കാഞ്ഞങ്ങാട്: തുലാമഴ ലഭിക്കാഞ്ഞതോടെ പച്ചക്കറി കര്‍ഷകരും ദുരിതത്തില്‍. നാടന്‍ പച്ചക്കറി കൃഷിയില്‍ വന്‍ കുറവാണു ഇത്തവണ ഉണ്ടായിരിക്കുന്നത്. കൊയ്ത്തിനു ശേഷമാണു സാധാരണ വയലുകളില്‍ പച്ചക്കറി കൃഷിക്കായി നിലമൊരുക്കാറ്. എന്നാല്‍ ഇത്തവണ വയലുകളെല്ലാം വരണ്ടുണങ്ങി കിടക്കുകയാണ്.
ശീതകാല പച്ചക്കറി കൃഷിക്കു പേരുകേട്ട സ്ഥലമാണു എരിക്കുളം. എന്നാല്‍ ഇത്തവണ എരിക്കുളം വയലിലേയും സ്ഥിതി വ്യത്യസ്തമല്ല. 15 ഏക്കര്‍ വരുന്ന ഈ വയലില്‍ ഇത്തവണ ചെറിയ സ്ഥലത്തു മാത്രമാണു പച്ചക്കറി കൃഷിയിറക്കിയിരിക്കുന്നത്. ജലസേചനത്തിനായുള്ള കുഴികളെല്ലാം വറ്റിവരണ്ടു കിടക്കുകയാണ്. ഇതില്‍ പ്ലാസ്റ്റിക് ഷീറ്റു വിരിച്ച് വളരെ ദൂരെ നിന്നും പൈപ്പു വെള്ളമെത്തിച്ചാണു കൃഷി നനയ്ക്കുന്നത്. വരണ്ടുണങ്ങിയ വയല്‍ കിളച്ചു കൃഷിക്കായൊരുക്കാന് തന്നെ ഏറെ ബുദ്ധിമുട്ടിയെന്നു കര്‍ഷകര്‍ പറയുന്നു. നൂറോളം കര്‍ഷകരാണു ഇവിടെയുള്ളത്.
മഴ തീര്‍ത്തും പെയ്യാതിരുന്നാല്‍ വൈകാതെ തന്നെ പ്രദേശത്തെ കിണറുകളും വറ്റിവരളുമെന്ന ആശങ്കയിലാണു ഇവരുള്ളത്. നട്ട പച്ചക്കറിത്തൈകള്‍ തളിരിടാനായി മഴയെ കാത്തിരിക്കുകയാണു ഇവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: