ദാരുശില്പ കലയില്‍ വിസ്മയം സൃഷ്ടിക്കുകയാണ് യുവ ശില്പി പ്രശാന്ത് ചെറുതാഴം. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ ചെറുതാഴം ഗ്രാമത്തിലെ ദാരുശില്പിയായ ഈ ചെറുപ്പക്കാരന്റെ കരവിരുതില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുളളില്‍ തന്റെ പണിശാലയില്‍ രൂപമെടുത്തത് വശ്യമനോഹരമായ നിരവധി ശില്‍പ്പങ്ങളാണ്. പരമ്പരാഗതമായി ലഭിച്ച ശില്പ നിര്‍മ്മാണ ചാതുരിയും സര്ഗ്ഗവാസനയുംഒത്തുചേര്ന്നിരിക്കുന്നു.
നിരവധി ക്ഷേത്രങ്ങളിലെ മുഖമണ്ഡപങ്ങളിലെ കൊത്തുപണികളും, ഗരുഡ രൂപങ്ങളും അടക്കം 40 ലധികം സുന്ദരശില്‍പ്പങ്ങള്‍ പ്രശാന്ത് നിര്‍മ്മിച്ചിട്ടുണ്ട്. പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം,കണ്ണൂര്‍ ഉമാമഹേശ്വര ക്ഷേത്രം,ആലക്കോട് അരങ്ങം മഹാവിഷ്ണു ക്ഷേത്രം, ചെറുതാഴം ഹനുമാരമ്പലം തുടങ്ങിയ ക്ഷേത്രങ്ങളില്‍ ചെയ്ത ശില്പ്പങ്ങള് ഏറെ ശ്രദ്ധയാകര്ഷിക്കപ്പെട്ടതാണ്.
ശ്രീകൃഷ്ണന്, ശിവ-പാര്‍വ്വതിയുടേയും ഗരുഡന് ഉള്‍പ്പെടെയുളള പല പുരാണ കഥാപാത്രങ്ങളുടേയും ശില്‍പ്പങ്ങളും സംഗീത ചക്രവര്‍ത്തിയായ ദക്ഷിണാ മൂര്‍ത്തിയുടെ മിറര്‍ പെയിന്റിംഗ് ഉള്‍പ്പെടെയുളള സൃഷ്ടികളും പ്രശാന്തിന്റെ അപാരമായ ശില്‍പ്പ ചാതുരി വിളിച്ചോതുന്നവയാണ്.
ഏതാനും മാസം മുമ്പ് കോഴിക്കോട് നടന്ന ബിജെപി ദേശീയ കൗണ്‍സിലിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അദ്ദേഹത്തിന്റെ ഗുരുനാഥന് സ്വാമിജി പ്രമുഖ് മഹാരാജിന്റെ ശില്പം കേരള പാരമ്പര്യ കലയോടു കൂടി മരത്തില്‍ തീര്‍ത്ത് പ്രശാന്ത് സമര്‍പ്പിക്കുകയുണ്ടായി. ഇതോടെ ദേശീയതലത്തില്‍ തന്നെ പ്രശാന്ത് ശ്രദ്ധേയനായി. പ്രശസ്തിയുടെ പടവുകള്‍ കയറുന്ന പ്രശാന്തിന്റെ ജീവിതാഭിലാഷമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കണ്ട് ഉപഹാരം സമര്‍പ്പിക്കുക എന്നത്. പ്രശാന്തിന്റെ കഴിവുകള്‍ നേരിട്ടു മനസ്സിലാക്കിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് മുഖാന്തരം ആ ആഗ്രഹം സഫലമാക്കപ്പെടുകയായിരുന്നു.
ഏറ്റവും ഒടുവില്‍ മട്ടന്നൂര്‍ നഗരസഭക്കു വേണ്ടി പഴശ്ശി സ്മൃതി മന്ദിരത്തില്‍ സ്ഥാപിക്കാന്‍ നിര്‍മ്മിച്ച ഈട്ടിത്തടിയില്‍ തീര്‍ത്ത എട്ടടിയിലധികം ഉയരമുള്ള വീരപഴശ്ശിയുടെ ശില്പം പ്രശാന്തിന്റെ ഇതുവരെയുള്ള ശില്പങ്ങളിലെ മാസ്റ്റര്‍ പീസാണ്. എട്ടുമാസത്തെ നിരന്തരമായ ശ്രമത്തിനു ശേഷമാണ് കേരളസിംഹം വീരകേരളവര്‍മ്മ പഴശ്ശിരാജയുടെ ശില്പം പ്രശാന്ത് നിര്‍മ്മിച്ചത് . ഈ ശില്‍പ്പം പഴശ്ശിരാജയുടെ ഇരുനൂറ്റി പതിനൊന്നാം ബലിദാനദിനമായ കഴിഞ്ഞ മാസം 30 ന് മട്ടന്നൂര്‍ പഴശ്ശി സ്മൃതി മന്ദിരത്തില്‍ സ്ഥാപിച്ചു.
പയ്യന്നൂര്‍ ബ്രഷ്മാന് സ്ക്കൂള് ഓഫ് ആര്‍ട്സില്‍ രണ്ടു വര്‍ഷത്തെ ചിത്രകലാ അധ്യാപക കോഴ്സ് പൂര്‍ത്തിയാക്കിയ പ്രശാന്തിന് പരമ്പരാഗതമായി ശില്‍പ്പനിര്‍മ്മാണ വൃത്തി നടത്തി വരുന്ന പിതാവില്‍ നിന്നും മറ്റ് ചില ശില്‍പ്പികളില്‍ നിന്നും ലഭിച്ച പരിശീലനവും ശില്‍പ്പകലാ രംഗത്തെ ഉയര്‍ച്ചയ്ക്ക് പ്രചോദനമായി. മരത്തിലുളള ശില്‍പ്പ നിര്‍മ്മാണത്തിനു പുറമെ മ്യൂറല്‍ പെയിന്റിംഗ്,മെഴുകു ശില്‍പ്പം എന്നിവയിലും ഈ യുവശില്പി തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്.
ചെറുതാഴത്തെ പി.പി.ദാമോദരന്‍-കോമളവല്ലി ദമ്പതികളുടെ മകനായ പ്രശാന്തിന്റെ ഭാര്യ ചിത്രകാരിയും കാഞ്ഞങ്ങാട് ഫാഷന്‍ ഡിസൈന്‍ സ്ഥാപനത്തിന്റെ ഉടമയുമായ ഏ.കെ.സുചിത്രയാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: