കാളികാവ്: ചോക്കാട് പഞ്ചായത്തിലെ ചേനപ്പാടി കോളനിക്കാരുടെ ചിരകാലാഭിലാഷമായിരുന്നു വൈദ്യുതി. ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവില്‍ വെളിച്ചമെത്തിയ സന്തോഷത്തിലാണ് കോളനിവാസികള്‍. ചേനപ്പാടി കോളനിയില്‍ താമസിച്ചവരെ അടുത്തിടെ പരുത്തിപ്പെറ്റയിലേക്ക് മാറ്റി താമസിച്ചിരുന്നു. ഇവിടെ താമസിക്കുന്ന ശാരദ, സുരേഷ്, ശ്രീനിവാസന്, ശശി, ശോഭന, സുരേഷ്, ശശി, കണ്ണന്, വിജയന്, ചെറിയ കുറുമ്പി, നീലന് എന്നിവരുടെ വീടുകളിലാണ് കഴിഞ്ഞ ദിവസം വൈദ്യുതിയെത്തിയത്. എപി അനില്‍കുമാര്‍ എംഎല്‍എ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു.
കോളനിയിലെ ശോഭനയുടെ മകന് വിനോദ് എന്ന ബാലന് മരം വീണ് മരിച്ചതിനെതുടര്‍ന്നാണ് സുരക്ഷിത സ്ഥലമെന്ന നിലക്ക് ഇവരെ പുല്ലങ്കോട് ലേബര്‍ വെല്‍ഫെയര്‍ കേന്ദ്രത്തില്‍ താമസിപ്പിച്ചത്. പിന്നീട് ‘ആശിച്ച ഭൂമി ആദിവാസിക്ക് സ്വന്തം’ എന്ന പദ്ധതിയില്‍ പരുത്തിപ്പെറ്റയില് ഭൂമിയും വീടും നിര്‍മിച്ച് നല്കി. എന്നാല്‍ അനുവദിച്ചത് കരഭൂമിയല്ലാത്തതിനാല് വീടുകള്‍ക്ക് നമ്പര്‍ കിട്ടാത്തത് വൈദ്യുതി ലഭിക്കാന്‍ തടസമായി. ഇതേ തുടര്‍ന്ന് ജനകീയ പ്രതിഷേധമുയര്‍ന്നതോടെയാണ് തടസം നീക്കി വീടുകള്‍ക്ക് നമ്പര്‍ നല്‍കാനും വൈദ്യുതിയെത്തിക്കാനും നടപടിയായത്.
പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ മാത്യു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ഹമീദലി, കാളികാവ് എസ്ഐ സുരേഷ് ബാബു, വാര്‍ഡ് അംഗം ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണന്, ടി.നസീമ. സി.എച്ച് സുഹറ, ഇല്യാസ് ചോക്കാട് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: