ഇരിങ്ങാലക്കുട: ശ്മശാനഭൂമിയും വഴിയും സ്വകാര്യ വ്യക്തികള്‍ കയ്യേറിയതിനെത്തുടര്‍ന്ന് മൃതദേഹവുമായി പട്ടികജാതി കുടുംബം പുറമ്പോക്ക് തോട്ടിലൂടെ ദീര്‍ഘദൂരം നടന്ന് സംസ്കാരം നടത്തി. ആളൂര്‍ പഞ്ചായത്തിലെ 18-ാം വാര്‍ഡിലെ മാനാട്ടുകുന്നിലെ പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള ശ്മശാനം സ്വകാര്യവ്യക്തികള്‍ കൈയ്യേറിയതിനെ തുടര്‍ന്നാണ് പെലച്ചെറ പട്ടികജാതിവിഭാഗങ്ങള്ക്കുള്ള ശ്മശാനത്തിലേക്ക് മൃതദേഹവുംകൊണ്ട് നടക്കേണ്ടിവന്നത്.
മാനാട്ടുകുന്ന് പുതുവാട്ടില്‍ വേലായുധന് (64) മരിച്ചതിനെതുടര്‍ന്നാണ് സംസ്കരിക്കുവാന്‍ സ്ഥലമില്ലാതെ പ്രതിസന്ധിയിലായത്. പെലച്ചിറ ശ്മശാനത്തിലേക്ക് പാടത്തുള്ള ചെളി നിറഞ്ഞ തോട്ടിലൂടെ മൃതദേഹം ചുമന്ന് ശ്മശാനത്തിലെത്തിക്കുകയായിരുന്നു. രണ്ടാഴ്ച്ച മുമ്പ് ഒരു പട്ടികജാതി കുടുംബത്തിനും ഇതേ ദുര്‍ഗതി ഉണ്ടായി. പട്ടികജാതിവിഭാഗങ്ങള്‍ക്കായി പടിഞ്ഞാറെ ഇരിഞ്ഞാടപ്പിള്ളി മനക്കാര്‍ കൃഷി ചെയ്യുന്നതിനും മറ്റുമായി ഉറവന്ചിറ പാടത്ത് സ്ഥലം അനുവദിക്കുകയും മൃതദേഹം മറവ് ചെയ്യുന്നതിനായി ഒന്നേകാല്‍ ഏക്കറോളം വരുന്ന സ്ഥലം സൗജന്യമായി നല്‍കുകയും ചെയ്തിരുന്നു. കൃഷിഭൂമിയെല്ലാം പിന്നീട് പട്ടികജാതി വിഭാഗത്തില്‍ നിന്നും നഷ്ടപ്പെട്ടു. ശ്മശാനവും അതിലേക്ക് വന്നിരുന്ന വഴിയും സംസ്കാരത്തിനുശേഷം കുളിക്കുന്നതിനും മറ്റുമുണ്ടായിരുന്ന 60 സെന്റോളം വരുന്ന ചിറയും ഒന്നേകാല്‍ ഏക്കറോളം വരുന്ന ശ്മശാനഭൂമിയുടെ ബണ്ടും സ്വകാര്യവ്യക്തികള്‍ കയ്യേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: