പാലിയേക്കര : പാലിയേക്കരയില്‍ നിര്‍ത്തിവെച്ച ടോള്‍ പിരിവ് ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ പുനരാരംഭിച്ചു. ഇതേത്തുടര്‍ന്ന് വന്‍ ഗതാഗതകുരുക്കാണ് ടോള്‍ പ്ലാസയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മണ്ണുത്തിയില്‍ നിന്നും വരുന്ന ഭാഗത്താണ് ഏറ്റവും കൂടുതല്‍ ഗതാഗത കുരുക്ക് അനുഭവപ്പെട്ടത്.
വൈകീട്ട് 5 മണിയോടെ മുഖ്യമന്ത്രിക്ക് കടന്നു പോകുന്നതിന് വേണ്ടി ട്രാക്കുകള്‍ തുറന്നപ്പോഴാണ് ഗതാഗതകുരുക്കിന് അയവുണ്ടായത്. മുഖ്യമന്ത്രി കടന്നു പോയതിനു ശേഷം ടോള്‍ പ്ലാസ മുതല്‍ തലോര്‍ മേല്‍ പാലം വരെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. പ്ലാസയില്‍ നാല് ബൂത്തുകളില്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കാന്‍ സൗകര്യമുണ്ടെന്നാലും, ഇതു സംബന്ധിച്ച ബോര്‍ഡുകള്‍ വെച്ചിരിക്കുന്നത് യാത്രകാര്‍ക്ക് കാണാനാകാത്തത് ഈ സംവിധാനം ശരിയായി വിനിയോഗിക്കാന്‍ കഴിയുന്നില്ലെന്ന് യാത്രാകാര്‍ പറഞ്ഞു. കാര്‍ഡ് സംവിധാനമുള്ള വാഹനങ്ങളിലെ യാത്രകാര്‍ മറ്റ് ട്രാക്കുകളിലെ വാഹനങ്ങള്‍ നിര്‍ത്തുമ്പോഴാണ് കാര്‍ഡ് സംവിധാനം നടപ്പാക്കിയിട്ടുണ്ടെന്ന് അറിയുന്നത്. തുടര്‍ന്ന് വാഹന യാത്രകാരില്‍ നിന്നും വൈഫൈ സ്വാപ്പ് മെഷീന് കൊണ്ടുവന്ന് ടോള്‍ ഈടാക്കിയാണ് കടത്തി വിടുന്നത് ഇതുമൂലം വന്‍ സമയ നഷ്ടവും ഗതാഗതകുരുക്കുമാണ് ഉണ്ടാക്കുന്നത്. 2000 രൂപയുടെ നോട്ടുകള്‍ ടോളിനായി ഉപയോഗിക്കുന്നതുമൂലവും ഗതാഗതകുരുക്കിന് ഇടയാക്കുന്നുണ്ട്. ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങളും മറ്റ് വാഹനങ്ങളും ടോള്‍ പ്ലാസയിലെ ഗതാഗത കുരുക്കില്‍ പെട്ട് വലയുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസി ബസുകളും ഗതാഗതകുരുക്കില്‍പെട്ട് സമയക്രമം പാലിക്കാതെയാണ് സര്‍വ്വീസ് നടത്താനായത്. പലര്‍ക്കും സമയത്ത് ഓഫീസുകളിലും മറ്റ് ജോലി സ്ഥലങ്ങളിലും എത്തിപ്പെടാനായില്ലെന്ന് പറഞ്ഞു. ഒരു നിരയില്‍ അഞ്ച് വാഹനങ്ങളില്‍ കൂടുതല്‍ വന്നാല്‍ ആ ട്രാക്ക് ടോള്‍ ഒഴിവാക്കി തുറന്ന് വിടണമെന്ന നിയമം കാറ്റില്‍ പറത്തിയാണ് ടോള്‍ അധികൃതര്‍ ടോള്‍ പിരിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: