്തിരുവല്ല: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്ര പൊങ്കാലക്ക് നാടൊരുങ്ങി. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഭക്തജന സംഗമത്തിന് വേദിയൊരുക്കുന്ന ചക്കുളത്തുകാവ് ദേവീക്ഷേത്രത്തിലെ പൊങ്കാലയ്ക്ക് ഭക്തര്‍ എത്തിതുടങ്ങി. തിങ്കളാഴ്ച നടക്കുന്ന പൊങ്കാലയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതായി ക്ഷേത്രകാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി, അഡ്മിനിസ്ട്രേറ്റര്‍ അഡ്വ. കെ കെ ഗോപാലകൃഷ്ണന് നായര്‍ എന്നിവര്‍ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള ഭക്തജനങ്ങളാണ് പൊങ്കാലയിടുന്നതിന് നേരത്തെ എത്തിച്ചേര്‍ന്നിരിക്കുന്നത്. തിരുവല്ല മുതല്‍ തകഴി വരെയും എംസി റോഡില്‍ ചങ്ങനാശേരി മുതല്‍ ചെങ്ങന്നൂര്‍ വരെയും മാവേലിക്കര റോഡിലും മുട്ടാര്‍ കിടങ്ങറ വീയപുരംഹരിപ്പാട് റോഡുകളിലും പൊങ്കാല അര്‍പ്പിക്കുന്നതിന് ഭക്തര്‍ ഇടംപിടിച്ചുതുടങ്ങി. നീരേറ്റുപുറം ക്ഷേത്രപരിസരത്ത് പൊങ്കാല ഇന്‍ഫൊര്‍മേഷന്‍ സെന്റര്‍ തുറന്നു. വളന്റിയേഴ്സിന് നിര്‍ദ്ദേശം നല്കാന് മൊബൈല്‍ ഫോണ്‍ സൗകര്യം ഏര്‍പ്പെടുത്തി. പൊലീസ്, കെഎസ്ആര്‍ടിസി, ഹെല്‍ത്ത്, അഗ്നിശമനസേന, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി, എക്സൈസ്, ജലഗതാഗതം, റെവന്യൂ തുടങ്ങി വിവിധ വകുപ്പുകളുടെ സേവനം പത്തനംതിട്ട, ആലപ്പുഴ ജില്ല കലക്ടര്‍മാരുടെ നേതൃത്വത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. രണ്ടായിരത്തോളം പൊലീസിന്റെ സേവനം ഒരുക്കും. ക്ഷേത്ര ട്രസ്റ്റിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ സൗജന്യ ഭക്ഷണ വിതരണം നടത്തും. കെഎസ്ആര്‍ടിസി സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്നിന്ന്പ്രത്യേക സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. തലവടി പഞ്ചായത്ത് ഗ്രൌണ്ടില് കെഎസ്ആര്‍ടിസി താല്‍ക്കാലിക ഡിപ്പോ തുറന്നു. ക്ഷേത്രപരിസരത്ത് താല്‍ക്കാലിക ഹെല്‍ത്ത് സെന്ററുകള്‍ പ്രവര്‍ത്തനം തുടങ്ങി. തിരുവനന്തപുരം, കൊല്ലം ഭാഗങ്ങളില്‍നിന്നുള്ള വാഹനങ്ങള്‍ കാവുംഭാഗം ഡിബി ഹൈസ്കൂള്‍ ഗ്രൌണ്ടിലും കോട്ടയം, തൃശൂര്‍, പുനലൂര്‍ ഭാഗങ്ങളില്‍നിന്നുള്ള വാഹനങ്ങള്‍ തിരുവല്ല മുനിസിപ്പല്‍ സ്റ്റേഡിയത്തിലും, കോഴിക്കോട്, എറണാകുളം ഭാഗങ്ങളിലെ വാഹനങ്ങള്‍ സെന്റ് അലോഷ്യസ് കോളേജ് ഗ്രൌണ്ടിലുമാണ് പാര്‍ക്ക് ചെയ്യേണ്ടത്.പൊങ്കാലദിവസമായ 12ന് പുലര്‍ച്ചെ 3.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, നിര്‍മാല്യ ദര്‍ശനം, എട്ടിന് വിളിച്ചുചൊല്ലി പ്രാര്‍ഥന, 9ന് പൊങ്കാലയ്ക്ക് തുടക്കം കുറിച്ച് ക്ഷേത്രശ്രീകോവിലില്‍നിന്ന് പണ്ടാര അടുപ്പിലേക്ക് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി അഗ്നി പകരും. പൊങ്കാലയുടെ ചടങ്ങുകള്‍ക്ക് കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി നേതൃത്വം വഹിക്കും. മന്ത്രി മാത്യു ടി.തോമസ് പൊങ്കാല ഉദ്ഘാടനം ചെയ്യും. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ഭദ്രദീപം തെളിക്കും.11ന് 500ല്‍ അധികം വേദ പണ്ഡിതന്മാരുടെ മുഖ്യകാര്‍മികത്വത്തില്‍ ദേവിയെ 41 ജീവതകളിലായി എഴുന്നള്ളിച്ച് ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല നേദിക്കും. പൊങ്കാല നിവേദ്യത്തിനുശേഷം ജീവത എഴുന്നെള്ളത്ത് തിരികെ ക്ഷേത്രത്തില്‍ എത്തുമ്പോള്‍ ദിവ്യ അഭിഷേകവും ഉച്ചദീപാരാധനയും നടക്കും. ഉണ്ണിക്കൃഷ്ണന് നമ്പൂതിരി, അശോകന് നമ്പൂതിരി, രഞ്ജിത്ത് ബി.നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും. വൈകീട്ട് 5ന് കുട്ടനാട് എം.എല്‍.എ. തോമസ് ചാണ്ടിയുടെ അധ്യക്ഷതയില്‍ കൂടുന്ന സാംസ്കാരിക സമ്മേളനം മന്ത്രി എ.കെ.ശശീന്ദ്രന് ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നില്‍ സുരേഷ് എം.പി. മുഖ്യപ്രഭാഷണം നടത്തും.ക്ഷേത്രത്തിലെ പന്ത്രണ്ടുനോയമ്പ് ഉത്സവം ഡിസംബര്‍ 16 മുതല്‍ 27 വരെ നടക്കും. ഡിസംബര്‍ 16നാണ് നാരീപൂജ. നാരീപൂജയോട് അനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം പത്തനംതിട്ട കളക്ടര്‍ ആര്.ഗിരിജ നിര്‍വഹിക്കും. നാരീപൂജയുടെ ഉദ്ഘാടനം വനിതാ കമ്മീഷന് അംഗം ഡോ. ജെ.പ്രമീളാദേവിയും നിര്‍വഹിക്കും. ഡിസംബര്‍ 26ന് കലശവും തിരുവാഭരണ ഘോഷയാത്രയും നടക്കും.ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് തിരുമേനി, അഡ്മിനിസ്ട്രേറ്റര്‍ കെ.കെ.ഗോപാലകൃഷ്ണന്‍നായര്‍, രമേശ് ഇളമണ്‍ നമ്പൂതിരി, ഹരിക്കുട്ടന് നമ്പൂതിരി, ഉത്സവക്കമ്മിറ്റി പ്രസിഡന്റ് പി.ഡി.കുട്ടപ്പന്, സെക്രട്ടറി സന്തോഷ് ഗോകുലം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: