പുസ്തകപ്രസാധന കലയില്‍ കൃതഹസ്തനായ എന്‍.ഇ. ബാലകൃഷ്ണമാരാര്‍ ശതാഭിഷേകനിറവിലാണിപ്പോള്. സാര്‍ഥകമായ ആ ജീവിതത്തിനു പ്രണാമങ്ങളുമായി കഴിഞ്ഞ ദിവസം കോഴിക്കോട്ടുകാര്‍ ഒത്തുകൂടുകയുണ്ടായി.
പഴശ്ശിരാജാവിന്റെ പ്രവര്‍ത്തനകേന്ദ്രമായിരുന്ന കണ്ണവത്തിനടുത്ത തൊടീക്കളം ക്ഷേത്രത്തിനു സമീപമാണ് ഞാലില്‍ എടവലത്തു തറവാട്. വളരെ ഭൂസ്വത്തുക്കളുണ്ടായിരുന്ന അതിസമ്പന്നമായ ഈ തറവാട് ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്കു നിപതിക്കുന്ന കാലത്താണ് തറവാട്ടിലെ ഏറ്റവും ഇളയ സന്തതിയായി ബാലകൃഷ്ണന് ജനിക്കുന്നത്.
‘ഒരിക്കലെങ്കിലും അച്ഛനെ നേരില്‍ക്കണ്ട് അച്ഛാ എന്നു വിളിക്കാന്‍ പോലും ഭാഗ്യം ലഭിക്കാത്ത ശൈശവം എത്ര ദുഃഖകരമാണെന്ന് അതനുഭവിച്ചവര്‍ക്കേ അറിയൂ. എനിക്ക് ഒന്നര വയസുള്ളപ്പോഴാണ് അച്ഛന് മരിച്ചത്. അന്ന് ഫോട്ടോഗ്രഫി പോലുള്ള സാങ്കേതികവിദ്യയൊന്നും ഇല്ലാതിരുന്നതിനാല്‍, അച്ഛന്റെ ചിത്രം കണ്ട് ആശ്വാസം കൊള്ളാനുള്ള അവസരം പോലും ഇല്ലാതെ പോയി. തകര്‍ന്നുകൊണ്ടിരിക്കുന്ന തറവാട്ടില്‍ അച്ഛനില്ലാത്ത കുട്ടി എന്നു മറ്റുള്ളവര്‍ വിശേഷിപ്പിക്കുന്നതും കേട്ടുകൊണ്ട് വളര്‍ന്നുവരിക എന്നത് വല്ലാത്തൊരു ദുര്‍വിധി തന്നെയാണ്’
ബാലകൃഷ്ണന്റെ ബാല്യം അങ്ങനെയായിരുന്നു. ‘ഒരുപക്ഷേ, ആര്‍ക്കും വേണ്ടാതെയായിരിക്കണം എന്റെ ജനനം. മൂന്നു ദിവസം മടിച്ചുനിന്നതിനുശേഷമാണ് ഞാന്‍ ഭൂമിയിലെത്തിയതെന്ന വസ്തുത ആലോചിക്കുമ്പോള്‍ എനിക്കുതന്നെ ഇങ്ങോട്ടു വരാന്‍ മടിയായിരുന്നെന്ന് തോന്നാറുണ്ട്… അമ്മയും അച്ഛനും തമ്മില്‍ ഒരിക്കലും സ്വരച്ചേര്‍ച്ചയുണ്ടായിരുന്നില്ല. ഇതെല്ലാം കൊണ്ടായിരിക്കണം അമ്മയുടെ പെരുമാറ്റം വളരെ വിചിത്രമായിരുന്നു. എന്നെയും താന്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഒരു കുട്ടിയായിട്ടാണ് അമ്മ കണ്ടിരുന്നത്. അങ്ങനെ ആര്‍ക്കും വേണ്ടാത്ത ഒരുവനാണ്, ഞാനെന്ന് എനിക്കു ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ട്.’
ആര്‍ക്കും വേണ്ടാത്ത ആ ഒരുവന് സ്കൂളില്‍ ചേരുകയാണ്. ‘ആറു വയസുള്ളപ്പോള്‍ എന്നെ സ്കൂളില്‍ ചേര്‍ത്തു. വീട്ടില്‍നിന്ന് കുറച്ചകലെ ഓത്തിയോട് എന്ന സ്ഥലത്തായിരുന്നു സ്കൂള്‍. ഉച്ചഭക്ഷണം കഴിക്കാന്‍ വരുന്നതിന് പറ്റുമായിരുന്നില്ല. അതിനു സൗകര്യമുണ്ടായാലും വീട്ടില്‍ വരുന്നതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നും ഉണ്ടായിരുന്നില്ല എന്ന സത്യവുമുണ്ട്. സ്കൂളിനടുത്ത് കൊപ്രയാട്ടുന്ന ഒരു ചക്കാലയുണ്ടായിരുന്നു. വല്ലപ്പോഴും അവിടെനിന്ന് കിട്ടുന്ന രുചികരമായ തേങ്ങാപ്പിണ്ണാക്കും അടുത്ത വീടുകൡലെ പച്ചവെള്ളവുമായിരുന്നു ഞാനുള്‍പ്പെടെയുള്ള പലരുടെയും ഉച്ചഭക്ഷണം.
അരപ്പട്ടിണി മുഴുപ്പട്ടിണിയായതോടെ നാലാം ക്ലാസില്‍വച്ച് ബാലകൃഷ്ണന്റെ പഠനവും നിന്നു. അക്കാലത്തെ ഒരനുഭവം: ‘ഒരു ദിവസം വീട്ടില്‍ ഭക്ഷണത്തിന് വക ഒന്നുമുണ്ടായിരുന്നില്ല. ഉച്ചകഴിഞ്ഞ് ഒന്നും കഴിക്കാതെ ക്ഷീണിച്ച് അവശനായി ഞാന്‍ അമ്മയുടെ മടിയില്‍ തലവെച്ച് മയങ്ങുകയായിരുന്നു. അപ്പോള്‍ ഒരു ഭിക്ഷക്കാരി വന്ന് കഞ്ഞി ചോദിച്ചു. ഇവിടെ ഒന്നുമില്ലെന്ന് പറഞ്ഞ അമ്മയോട്, ഇത്ര വലിയ വീടു കെട്ടിവച്ചിട്ട് ഒരുപിടി അരിയോ കഞ്ഞിയോ തരാത്ത ദുഷ്ട’ എന്നു ശപിച്ചുകൊണ്ട് ആ ഭിക്ഷക്കാരി പടിയിറങ്ങിപ്പോയി. അമ്മ ഒരക്ഷരം മറുത്തുപറഞ്ഞില്ല. എന്നാല്‍ ആ അവസരത്തില്‍ എന്റെ മേല്‍ വീണ അവരുടെ കണ്ണീരിന്റെ ചൂട് ഇന്നും എന്റെ മനസ്സിനെ പൊള്ളിക്കുന്നു.’
സ്വന്തമായി ഒന്നും ഇല്ലെങ്കിലും എല്ലാം ഉണ്ടെന്നു സ്വപ്നം കാണുന്ന കുട്ടിയായിരുന്നു ബാലകൃഷണന്. ലോകത്തെ മാറ്റിമറിക്കുന്നതില്‍ സ്വപ്നത്തിന്വലിയ പങ്കുണ്ടെന്ന് നാമമാത്ര പഠനം നടത്തിയ ആ കുട്ടിക്കറിയില്ലായിരുന്നു. എങ്കിലും തറവാടിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കുന്നത് സ്വപ്നം കണ്ടുനടന്നു അയാള്‍. അതിനു കുടുംബ മഹത്വം പറഞ്ഞ് വീട്ടിലിരുന്നാല്‍ പോര. തൊഴില്‍ ചെയ്യണം. തൊഴിലുള്ളിടത്തെത്തണം.
കമ്മ്യൂണിസ്റ്റ് നേതാവും അമ്മയുടെ രണ്ടാം ഭര്‍ത്താവുമായ രാഘവേട്ടനോടൊപ്പം കോഴിക്കോട്ടെത്തുന്നത് അങ്ങനെയാണ്. പത്രവിതരണമായിരുന്നു തൊഴില്‍. അത് ഉച്ചയ്ക്കു മുന്‍പേ തീരും. പിന്നെയും ഒരുപാടു സമയം ബാക്കി. അലസമായിരിക്കാന്‍ മനസ്സനുവദിക്കുന്നില്ല. തുച്ഛമായ വരുമാനം ഒന്നിനും തികയുന്നുമില്ല. കൂടുതല്‍ എന്തെങ്കിലും ചെയ്തേ പറ്റൂ. അതിനുള്ള അന്വേഷണത്തിനിടയിലാണ് ബുക്സ്റ്റാളുകളില്‍ വെറുതെ കെട്ടിക്കിടക്കുന്ന പുസ്തകങ്ങളില്‍ കണ്ണു പതിയുന്നത്. എന്തുകൊണ്ട് അവ നടന്നു വിതരണം ചെയ്തുകൂടാ? കുറഞ്ഞ കമ്മീഷനില്‍ പുസ്തകങ്ങളും മാസികകളും നഗരത്തിലാകെ നടന്നു വില്ക്കാന് തുടങ്ങി.
ജീവിതത്തില്‍ ചില പ്രതീക്ഷകളൊക്കെ ഉയിരിട്ടു തുടങ്ങിയ ഘട്ടത്തില്‍ അപ്രതീക്ഷിതമായി നഗരം വിടേണ്ടിവന്നു. ചെറിയച്ഛന്റെ കൂടെ തമിഴ്നാട്ടിലെത്തി. അവിടെയൊരു പെട്ടിക്കട നടത്തിയെങ്കിലും പുസ്തകകച്ചവടമെന്ന അഭിജാത ദൗത്യം തലക്കുറിയായിരുന്നതിനാല് കോഴിക്കോട്ടുതന്നെ തിരിച്ചെത്തി. അക്ഷര വിനിമയം പുനരാരംഭിച്ചു. അപ്പോഴേക്കും രണ്ടാനച്ഛനില്‍ പിറന്ന രണ്ട് സഹോദരങ്ങളുടെ ചുമതലകൂടി ബാലകൃഷ്ണന്റെ ചുമലില്‍ വന്നിരുന്നു.
മുഴുവന്‍ സമയവും പുസ്തകകച്ചവടത്തിനു മാറ്റിവച്ചു. അതോടെ മാരാര്‍ തികച്ചും തന്റെ ട്രാക്കിലെത്തി. പിന്നെ തിരിഞ്ഞുനോക്കിയില്ല. സമ്മേളനസ്ഥലങ്ങളില്നിന്ന് വീടുകളിലേക്കും ഓഫീസുകളിലേക്കും പുസ്തകങ്ങളുമായി കടന്നുചെന്നു. ഒട്ടും സുഖകരമായ പോക്കായിരുന്നില്ല അത്.
‘പുസ്തകങ്ങള്‍ കൊണ്ടുപോകാനും സൂക്ഷിക്കാനുമായി കാക്കിത്തുണി കൊണ്ടുള്ള നാലു സഞ്ചികള്‍ ഉണ്ടാക്കി. രണ്ടെണ്ണം വലുതും രണ്ടെണ്ണം ചെറുതും. ചെറിയ രണ്ട് സഞ്ചികളില്‍ പുസ്തകം നിറച്ച് തോളില്‍ തൂക്കിയിടും. വലിയ രണ്ട് സഞ്ചികള്‍ കൈയിലും തൂക്കിപ്പിടിക്കും. ചുമല് വേദനിക്കാതിരിക്കാന്‍ വലിയ കാര്‍ഡ് ബോര്‍ഡിന്റെ ഷര്‍ട്ടിന്റെ ഉള്ളിലായി മടക്കിവയ്ക്കും. ഇങ്ങനെയാണ് പുസ്തകം വില്‍ക്കാനുള്ള യാത്ര. ഈ സഞ്ചികളും ചുമന്ന് വീടുവീടാന്തരം കയറിയിറങ്ങുമ്പോള്‍ പലരും പരിതപപ്പെടാറുണ്ടായിരുന്നു. എന്റെ പ്രായത്തിലുള്ള മക്കളുണ്ടായിരുന്ന സ്നേഹനിധികളായ അമ്മമാര്‍, കുട്ടീ, നിനക്ക് അച്ഛനും അമ്മയും ഒന്നുമില്ലേ? ഇത്ര ചെറുപ്പത്തിലേ ഇങ്ങനെ കഷ്ടപ്പെടുന്നതെന്തിനാണ്? എന്നു ചോദിച്ചവരില്‍ നിന്ന് മറുപടി പറയാതെ ഞാന്‍ ഒഴിഞ്ഞുമാറുകയാണ് പതിവ്. കഷ്ടപ്പെടുന്നത് തനിക്കുവേണ്ടി മാത്രമല്ല, അമ്മയും ഇളയ സഹോദരങ്ങളും അടങ്ങുന്ന ഒരു കുടുംബത്തെ പോറ്റാനാണ് എന്ന് എങ്ങനെയാണ് അവരോടു പറയുക!’ ബാലകൃഷ്ണ മാരാര്‍ ഓര്‍ക്കുന്നു.
പുസ്തകസഞ്ചികളുമായി നഗരത്തിന്റെ മുക്കിലുംമൂലയിലും അയാള്‍ എത്തി. വീടുകളിലും ഓഫീസുകളിലും കയറി. റൊക്കം പണത്തിനല്ല പുസ്തകം കൊടുക്കുന്നത്. ശമ്പളം കിട്ടുന്ന ദിവസം പിരിക്കാവുന്ന വിധം തവണ വ്യവസ്ഥയിലാണ്. പരമാവധി പേരില്‍ പരമാവധി പുസ്തകങ്ങളെത്തിക്കുകയായിരുന്നു ലക്ഷ്യം. കാലിന്റെ ഉപ്പൂറ്റി തേയുന്നത് അയാള്‍ക്കു പ്രശ്നമായിരുന്നില്ല. മഴയുടെയും വെയിലിന്റെയും മുമ്പില്‍ തോറ്റുകൊടുക്കാനും അയാള്‍ തയ്യാറായിരുന്നില്ല.
ബീച്ചിലും പരിസരപ്രദേശങ്ങളിലും കപ്പലണ്ടി കച്ചവടക്കാരെപ്പോലെ പുസ്തകം വിറ്റുനടക്കുന്ന പയ്യനെ കണ്ട് കോഴിക്കോട്ടുകാര്‍ വിസ്മയിച്ചിട്ടുണ്ട്. ഒരു ട്രോളിവണ്ടി വാടകക്കെടുത്ത്, പുസ്തകങ്ങള്‍ നിരത്തിവച്ച് ഒരു റാന്തല്‍വിളക്കും കത്തിച്ചായിരുന്നു ബാലകൃഷ്ണമാരാരുടെ മൊബൈല്‍ പുസ്തകവില്പ്പന.
നഗരത്തിലെ ബുക്സ്റ്റാളുകളില്നിന്നെല്ലാം പുസ്തകങ്ങളെടുക്കും. കൊണ്ടുനടന്നു വില്‍ക്കും. അങ്ങനെ ആവശ്യക്കാര്‍ കൂടിക്കൊണ്ടിരുന്നു. മികച്ച വായനക്കാര്‍ പുതിയ പുസ്തകങ്ങള്‍ എത്തിച്ചുകൊടുക്കാനാവശ്യപ്പെട്ടു. അതൊക്കെ പുറമെനിന്നു വരുത്തണം. തപാലില്‍, അതിന് ഒരു മേല്‍വിലാസം വേണം. കാല്‍നടയായി കച്ചവടം നടത്തുന്നയാള്‍ക്ക് മേല്വിലാസമെവിടെ? കോര്‍ട്ട് റോഡിലെ പരിചയക്കാരനായ പെട്ടിക്കച്ചവടക്കാരനെ സമീപിച്ചു. അയാളുടെ ഔദാര്യത്തില്‍ അനുവദിച്ചുകിട്ടിയ അഡ്രസ്സില്‍ പ്രസാധകര്‍ക്കു കത്തുകളയച്ചു.
പുസ്തകങ്ങള്‍ പുറത്തുനിന്നു വരാന്‍ തുടങ്ങി. ആവേശമായി. ആവശ്യക്കാരേറി. നടന്നെത്താനാവുന്നില്ല. മകന്റെ അവശത കണ്ട് കണ്ണുനിറഞ്ഞ അമ്മ കമ്മലൂരിക്കൊടുത്തു. അതു പണയപ്പെടുത്തി ഒരു സൈക്കിള്‍ വാങ്ങി.
സൈക്കിളില്‍ പുസ്തകക്കെട്ടുകളുമായി നാടുചുറ്റുന്ന ചെറുപ്പക്കാരനെ ആളുകള്‍ അത്ഭുതത്തോടെ നോക്കി. ഒട്ടും മുഷിച്ചിലില്ല. ആരോടും പരിഭവമില്ല. ഏതുനേരവും പ്രസാദവാനാണ്. ഊര്‍ജസ്വലനാണ്. എനിക്ക് ഒരു ലക്ഷ്യമുണ്ട്- കാണുന്നവരോടൊക്കെ അയാള്‍ അങ്ങനെ വിളിച്ചുപറയുന്നതായി തോന്നും.
കവി ആര്. രാമചന്ദ്രനെ പരിചയപ്പെടുന്നത് അക്കാലത്താണ്. അതൊരു വഴിത്തിരിവായി. വീണിടം വിഷ്ണുലോകമായിരുന്നു അതുവരെ. കയറിക്കിടക്കാന്‍ ഒരിടമില്ല. അതു പറ്റില്ലെന്നായി മാഷ്. വീടിനോടു ചേര്‍ന്നുള്ള തന്റെ ട്യൂഷന്മുറിയില് കയറി കിടക്കാനാവശ്യപ്പെട്ടു. പുസ്തകവില്പ്പനയുടെ ഉപദേശകനും മാര്‍ഗദര്‍ശിയുമായി അദ്ദേഹം.
യാത്രചെയ്ത് പുസ്തകം വില്‍ക്കുന്ന സംരംഭത്തിന് ഒരു പേരു വേണ്ടിവന്നപ്പോള്‍ ടൂറിങ് ബുക്സ്റ്റാള്‍ എന്ന അസാധാരണമായ പേരു നിര്‍ദ്ദേശിച്ചതും കവിതന്നെ. നഗരപ്രാന്തങ്ങളിലേക്ക് കച്ചവടം വികസിച്ചു. സ്കൂളുകളും കോളേജുകളും സന്ദര്‍ശനകേന്ദ്രങ്ങളായി. സൈക്കിളില്‍ നിന്ന് കാറിലേക്കും സ്ഥിരം കടയിലേക്കും ടി.ബി.എസ് വളര്‍ന്നു. മുനിസിപ്പല്‍ എക്സിബിഷനില്‍ ആദ്യമായി പുസ്തകങ്ങള്‍ക്ക് ഒരു സ്റ്റാള്‍ ഒരുക്കാവുന്ന വിധം മുതിര്‍ന്നു.
1966 ല്‍ പൂര്‍ണ പബ്ലിക്കേഷന്‍സ് ആരംഭിച്ചതിന്റെ പശ്ചാത്തലം ഇങ്ങനെ: ‘സ്കൂള്‍-കോളേജ് ലൈബ്രറികള്‍ക്കും മറ്റു ഗ്രന്ഥശാലകള്‍ക്കും മലയാള പുസ്തകങ്ങള്‍ നല്‍കാനുള്ള കരാറുകള്‍കൂടി ടിബിഎസ്സിനു ലഭിച്ചുതുടങ്ങിയതോടെ എനിക്ക് പുസ്തകങ്ങളുടെ ദൗര്‍ലഭ്യം അനുഭവപ്പെടാന്‍ തുടങ്ങി. അക്കാലത്ത് ആകാശവാണിയില്‍ ജോലിയെടുത്തിരുന്ന ഉറൂബ് സ്ഥിരമായി ടിബിഎസ്സില് വരുമായിരുന്നു. സ്വന്തമായി മലയാള പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചുതുടങ്ങണമെന്ന് നിര്‍ദ്ദേശിച്ചത് അദ്ദേഹമാണ്.’
പത്തുരൂപ മുഖവിലയില്‍ എട്ടു പുസ്തകങ്ങള്‍ ഒരുമിച്ചു പ്രസിദ്ധീകരിച്ചുകൊണ്ടാണ് പൂര്‍ണയുടെ രംഗപ്രേവശം. മാരാര്‍ പറയുന്നു: ‘നല്ല പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുക, എഴുത്തുകാരുമായി നല്ല ബന്ധം പുലര്‍ത്തുക, സാഹിത്യത്തിന്റെയും സര്‍ഗാത്മകതയുടെയും വളര്‍ച്ചക്ക് വേണ്ടതെല്ലാം ചെയ്യുക- ഇവയത്രേ പൂര്‍ണയുടെ എക്കാലത്തെയും ലക്ഷ്യങ്ങള്‍. കൂടുതല്‍ ലാഭമുണ്ടാക്കുന്ന കൃതികളില്‍ ഒതുങ്ങിനില്ക്കാതെ ക്ലാസിക്കുകളുടെയും കവിതകളുടെയും നാടകങ്ങളുടെയും ബാലസാഹിത്യത്തിന്റെയും ജീവചരിത്രത്തിന്റെയുമൊക്കെ ലോകത്ത് പൂര്‍ണ സജീവമാണ്.’
പൂര്‍ണയുടെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും നല്‍കിവരുന്ന ഉറൂബ് അവാര്‍ഡ് പുതിയ നോവലിസ്റ്റുകളെ കണ്ടെത്തുന്നതിനുള്ള മികച്ച സംരംഭമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പൂര്‍ണ സാഹിത്യവേദിയുടെ പ്രതിമാസ പരിപാടികളും ശ്രദ്ധേയം. ‘പൂര്‍ണശ്രീ’ എന്ന പേരില്‍ ഒരു മാസികയും പ്രസിദ്ധീകരിച്ചുവരുന്നു.
കേരള ബുക് പബ്ലിഷേഴ്സ് ആന്‍ഡ് സെല്ലേഴ്സ് അസോസിയേഷന് അധ്യക്ഷന്‍, ഫെഡറേഷന് ഓഫ് ഇന്ത്യന്‍ പബ്ലിക്കേഷന്‍സ് ഉപാധ്യക്ഷന്‍ എന്നീ പദവികള്‍ വഹിച്ചിട്ടുള്ള എന്‍.ഇ. ബാലകൃഷ്ണമാരാര്‍ കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമായി നഗരത്തില്‍ത്തന്നെ സകുടുംബം താമസിക്കുന്നു.
ശതാഭിഷേക നിറവിലും മുടക്കമില്ലാതെ തന്റെ പുസ്തകശാലയിലെത്തുന്നു. അക്ഷരങ്ങളുടെ ലോകത്തുനിന്നു മാറിനില്ക്കാന് അദ്ദേഹത്തിനാകില്ലല്ലോ. ജീവിതത്തെ അങ്കലാപ്പോടെ നോക്കിക്കാണുന്ന ഏതു മനുഷ്യനും ഉത്തമമായൊരു പാഠപുസ്തകമാണ് ബാലകൃഷ്ണമാരാരുടെ ജീവിതകഥ. ഇംഗ്ലീഷിലും ഹിന്ദിയിലും തമിഴിലും പരിഭാഷകള്‍ വന്നുകഴിഞ്ഞ ‘കണ്ണീരിന്റെ മാധുര്യം’ കേവലം ആത്മകഥയല്ല, ആയുധമൊന്നുമില്ലാതെ ജീവിതത്തിന്റെ പടക്കളത്തിലിറങ്ങിയ ഒരു ബാലന് അവിടെ സര്വസൈന്യാധിപനായതിന്റെ ദൃക്സാക്ഷി വിവരണമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: