കുട്ടിക്കാലത്ത് തുമ്പികളെ പമ്മി പതുങ്ങിച്ചെന്ന് പിടിച്ച ഓര്‍മ്മ പലര്‍ക്കുമുണ്ടാകും. വിവിധ വര്‍ണങ്ങളില്‍ നമുക്ക് മുന്നില്‍ പാറിക്കളിച്ച തുമ്പികളുടെ ദേശാടനം, അവയുടെ ആയുര്‍ദൈര്‍ഘ്യം, വ്യത്യസ്ത പേരുകള്‍ ഇതേക്കുറിച്ചൊക്കെ അറിയണമെന്ന് ആഗ്രഹമില്ലെ? ഇതിനെല്ലാമുള്ള ഉത്തരവുമായി ജോര്ഡിന് മാത്യു (22) നമുക്ക് മുന്നിലുണ്ട്, ഡ്രാഗണ്‍ ഫ്ളൈസ് എന്ന ഡോക്യുമെന്ററിയുമായി. 28 മിനിട്ടാണ് ദൈര്‍ഘ്യം. കോളേജ് പഠനകാലത്തെ യാത്രയ്ക്കിടയിലുള്ള കൗതുകമേറിയ കാഴ്ചയാണ് ജോര്‍ഡിനെ തുമ്പികളുടെ കൂട്ടുകാരനാക്കി മാറ്റിയത്.
തുമ്പിയെ പിടിച്ചു നടക്കേണ്ട പ്രായം കഴിഞ്ഞില്ലെ എന്ന പലരുടേയും ചോദ്യത്തിന് മുന്നില്‍. മനസ്സില്‍ ഉറച്ച് തീരുമാനങ്ങളും ലക്ഷ്യങ്ങളുമായാണ് ഈ ചെറുപ്പക്കാരന് നടന്നത്. ജോലി പോലും ഉപേക്ഷിച്ച് മൂന്നുവര്‍ഷക്കാലമാണ് സ്വപ്നങ്ങളിലെ തുമ്പികള്‍ക്ക് പിന്നാലെ അലഞ്ഞത്. മനുഷ്യരെപ്പോലെ തന്നെ തുമ്പികള്‍ക്കും വ്യത്യസ്ത സ്വഭാവരീതികളുണ്ടത്രെ. ഇടുക്കി, വയനാട്, തേക്കടി, വാഗമണ്‍, കോഴിക്കോട്, രാമക്കല്‍ എന്നിവിടങ്ങളില്‍ രാപകലില്ലാത്ത അധ്വാനത്തിനൊടുവിലാണ് വ്യത്യസ്ത രീതിയിലുള്ള വിവിധയിനം തുമ്പികളെക്കുറിച്ചുള്ള ഡോക്യുമെന്ററി പൂര്‍ത്തിയാക്കിയത്.
വീഡിയോ എഡിറ്റിങ്ങിനിടെ തുമ്പികളുടെ മുഖ്യമായ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളുമെല്ലാം നഷ്ടപ്പെട്ടതിന്റെ വേദനയും ജോര്ഡിനുണ്ട്. സാമ്പത്തിക പരിമിതികളില്‍ വളരെ ചെലവ് കുറഞ്ഞ രീതിയിലായിരുന്നു ചിത്രീകരണം. ഇതിനായി കാനണ്‍ 550 ഡി, കാമറയില്‍ റിവേഴ്സ് ലെന്‍സ് രീതിയിലായിരുന്നു ചിത്രീകരണം.
കാമറയുമായി അടുത്തുചെല്ലുമ്പോള്‍ തുമ്പികള്‍ പറന്നുപോകുന്നതും സാധാരണ ലെന്‍സ് ഉപയോഗിക്കുമ്പോഴുള്ള ലൈറ്റിങ് പ്രശ്നവും വെല്ലുവിളിയായിരുന്നു. ആകെയുള്ള 5000 ഇനം തുമ്പികളില്‍ ഭാരതത്തിലുള്ളത് 500 ഇനമാണ്. ഇതില്‍ത്തന്നെ 154 ഇനം കേരളത്തിലാണെന്ന് ജോര്ഡിന് പറയുന്നു. 150 വ്യത്യസ്ത ഇനം തുമ്പികളുടെ തീറ്റ, കണ്ടുമുട്ടല്‍, മുട്ടയിടല്‍ തുടങ്ങിയ കൗതുകമുണര്‍ത്തുന്ന ദൃശ്യങ്ങളെല്ലാം ഡോക്യുമെന്ററിയില്‍ അടങ്ങിയിട്ടുണ്ട്. തന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നാണ് ഡ്രാഗണ്‍ ഫ്ളൈസ് എടുത്തിട്ടുള്ളതെന്നും ഇനിയും പഠിക്കുവാനുണ്ടെന്നും ഇദ്ദേഹം പറയുന്നു. ഇതുപോലുള്ള കാര്യങ്ങള്‍ ചെയ്യാന്‍ മറ്റുള്ളവര്‍ക്കും പ്രചോദനമാവുകയെന്നതും ജോര്‍ഡിന്റെ ലക്ഷ്യമാണ്.
കീടങ്ങളെ ഭക്ഷണമാക്കി മനുഷ്യര്‍ക്ക് ഉപകാരമാകുന്ന തുമ്പികള്‍ ശുദ്ധജലത്തിന്റെ അഭാവം, രാസകീടനാശിനികളുടെ ഉപയോഗം എന്നിവയാല്‍ വംശനാശഭീഷണി നേരിടുകയാണ്. അവയുടെ സംരക്ഷണത്തിനായി ആവാസസ്ഥലങ്ങള്‍ കണ്ടെത്തി നിലനിര്‍ത്താന്‍ പ്രത്യേക പദ്ധതികള്‍ തയ്യാറാക്കുമെന്നും ശുദ്ധജല സ്രോതസ്സുകള്‍ സംരക്ഷിക്കണമെന്നും ജോര്ഡിന് പറയുന്നു. സെന്റ് ജോസഫ് കോളേജ് ഫോര്‍ കമ്യൂണിക്കേഷനില്‍ നിന്ന് ബിഎ മള്‍ട്ടിമീഡിയ ബിരുദധാരിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: