അകത്തേത്തറ: സംസ്ഥാന സര്‍ക്കാരിന്റെ മെല്ലെപ്പോക്ക് മൂലം നടക്കാവ് റെയില്‍വേ മേല്‍പ്പാല നിര്‍മാണ നടപടികള്‍ ഇഴഞ്ഞുനീങ്ങുന്നു. നിര്‍മാണ നടപടികളുടെ ഭാഗമായി ‘ജനറല്‍ അറേഞ്ച്മെന്റ് ഡ്രോയിങ്’ തയാറാക്കി റെയില്‍വേയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചെന്നു വകുപ്പു മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതുവരെ അത്തരത്തിലുള്ള രേഖകളൊന്നും റെയില്‍വേക്കു സമര്‍പ്പിച്ചിട്ടില്ലെന്നു വിവരാവകാശ രേഖകള്‍ പറയുന്നു.
സ്ഥലം എംഎല്‍എകൂടിയായ ഭരണ പരിഷ്കരണ കമ്മിഷന് ചെയര്മാന് വി.എസ്.അച്യുതാനന്ദന് നിയമസഭയില്‍ ഉന്നയിച്ച ഉപക്ഷേപത്തിനുള്ള മറുപടിയില്‍ പാലം നിര്‍മാണത്തിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നു പൊതുമരാമത്ത് വകുപ്പു മന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഭാഗത്തു നിന്ന് വേണ്ട ശുഷ്കാന്തി ഉണ്ടായിട്ടില്ല.
പാലം നിര്‍മാണത്തിന്റെ തുടര്‍ നടപടിക്ക് അനുമതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് റോഡ്സ് ആന്‍ഡ് ബ്രിജസ് കോര്പറേഷന് പിഡബ്ല്യുഡിക്കു നല്കിയ കത്തിലും തീരുമാനം വൈകുകയാണ്. ആര്‍ബിഡിസിയുടെ നിര്‍ദേശപ്രകാരം കിറ്റ്കോയാണു പാലത്തിന്റെ രൂപരേഖ തയാറാക്കിയത്. തുടര്‍ അനുമതികള്‍ ലഭ്യമായാല്‍ മാത്രമേ സ്ഥലമെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനാകൂ. പാലം നിര്‍മാണത്തിനായി സര്‍ക്കാര്‍ 25 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വളരെ കുറച്ചുസ്ഥലം മാത്രമേ ഏറ്റെടുക്കേണ്ടതുള്ളൂ. അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും നടപടിക്രമങ്ങള്‍ വൈകുന്നതായാണു പരാതി. കാലങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ അനുമതി ലഭിച്ച പാലം നിര്‍മാണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും സര്‍ക്കാരിനെയും ജനപ്രതിനിധികളെയും സമീപിക്കാനൊരുങ്ങുകയാണു നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: