കാസര്‍കോട്: നൂതന സാങ്കേതിക വിദ്യയോടെ സംസ്ഥാനത്തെ റോഡുകള്‍ നവീകരിക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് മന്ത്രി ജി സുധാകരന് പറഞ്ഞു. വിദ്യാനഗര്‍-സീതാംഗോളി റോഡിന്റെയും ഉപ്പള-കനിയാന റോഡിന്റെയും നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് വിദ്യാനഗറില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റബ്ബര്‍ മിശ്രിതം, പ്ലാസ്റ്റിക് തുടങ്ങിയവയൊക്കെ റോഡ് നിര്‍മ്മാണത്തിനായി ഉപയോഗിക്കും. ദീര്‍ഘകാലം ഈടു നില്ക്കുന്ന റോഡുകളാണ് നിര്‍മ്മിക്കുന്നത്. വിദ്യാനഗര്‍- സീതാംഗോളി, ഉപ്പള-കനിയാന റോഡുകളുടെ പ്രവൃത്തിക്ക് ഒരു കിലോമീറ്ററിന് മൂന്നരകോടി രൂപയാണ് നിര്മ്മാണചെമലവ്. 85 കോടിയോളം രൂപ ചെലവിട്ട് ഈ റോഡുകള്‍ 13 വര്‍ഷത്തെ ഗ്യാരണ്ടി പിരീഡോടെയാണ് നിര്‍മ്മിക്കുന്നത്. ഈ കാലയളവില്‍ റോഡിന് അറ്റകുറ്റപ്പണി കരാറുകാരന് നടത്തണം. അറ്റകുറ്റപ്പണി വരാത്ത രീതിയിലായിരിക്കണം ആദ്യം തന്നെ റോഡ് നിര്‍മ്മാണം നടത്തേണ്ടത്. റോഡിനോട് ചേര്‍ന്ന് ഓവുചാലും വേണം. ഓവുചാലിന്റെ മുകള്‍ പരപ്പ് റോഡിനോട് സമനിലയിലായിരിക്കണം.
കര്‍ണ്ണാടകയുടെ അതിര്‍ത്തിയായ നന്ദാരപ്പദവ് മുതല്‍ തിരുവനന്തപുരത്തിന്റെ തെക്കേയറ്റം വരെ 1200 കി.മീ. നീളത്തില്‍ മലയോര ഹൈവേയും തീരദേശ ഹൈവേയും കേരളത്തില്‍ യാഥാര്‍ത്ഥ്യമാവുകയാണ്. ചെര്‍ക്കള ജംഗ്ഷനിലും കാസര്‍കോട് പ്രസ് ക്ലബ്ബ് ജംഗ്ഷനിലും റോഡുകള്‍ നവീകരിച്ചത് അശാസ്ത്രീയമാണെന്ന പരാതിയില്‍ അന്വേഷണം നടത്തുമെന്നും മന്ത്രി ജി സുധാകരന് പറഞ്ഞു. പരിപാടിയില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിച്ചു. എം എല്‍ എ മാരായ പി ബി അബ്ദുള്‍ റസാഖ്, കെ കുഞ്ഞിരാമന്,ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു, നഗരസഭാ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം, കൗണ്‍സിലര്‍ കെ സബിത, ജില്ലാ പഞ്ചായത്തംഗം പുഷ്പ അമേക്കള, വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാരായ മാലതി സുരേഷ്, ഭാരതി ജയഷെട്ടി, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ജെയ്ക് ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: