വീട്ടില്‍ പറയെടുത്തപ്പോള്‍ നിരീശ്വരവാദിയായ ഒരു ആഢ്യസ്ത്രീ ദേവിയുടെ ശക്തിയെ വെല്ലുവിളിച്ചു. മടങ്ങിപ്പോയ പറ ഏഴുന്നള്ളിപ്പ് നിനച്ചിരിക്കാതെ പെട്ടെന്നുവന്ന് ഒരുപറകൂടി ചോദിച്ചുവത്രേ! ഇപ്പോഴും ആചാരപ്രകാരം പറയെടുത്തദേവി പെട്ടെന്ന് തിരിച്ചുവന്ന് ചാങ്ങേല്‍ വീട്ടില്‍ നിന്ന് ഒരുപറകൂടി സ്വീകരിക്കുന്നതിനെയാണ് ‘ചാങ്ങേല്‍ ഓട്ടംപറ’ എന്നുവിശേഷിപ്പിക്കുന്നത്.
പതിമൂന്നാം ദിവസത്തെ ആറ്റില്‍ചാട്ടവും, കോന്നാത്ത് ഓട്ടവും ബഹുവിശേഷമാണ്. പതിമൂന്നാംനാള്‍ കോപാഗ്നി പൂണ്ട ദേവി തന്റെ അമ്മയായ പനയന്നാര്‍ കാവിലമ്മയെ കാണാന്‍ ഉറഞ്ഞുതുള്ളി പുറത്തേക്ക് ഓടാന്‍ തീവ്രശ്രമം നടത്തിയെന്നാണ് ഐതീഹ്യം.
അന്ന് കോന്നാത്ത് പമ്പയാറ്റിന്‍കടവില്‍ നാട്ടിലെ നാനാജാതി മതസ്ഥര്‍ കൂട്ടമായി നിന്ന് വേലിക്കെട്ട് തീര്‍ക്കും. ദേവി പോയാല്‍ തിരിച്ചുവരില്ലെന്ന് കരുതി പോകരുതേ ദേവീയെന്ന് ഉറക്കെ വിളിച്ചുകരയും. അവിടുന്ന് പൊന്നാണ്, വിളക്കാണ്, സത്യമാണ്, അടുത്തവര്‍ഷം വിട്ടേക്കാമെന്നുപറഞ്ഞു ദേവിയെ സമാധാനിപ്പിക്കും. ഇതിനെ ‘ആറ്റില്‍ച്ചാട്ട’മെന്ന് വിശേഷിപ്പിക്കുന്നു.
ഇതുകഴിഞ്ഞാല്‍ സമാധാനിച്ചദേവി കോന്നാത്ത് വീട്ടിലേക്ക് ഓടിപ്പോകും. അവിടെയാണ് പറയും വിശ്രമമവും. അതിനെ കോന്നാത്ത് ഓട്ടമെന്ന് വിശേഷിപ്പിക്കുന്നു.
ഭക്തരുടെ ആത്മാര്‍ത്ഥതയിലും പ്രാര്‍ത്തനയിലും ശതാബ്ദങ്ങളായി വിധിയാവണ്ണം ചെയ്ത പൂജയിലും സംതൃപ്തയായ ദേവി വിശ്രമത്തിനുശേഷം പാട്ടമ്പലത്തിലേക്കം മടങ്ങിപ്പോകും. ഇതാണ് പാട്ടമ്പലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: