ശബരിമല: അയ്യപ്പ ഭക്തര്‍ക്കുള്ള യാത്രാസൗകര്യം ഉറപ്പു വരുത്തുന്നതിന് കെഎസ്ആര്‍ടിസി പമ്പയില്‍ നിന്ന് കൂടുതല്‍ അന്തര്‍സംസ്ഥാന ബസ് സര്‍വ്വീസുകള്‍ ആരംഭിച്ചു. കോയമ്പത്തൂര്‍, കന്യാകുമാരി റൂട്ടുകളിലേക്ക് ഇന്നലെ മുതല്‍ സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ ഓടിത്തുടങ്ങി. മറ്റ് ഭാഗങ്ങളിലേക്ക് അനുവദിച്ചിട്ടുള്ള ബസുകള്‍ പമ്പയില്‍ തയ്യാറായി നില്ക്കും. ദീര്‍ഘദൂര യാത്രയ്ക്ക് ആവശ്യമായ യാത്രക്കാര്‍ എത്തുന്നതനുസരിച്ച് ഇവ സര്‍വ്വീസ് നടത്തും.
പുനലൂര്‍ വഴി തെങ്കാശിക്ക് ഏഴ് ബസ്, കുമളി- കമ്പം- തേനി വഴി പളനിക്ക് നാല്, മധുരയിലേക്ക് മൂന്ന്, ചെന്നൈയിലേക്ക് രണ്ട് ശബരി ഡീലക്സും രണ്ട് സൂപ്പര്‍ഫാസ്റ്റും, തേനിയിലേക്ക് മൂന്ന് ബസ് എന്നിങ്ങനെയാണ് സര്‍വ്വീസ് അനുവദിച്ചിട്ടുള്ളത്.
കോയമ്പത്തൂരിലേക്ക് രാവിലെ അഞ്ചിനും ഏഴിനും സര്‍വ്വീസുണ്ട്.
മറ്റുള്ളവയുടെ കൃത്യമായ ഷെഡ്യൂള്‍ തയ്യാറായിട്ടില്ല. തിരക്ക് കൂടുന്നതു വരെ ആവശ്യകതയനുസരിച്ചാകും സര്‍വ്വീസ്. നിലവില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ഇല്ല. തിരക്ക് കൂടുന്നതോടെ കെഎസ്ആര്‍ടിസി യുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ ബുക്കിംഗിന് സൗകര്യമുണ്ടാകും. വിവരങ്ങള്‍ക്ക്: ഫോണ്‍- 04735 203445.
പ്രതികരിക്കാൻ ഇവിടെ എഴുതുക: