കാസര്‍കോട്: പെരുമ്പള കപ്പണയടുക്കത്തെ ശ്രീരാമ ഭജനമന്ദിരത്തിന് നേര്‍ക്ക് മത തീവ്രവാദികളുടെ അക്രമം. മന്ദിരത്തിന്റെ ജനല്‍ ഗ്ലാസ് കല്ലെറിഞ്ഞ് തകര്‍ക്കുകയും മന്ദിരം തീയിട്ട് നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. സംഭവത്തില്‍ പ്രദേശവാസികളായ നാലു പേരെ ഡി.വൈ.എസ്.പി എം.വി.സുകുമാരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. മര്‍സൂഖ്(19), മുഹമ്മദ് റാഷിദ്(19), ഉമ്മര്‍ ഫാറൂഖ്(19) എന്നിവരാണ് അറസ്റ്റിലായത്. അതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ട ചില പ്രതികളെ രക്ഷിക്കാന്‍ പോലീസ് ശ്രമിക്കുന്നതായി ആരോപണമുണ്ട്. പിടിയിലായവര്‍ മൊഴി നല്കിയ ചിലരുടെ പേരുകള്‍ ഒഴിവാക്കിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അക്രമ സമയത്ത് മന്ദിരത്തിന് അകത്ത് കിടന്നുറങ്ങുകയായിരുന്ന അയ്യപ്പ ന്മാര്‍ ഭാഗ്യത്തിനാണ് കല്ലേറിലും തീവെയ്പ്പിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ശബ്ദം കേട്ട് മന്ദിരത്തിനകത്തുള്ളവര് എഴുന്നേറ്റതോടെ അക്രമികള്‍ അടുത്തുള്ള പള്ളിയിലേക്ക് ഓടിക്കയറുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പോലീസെത്തിയതോടെ ഇവിടെ നിന്നും രക്ഷപ്പെട്ട അക്രമികളെ വിവിധ സ്ഥലങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്യുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് ഒരാളെ ഓടിച്ചിട്ട് പിടികൂടുകയും ഇയാള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്യുകയായിരുന്നു.
സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന സ്ഥലത്ത് ആരാധാനലായത്തിന് നേരെ അക്രമം നടത്തി വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കാനും, തീവെച്ച് നശിപ്പിക്കാന്‍ ശ്രമിച്ചതിനുമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്നലെ പുലര്‍ച്ചെ രണ്ടരമണിക്കാണ് കല്ലേറുണ്ടായത്. മതിലിന് സമീപം മറച്ചുകെട്ടിയ ആരാധാനാലയത്തിന് മുന്‍വശം കെട്ടിയ ഷീറ്റും പതാകയും കത്തിച്ചു. ഭജനമന്ദിരത്തിനകത്ത് കിടന്നുറങ്ങുകയായിരുന്ന അയ്യപ്പഭക്തര്‍ ഉണര്‍ന്ന് നോക്കിയപ്പോള്‍ ചിലര്‍ ഓടുന്നതാണ് കണ്ടത്. വിവരമറിഞ്ഞ് ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ്, ഡി.വൈ.എസ്.പി എം.വി.സുകുമാരന്‍, ആദൂര്‍ സി.ഐ സിബിതോമസ്, എസ്.ഐ. പി.അജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘമെത്തി. സംശയിക്കുന്ന ചിലരുടെ വിവരങ്ങള്‍ നാട്ടുകാര്‍ പോലീസിന് നല്‍കിയിരുന്നു. ഇവരുടെ വീടുകളില്‍ അന്വേഷിച്ചപ്പോഴെത്തിയിട്ടില്ലെന്ന് വ്യക്തമായി. പുലര്‍ച്ചെ വീട്ടിലെത്തിയ നാലുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
സംഘപരിവാര്‍ നേതാക്കള്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. ജാതിമത രാഷ്ട്രീയ ഭേദമന്യേ നിരവധി പേര് സ്ഥലത്തെത്തി സംഭവത്തെ അപലപിച്ചു.
മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയില്‍ യാതൊരു നടപടികളും അനുവദിക്കില്ലെന്ന് നേതാക്കള്‍ പറഞ്ഞു. ഭജനമന്ദിരം സെക്രട്ടറി ഓംപ്രസാദിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: