പത്തനംതിട്ട: ജൈവ പച്ചക്കറികൃഷിയില്‍ മികവുതെളിയിച്ച് വനിതാ കൂട്ടായ്മ. കോന്നി ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡിലെ അട്ടച്ചാക്കല്‍ ഐശ്വര്യ കുടുംബശ്രീയാണ് വിഷരഹിത പച്ചക്കറി വിളയിക്കുന്നത്.
15 സെന്റ് സ്ഥലത്ത് പയര്‍, പാവല്‍, വെണ്ട , വഴുതന, ചീര, പച്ചമുളക് തുടങ്ങിയവയാണ് ഇവര്‍ കൃഷിചെയ്യുന്നത്.ആദ്യ വിളവെടുപ്പില്‍ പയറും വെണ്ടയുമാണ് മെച്ചപ്പെട്ട വിളവ് നല്‍കിയത്. പച്ചക്കറികള്‍ വിളവെടുപ്പിന് പാകമാകുമ്പോള്തന്നെ ആവശ്യക്കാര്‍ തേടിയെത്തുന്നതിനാല്‍ കൃഷി ഭവന്റെ പച്ചക്കറി ക്ലസ്റ്ററുകളെ വിപണനത്തിനായി ഇവര്‍ക്ക് ആശ്രയിക്കേണ്ടി വന്നിട്ടില്ല. ഒരുകിലോപയറിന് 80 രൂപയും, വെണ്ടയ്ക്കയ്ക്ക് 40 രൂപയ്ക്കുമാണ് വില്‍പ്പന. സുഭദ്ര എസ്.കുമാര്‍, സ്നേഹപ്രഭ എന്നിവര്‍ നേതൃത്വം നല്കുന്ന ഗ്രൂപ്പില്‍ ഒന്‍പത് അംഗങ്ങളാണ് കൃഷിയില്‍ സജീവമായുള്ളത്. വളരെ ചിലവുകുറച്ചാണ് വനിതാകൂട്ടായ്മയുടെ പ്രഥമ സംരംഭം. അതിനാല്‍ ലാഭവിഹിതം പ്രതീക്ഷിച്ചതിലും ഉയര്‍ന്നതിന്റെ ആഹ്ലാദത്തിലുമാണ് അംഗങ്ങള്‍. ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് പുറമേ നാട്ടുകാരുടെ സഹായം ഇവര്‍ക്ക് കരുത്താകുന്നു. സൗജന്യമായി ലഭിച്ച ഭൂമിയിലാണ് പച്ചക്കറിത്തോട്ടം. ഇവിടെ കാടുതെളിയിച്ച് കിളച്ച് കൃഷിക്കായി ഒരുക്കിയെടുത്തതും ഇവര്‍തന്നെയാണ്. പാവലും പയറും പടര്‍ത്താന്‍ പന്തല്‍ നിര്‍മ്മിക്കാന്‍ സമീപവാസികളായ പുരുഷന്മാരും സഹായിച്ചു. ആദ്യകൃഷിയിറക്കിന് വളം, കയര്‍ തുടങ്ങി ആയിരം രൂപയില്‍ താഴെമാത്രമാണ് മുതല്‍മുടക്ക്. കോന്നി കൃഷിഭവന്റെ സഹായത്തോടെയാണ്ജൈവകൃഷി നടത്തുന്നത്. കൃഷിക്കാവശ്യമായ വെള്ളം സമീപത്തെ കിണറ്റില്‍ നിന്നു കോരിയെടുക്കുകയാണ് ഇവര്‍ചെയ്യുന്നത്. വേനല്‍ കടുത്താല്‍ അടുത്തകൃഷിയ്ക്ക് വെള്ളം ലഭിക്കാതാകുമോ എന്ന ആശങ്കയോടൊപ്പംകൃഷി കൂടുതല്‍ വിപുലമാക്കണമെന്ന് ആഗ്രഹവും ഇവര്‍ പങ്കുവെക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: