ചൂട് കൂടിവരികയാണെന്ന കാര്യത്തിൽ ആർക്കുംതർക്കമില്ല. ഭൂമിയുടെ അന്തരീക്ഷം ചൂടാവുന്നതാണതിന്റെ കാരണമെന്ന കാര്യത്തിലും തർക്കമില്ല. അന്തരീക്ഷത്തിലേക്ക് കടന്നുവരുന്ന സൂര്യതാപം പുറത്തുപോകുന്നില്ല. കാരണം അന്തരീക്ഷത്തിൽ പരക്കെ വ്യാപിച്ച ‘ഹരിതഗൃഹ’ വാതകങ്ങൾ അവ ഭൂമണ്ഡലത്തിൽ കടന്നുവരുന്ന ചൂടിനെ പുറത്തുപോകാനാവാതെ കുടുക്കുന്നു. പിന്നെ ഭൂഗോളം ചൂടാവാതിരിക്കുന്നതെങ്ങനെ? ചൂടു കൂടുന്നതനുസരിച്ച് കാലാവസ്ഥ തകിടം മറിയാതിരിക്കുന്നതെങ്ങനെ? മഞ്ഞുമലകൾ ഉരുകിത്തീരുകയും വിളഭൂമികൾ മരുഭൂമികളായിത്തീരുകയും ചെയ്യാതിരിക്കുന്നതെങ്ങനെ….?
വില്ലന്മാരായ ‘ഹരിതഗൃഹ’ വാതകങ്ങൾ അഥവാ ഗ്രീൻഹൗസുകൾ എന്ന് കേൾക്കുന്ന മാത്രയിൽ നമ്മുടെ ഓർമയിൽ വരിക കാർബൺ ഡൈ ഓക്സൈഡും മീതേനുമൊക്കെ. പക്ഷേ അളവിൽ കുറവെങ്കിലും അന്തരീക്ഷത്തിലെ ചൂടുപിടിച്ചു വയ്ക്കുന്ന കാര്യത്തിൽ അവയെക്കാളും ചുരുങ്ങിയത് ആയിരമിരട്ടിയെങ്കിലും വീര്യമുള്ള ചില വില്ലന്മാരുണ്ട്. പേര് ഹൈഡ്രോ യൂറോ കാർബണുകൾ. എച്ച്എഫ്സിയെന്ന് ചെല്ലപ്പേര്. എയർകണ്ടീഷനുകളിലും റഫ്രിജറേറ്ററുകളിലും മുതൽ ശ്വാസകോശരോഗത്തിനു വലിച്ചുകയറ്റുന്ന ഇൻഹേലറിൽ വരെ വ്യാപകമായി ഉപയോഗിക്കുന്ന വാതകങ്ങൾ. തണുപ്പിക്കുന്ന കാര്യത്തിലാണ് ഉപയോഗമെങ്കിലും പുറത്തുചാടിയാൽ ചൂടാക്കുന്ന കാര്യത്തിലത്രെ ഇവയ്ക്ക് വിരുത്.
ഭൂമിയിലേക്ക് പതിക്കുന്ന അൾട്രാവയലറ്റ് കിരണങ്ങൾ തടഞ്ഞുനിർത്തുന്ന ഓസോൺ പാളിയെക്കുറിച്ച് നമുക്കറിയാം. ഓസോൺ കുടയിൽ വിള്ളൽ വീണത് പണ്ട് നാട്ടാരെ ആശങ്കാകുലരാക്കുകയും ചെയ്തതാണ്. തണുപ്പിക്കൽ യന്ത്രത്തിൽ വ്യാപകമായുപയോഗിച്ച ക്ലോറോ ഫ്ളൂറോ കാർബണുകളായിരുന്നു അന്ന് വില്ലന്മാർ. തുടർന്ന് ശാസ്ത്രലോകം ഉണർന്നു. നയത്രന്തലോകം ചലിച്ചു. ഒടുവിൽ 1987 ൽ മോൺട്രിയോളിൽ ചേർന്ന ആഗോള ഉച്ചകോടി ക്ലോറോഫ്ളൂറോ കാർബണുകളെ പുറത്താക്കി. ഹൈഡ്രോ ഫ്ളൂറോ കാർബണുകളെ തൽസ്ഥാനത്ത് കുടിയിരുത്താൻ തീരുമാനിച്ചു. പിന്നെ കണ്ടത് ഇവയുടെ നിറഞ്ഞാട്ടമാണ്. ഒടുവിൽ ഇവയെ കൂച്ചുവിലങ്ങിട്ടേ പറ്റൂ എന്ന സ്ഥിതിയെത്തി. പക്ഷേ പൂച്ചയ്ക്ക് ആര് മണികെട്ടുമെന്നതായി പ്രശ്നം.
ഈ സാങ്കേതികവിദ്യ കൊണ്ട് ഏറെ വരുമാനമുണ്ടാക്കിയത് വികസിത രാജ്യങ്ങളായ അമേരിക്കയും യൂറോപ്യൻ യൂണിയനുമൊക്കെ. പക്ഷേ ഈ വിദ്യകൊണ്ട് നന്നാകാൻ തുടങ്ങുക മാത്രമായിരുന്ന അവികസിത രാജ്യങ്ങൾ പിന്നോട്ടുപോകാൻ തയ്യാറായില്ല. ലോകമാകെ മലിനീകരിച്ച് പണമുണ്ടാക്കിയ ശേഷം മറ്റുള്ളവർ അതിൽനിന്ന് പിന്മാറണമെന്ന് കൽപിക്കുന്ന സാരോപദേശത്തിൽ അവർക്ക് തരിമ്പും താൽപര്യമുണ്ടായില്ല. പക്ഷേ, ഒടുവിൽ കിഗാലിയിൽ മഞ്ഞുരുകി.
അധികമാരും അറിയുന്ന സ്ഥലമല്ല കിഗാലി. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ കൊച്ചുരാജ്യമായ റുവാൻഡയുടെ തലസ്ഥാനം. ഈ വർഷം ഒക്ടോബർ 15 ന് ലോകത്തിന്റെ നാനാഭാഗത്തുനിന്ന് 170 രാഷ്ട്രങ്ങളെ പ്രതിനിധീകരിക്കുന്ന ഔദ്യോഗിക പ്രതിനിധികൾ കിഗാലിയിൽ പറന്നിറങ്ങി. അവർ ഒരുപാട് സംസാരിച്ചു. ആശങ്കകൾ പങ്കുവച്ചു. ഒടുവിൽ ഭൂമിയെ വറചട്ടിയാക്കി മാറ്റുന്ന ആഗോളതാപനത്തിന് ചൂട്ടുപിടിക്കുന്ന മലിനവാതകങ്ങളുടെ ഉത്സർജനം തടയുന്നതിനുള്ള കരാറിൽ ഒപ്പുവയ്ക്കുകയും ചെയ്തു. മോൺട്രിയോളിൽ വർഷങ്ങൾക്കു മുൻപ് തയ്യാറാക്കിയ കരാറിന് കരുത്തുനൽകുന്ന പുത്തൻ കരാറിനാണവർ രൂപം നൽകിയത്. നിയമപരമായി നിലനിൽപ്പുള്ളതും ഒപ്പുവച്ച രാജ്യങ്ങളെല്ലാം അപ്പടി അനുസരിക്കാൻ ബാധ്യതയുള്ളതുമായ ഒരു കരാർ. അതിന്റെ നടപ്പാക്കൽ ഐക്യരാഷ്ട്രസഭയുടെ ഓസോൺ സെക്രട്ടറിയേറ്റിന്റെ ദൗത്യവുമാണ്.
കാലാവസ്ഥാമാറ്റം നിയന്ത്രിക്കുന്നത് സംബന്ധിച്ച് ലോകരാഷ്ട്രങ്ങൾ ഒത്തുകൂടി ഒപ്പുവച്ച പാരീസ് കരാറിന്റെയത്ര പ്രാധാന്യം കിഗിലിയിലെ സമ്മേളനത്തിന് ലഭിച്ചില്ലെന്നത് നേര്. പക്ഷേ ഭൂമണ്ഡലത്തിലെ ചൂട് കുറയ്ക്കുന്നതിലും കൈവിട്ട് കുതിക്കുന്ന ആഗോളതാപനത്തെ പിന്നാക്കം പിടിക്കുന്നതിലും കിഗാലി കരാറിനാവും കൂടുതൽ ക്രിയാത്മകമായി ചെയ്യാനാവുക. വാഹനങ്ങൾ, താപനിലയങ്ങൾ, ഫാക്ടറികൾ എന്നിവയ്ക്കായി ഉപയോഗിക്കുന്ന ജൈവ ഇന്ധനങ്ങളിൽ നിന്ന് പുറത്തുചാടുന്ന കാർബൺ ഡൈ ഓക്സൈഡിനും മറ്റും മൂക്കുകയറിടുന്നതിനായിരുന്നു പാരീസിലെ ഉടമ്പടി. പാരീസ് കരാർ അയവുള്ളതും കർക്കശവുമായിരുന്നില്ല. പക്ഷേ കിഗാലിയിലെ കരാർ സമയബന്ധിതവും നിശ്ചിത ലക്ഷ്യത്തോടുകൂടിയതുമാണ്; അനുസരിക്കാൻ നിയമപരമായ ബാധ്യതയുള്ളതാണ്; നിശ്ചിത കാലയളവിൽ ഹൈഡ്രോഫ്ളൂറോ കാർബൺ ഉൽപാദനം നിർത്തുന്നതിനും ബദൽ രാസവസ്തുക്കൾ പ്രയോഗത്തിൽ വരുത്തുന്നതിനും ഉറപ്പുനൽകുന്നതാണ്.
ഈ സാങ്കേതികവിദ്യയുപയോഗിച്ച് കാശുണ്ടാക്കുകയും മലിനീകരണം നടത്തുകയും ചെയ്ത വികസിത രാജ്യങ്ങൾ ചുരുങ്ങിയ കാലാവധിക്കുള്ളിൽത്തന്നെ നിർമാണം പൂർണമായും നിർത്തണമെന്നാണ് വ്യവസ്ഥ. വികസ്വര-അവികസിത രാജ്യങ്ങൾക്ക് അൽപംകൂടി നീണ്ട കാലയളവാണ് അനുവദിച്ചിട്ടുള്ളത്. ഉദാഹരണത്തിന് 2024-2026 ൽ ഇന്ത്യ എച്ച്എഫ്ഡി ഉൽപാദനവും ഉപയോഗവും പൂർണമായും അവസാനിപ്പിക്കണം. അവികസിത രാജ്യങ്ങൾക്ക് ഈ സാങ്കേതികവിദ്യ മൂലം ഉണ്ടാകാവുന്ന നഷ്ടം നികത്തുന്നതിനുവേണ്ട ഹരിത സാങ്കേതിക വിദ്യകൾ നൽകാൻ വികസിത രാജ്യങ്ങൾ ബാധ്യസ്ഥമാണെന്ന് കരാർ പറയുന്നു.
ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഭൗമാന്തരീക്ഷത്തിലെ ചൂട് ഒരു ഡിഗ്രി കണ്ട് കുറയ്ക്കാൻ കരാറിന് കഴിയുമെന്നാണ് പ്രതീക്ഷ. അതുകൊണ്ടാണ് ‘ആഗോള താപനം തടയുന്നതിൽ ദൂരവ്യാപകമായ ഫലമുണ്ടാക്കുന്ന ഉടമ്പടി’യെന്ന് അമേരിക്കൻ പ്രസിഡന്റ് ഒബാമ കിഗാലി കരാറിനെ വിശേഷിപ്പിച്ചത്.
റഫ്രിജറേഷൻ വ്യവസായ മേഖലയിൽ ഏറെ പണം മുടക്കിയിട്ടുള്ള രാജ്യം എന്ന നിലയിൽ നമ്മുടെ രാജ്യത്തിന് ഒരുപാട് സാമ്പത്തിക നഷ്ടം ഈ കരാർ വരുത്തിയേക്കാം. പക്ഷേ ഭൂമിയെ രക്ഷിക്കാനുള്ള മഹത്തായ സംരംഭത്തിൽ നിന്ന് തരിമ്പും പിന്നോക്കം പോവില്ലായെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. എന്തു വിലകൊടുത്തും ആഗോളതാപനം തടഞ്ഞ് ഭൂഗോളത്തെയും അതിലെ സമസ്ത ചരാചരങ്ങളെയും രക്ഷിക്കുകയെന്ന നിലപാടിൽ ഇന്ത്യ ഉറച്ചുനിൽക്കുകയാണ്. പക്ഷേ മറ്റ് പല രാജ്യങ്ങളും അങ്ങനെയല്ല. അവരെ സംബന്ധിച്ചിടത്തോളം കരാറുകൾ ഒപ്പുവയ്ക്കാനുള്ളതാണ്. എന്നാൽ അത്യപകടകാരികളായ ഹൈഡ്രോഫ്ളൂറോ കാർബണുകളെ പടിയടച്ച് പുറത്താക്കാനുള്ള കിഗാലി കരാർ അതേപടി അനുസരിക്കാൻ അത്തരം രാജ്യങ്ങൾ ഇനി ബാധ്യസ്ഥരാണ്. അതാണ് ഈ കരാറിന്റെ ശക്തി. കരാർ ഒപ്പുവയ്ക്കാൻ തീരുമാനിച്ച നിമിഷം കിഗാലി കൺവെൻഷൻ സെന്ററിൽ കണ്ട ആഹ്ളാദാരവങ്ങളും ആർപ്പുവിളികളും ലോകരാഷ്ട്രങ്ങളുടെ പ്രതിബദ്ധതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: