പരപ്പനങ്ങാടി: പെരുവള്ളൂര്‍ പഞ്ചായത്തിലെ വലക്കണ്ടിയില്‍ സ്വന്തം വീടിന് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ ജെസിബി പയോഗിച്ചുള്ള പ്രവൃത്തി നോക്കി നിന്ന ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ചെങ്കല്‍ ക്വാറി മാഫിയയുടെ ക്രൂരമര്‍ദ്ദനം.
വലക്കണ്ടിയിലെ കുറുമ്പത്ത് സുരേഷിന്റെയും മഞ്ജുഷയുടെയും മകനായ അശ്വന്തി(11)നെയാണ് മര്‍ദ്ദിച്ചത്. പരിക്കുകളോടെ അശ്വന്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ടിഐഒയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ അശ്വന്ത് പുരയിടത്തിന് സമീപത്തെ ഭൂമിയില്‍ പ്രവേശിച്ചതിനാണ് ചെങ്കല്‍ ക്വാറി ഉടമയുടെ നേത്യത്വത്തില്‍ ആക്രമണമുണ്ടായത്.
ചെങ്കല്‍ വെട്ടുന്ന മഴുവിന്റെ താഴ്ഭാഗം ഉപയോഗിച്ച് കുട്ടിയുടെ നടുവിനും ഇരുകാലുകള്‍ക്കും മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ദ്യക്സാക്ഷികള്‍ പറയുന്നു.
അടിയേറ്റ് അവശനിലയിലായ അശ്വന്തിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ക്രൂര മര്‍ദ്ദനത്തില്‍ അവശനിലയിലായ കുട്ടിക്ക് എഴുന്നേറ്റ് നില്ക്കാന് പോലും സാധിക്കാത്ത അവസ്ഥയിലാണ്. വിദ്യാര്‍ത്ഥിയുടെ കുടുംബാംഗങ്ങളുടെയും പ്രദേശവാസികളുടെയും പരാതി പ്രകാരം ഈ പ്രദേശത്ത് ചെങ്കല്‍ ഖനനം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
കോടതി നിരോധനം മറികടന്നു കൊണ്ടുള്ള ക്വാറി പ്രവര്‍ത്തനം നാട്ടുകാര്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കിയില്ലെന്ന് പരിസരവാസികള്‍ പറയുന്നു. ചെങ്കല്‍ ഖനനം തുടര്‍ന്നാല്‍ പുരയിടത്തിനോട് ചേര്‍ന്ന് വന്‍ ചെങ്കല്‍ കുഴി രൂപപ്പെടുമെന്നും അത് വീടിന് തന്നെ ഭീഷണിയാകുമെന്നതിനാലുമാണ് പരാതി നല്‍കിയതെന്ന് അശ്വന്തിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു.
പോലീസ്-ജിയോളജി വകുപ്പുകളിലും അനധികൃത ചെങ്കല്‍ ക്വാറി സംബസിച്ച പരാതി നിലനില്‍ക്കുന്നുണ്ട്. നിരവധി പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന അനധികൃത ക്വാറികള്‍ക്കെതിരെ നാട്ടുകാര്‍ പരാതിപ്പെടുണ്ടെങ്കിലും ബന്ധപ്പെട്ട അധികൃതരുടെ ഒത്താശയോടെ ചെങ്കല്‍ ക്വാറികള്‍ വീണ്ടും പ്രവര്‍ത്തിക്കുകയാണ്. തേഞ്ഞിപ്പലം പോലീസില്‍ ഇത് സംബന്ധിച്ച് നിരവധി പരാതികളുണ്ടെങ്കിലും യാതൊരു നടപടിയുമായിട്ടില്ല. പിഞ്ചുബാലന് ചെങ്കല്‍ ക്വാറി മാഫിയയുടെ ക്രൂര മര്‍ദ്ദനമേറ്റ സംഭവത്തില്‍ പെരുവള്ളുരിലെ വിവിധ രാഷ്ട്രീയ-സാമൂഹ്യ സാസ്കാരിക സംഘടനകള്‍ പ്രതിഷേധിച്ചു. മനുഷ്യത്വരഹിതമായ ഈ സംഭവത്തില്‍ ചൈല്‍ഡ് ലൈനിനും, സംസ്ഥാന ബാലാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: