സ്വന്തം ലേഖകന്‍
ഗുരുവായൂര്‍: ഗുരുവായൂരപ്പന്റെ ഗജസമ്പത്തില്‍ ഏറ്റവും പ്രധാനിയായ ഗുരുവായൂര്‍ കേശവന് അനുസ്മരണം നാളെ നടക്കും.
മനുഷ്യനല്ലാത്ത മറ്റൊരു ജീവിയുടെ ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ട് ഇത്രയും വിപുലമായ ചടങ്ങുകള്‍ നടക്കുന്നത് ഒരു പക്ഷെ ലോകത്ത് മറ്റൊരിടത്തും സംഭവിച്ച് കാണാത്തതാണ്.
ഗുരുവായൂരപ്പനുമായും ക്ഷേത്രവുമായും അത്രമാത്രം വൈകാരിക ബന്ധമാണ് ഈ ഗജോത്തമന് ഉണ്ടായിരുന്നത്. കേശവന്റെ ആത്മസമര്‍പ്പണത്തിന്റെ യും കൃഷ്ണഭക്തിയുടെയും ഉദാഹരണങ്ങളായി പല കഥകളും ഗുരുവായൂരിലെ പഴമക്കാര്‍ക്ക് പറയാനുണ്ട്. തലമുറകളിലൂടെ പാടിപ്പതിഞ്ഞ് ഇന്നും ഭക്തഹൃദയങ്ങളില്‍ കേശവന് നിറഞ്ഞ് നില്ക്കുന്നു. 1922 ജനവരി നാലിനാണ് നിലമ്പൂര്‍ രാജകുടുംബം കേശവനെ ഗുരുവായൂരപ്പന് സമര്‍പ്പിച്ചത്. അന്ന് കേശവന് പ്രായം ഏകദേശം പതിനെട്ട്, തുടര്‍ന്നങ്ങോട്ട് അമ്പത്തിനാല് വര്‍ഷങ്ങളോളം ആ കൃഷ്ണസേവ നീണ്ട് നിന്നു.1976 ഡിസംബര്‍ രണ്ടിന് ഏകാദശി നാളില്‍ രാവിലെ മുതല്‍ ജലപാനം തൊടാതെ വ്രതമെടുത്ത കേശവന് ഭഗവാന്റെ തിരുമുമ്പില്‍ സാഷ്ടാംഗം പ്രണാമങ്ങള്‍ അര്‍പ്പിച്ച് കൊണ്ട് ഗുരുവായൂരപ്പനോട് വിടചൊല്ലി.
ഗുരുവായൂര്‍ ദേവസ്വം ശ്രീവത്സം ഗസ്റ്റ് ഹൗസിന് മുന്നില്‍ കേശവന്റെ പൂര്‍ണ്ണകായ പ്രതിമ സ്ഥാപിക്കുകയും എല്ലാവര്‍ഷവും വൃചികമാസത്തിലെ ദശമി ദിവസം ദേവസ്വത്തിലെ ആനകളെ പങ്കെടുപ്പിച്ച് കൊണ്ട് തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ നിന്നും ഘോഷയാത്രയായി വന്ന് ഈ പ്രതിമയില്‍ ഹാരാര്‍പ്പണവും ആനയൂട്ടും നടത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: