പത്തനംതിട്ട: കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നവീകരണ നയങ്ങള്‍ക്കെതിരേ ഇടതു മുന്നണി സംസ്ഥാന വ്യാപകമായി ഇന്ന് ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താല്‍ ശബരിമല തീര്‍ത്ഥാടകരെ ദോഷമായി ബാധിക്കും.
തീര്‍ത്ഥാടക വാഹനങ്ങളെ ഒഴിവാക്കിയതായി അറിയിച്ചിട്ടുണ്ടെങ്കിലും പലയിടങ്ങളിലും വാഹന ഗതാഗതവും തടസ്സപ്പെടാനാണ് സാധ്യത. ഹര്‍ത്താലിന്റെ മറവില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്ക് നേരെ ആക്രമം നടത്തിയ സംഭവങ്ങളും മുമ്പ് ഉണ്ടായിട്ടുണ്ട്. തീര്ത്ഥാടതക ജില്ല എന്ന നിലയില്‍ പത്തനംതിട്ട ജില്ലയെ എങ്കിലും ഹര്‍ത്താലില്‍ നിന്ന് പൂര്‍ണ്ണമായി ഒഴിവാക്കണമെന്ന് ഹൈന്ദവ സംഘടനകളടക്കം ആവശ്യപ്പെട്ടെങ്കിലും സിപിഎം ഇതിന് തയ്യാറായിട്ടില്ല. ജില്ലാ ആസ്ഥാനത്തടക്കം കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നതോടെ അന്യസംസ്ഥാനക്കാരടക്കമുള്ള അയ്യപ്പന്മാര് കുടിവെള്ളത്തിനടക്കം ബുദ്ധിമുട്ടേണ്ടിവരുമെന്നും ഉറപ്പാണ്. ശബരിമല തീര്‍ത്ഥാടനക്കാലത്ത് ജില്ലയില്‍ ഹര്‍ത്താല്‍ നടത്തില്ലെന്ന് മുമ്പ് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിനും വിരുദ്ധമായാണ് ഇടതു മുന്നണിയുടെ ഇന്നത്തെ ഹര്‍ത്താല്‍.
ഹര്‍ത്താലില്‍ നിന്നും റാന്നി താലൂക്കിനേയും സീതത്തോട്, ചിറ്റാര്‍ പഞ്ചായത്തുകളേയും ഒഴിവാക്കിയതായി അറിയിച്ചിട്ടുണ്ടെങ്കിലും ഇതുകൊണ്ട് മാത്രം തീര്‍ത്ഥാടകരുടെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാകില്ല. സംസ്ഥാനത്ത് ഭരണം നടത്തുന്ന ഇടതു മുന്നണിതന്നെ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ അനൂകൂലികളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ശ്രമിക്കും.
നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുകയും വാഹന ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്യുന്ന പ്രവര്‍ത്തകരെ തടയാന്‍ പോലീസും കാര്യക്ഷമമായി ശ്രമിക്കാറില്ലെന്നാണ് മുന്‍കാല അനുഭവങ്ങള്‍ വെളിവാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: