കാസര്‍കോട്: കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ടുകള്‍ സംസ്ഥാന സര്‍ക്കാര്‍ സമയബന്ധിതമായി ചിലവഴിക്കണമെന്ന് കേന്ദ്രകൃഷി-കര്‍ഷക ക്ഷേമവകുപ്പ് മന്ത്രി രാധാമോഹന്‍ സിംഗ് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച കോടിക്കണക്കിന് രൂപ സംസ്ഥാനം ചിലവഴിക്കാതെ പാഴാക്കി കളയുകയാണ്. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് കാസര്‍കോട് സിപി സിആര്‍ഐയില്‍ നടന്ന കാര്‍ഷികമേളയും പ്രദര്‍ശനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി കൃഷി സംചന്‍യോജന പ്രകാരം കേരളത്തില്‍ രണ്ട് ജലസേചന പദ്ധതികള്‍ നടന്നു വരികയാണ്. കാരാപ്പുഴയിലും മൂവാറ്റുപുഴയിലുമായി നിര്‍മ്മിക്കുന്ന ഈ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ 40 ഹെക്ടറോളം സ്ഥലത്തെ കര്‍ഷകര്‍ക്ക് കൃഷി ഭൂമിയില്‍ ജലം ലഭിക്കും. കൃഷി ഭൂമിയില്‍ ജലലഭ്യത ഉറപ്പു വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ പദ്ധതി ആവിഷ്ക്കരിച്ചു വരികയാണ്. കര്‍ഷകര്‍ക്കു നല്കുന്ന സോയില്‍ ഹോല്‍ത്ത് കാര്ഡെടുക്കാനായി കര്‍ഷകര്‍ മുന്നോട്ടു വരണം. കൃഷിഭൂമിയുടെ അവസ്ഥ തിരിച്ചറിഞ്ഞു വേണം കൃഷി ചെയ്യാന്‍. സംസ്ഥാനത്ത് 7.05 ലക്ഷം സോയില്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കാനായിരുന്നു പദ്ധതി ഇട്ടിരുന്നത്. എന്നാല്‍ 1.33 ലക്ഷം കാര്‍ഡ് മാത്രമേ നല്കാന് സാധിച്ചിട്ടുള്ളൂ. കേന്ദ്ര സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നതില്‍ സംസ്ഥാനം കാണിക്കുന്ന വീഴ്ചയെയാണ് ഇത് സൂചിപ്പിക്കുന്നത്. തെറ്റായ രീതിയിലുള്ള വളപ്രയോഗം മണ്ണിന് ദോഷം ചെയ്യും. നാളികേര ഉത്പാദനത്തിലും വിപണത്തിലും മുന്‍പന്തിയിലാണ് നമ്മുടെ രാജ്യം. കേരളത്തില്‍ എല്ലാവീടുകളിലും തെങ്ങുകള്‍ ഉണ്ട്. കേരളത്തില്‍ ഈ അടുത്തായി 246 ഹെക്ടര്‍ സ്ഥലത്ത് കൂടുതലായി നാളികേരം ഉത്പാദിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. നാളികേര ഉല്‍പ്പന്നങ്ങളുടെ വിപണനവും വര്‍ദ്ധിച്ചു വരികയാണ്. ഇത് നമുക്ക് അഭിമാനിക്കാവുന്ന നേട്ടമാണെന്നും കേന്ദ്രമന്ത്രി രാധാമോഹന്‍ സിംഗ് പറഞ്ഞു. പി.കരുണാകരന് എം.പി അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ സി.പി. സി.ആര്.ഐയുടെ വിവിധ പുസ്തകങ്ങളുടെ പ്രകാശനവും നാളികേര ഉല്‍പ്പന്നങ്ങളുടെ ഉദ്ഘാടനവും കേന്ദ്രമന്ത്രി നിര്‍വ്വഹിച്ചു. മന്ത്രി ഇ.ചന്ദ്രശേഖരന്, ഉത്തര കന്നഡ എം.പി.അനന്ത് കുമാര്‍ ദത്താത്രേയ ഹെഗ്ഡേ, സി.പി.സി. ആര്.ഐ ഡയറക്ടര്‍ ജനറല്‍ ഡോ.തിലോചന്‍ മഹാപാത്ര, കാംപ്കോ പ്രസിഡന്റ് എസ്.ആര്.സതീഷ്ചന്ദ്ര, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ.എ.ജലീല്‍, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ വി.പ്രദീപ് എന്നിവര്‍ സംസാരിച്ചു. സിപിസിആര്‍ ഐ ഡയറക്ടര്‍ ഡോ.പി.ചൗഡപ്പ സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: