ലീലാ മേനോന് എന്നു കേള്‍ക്കുമ്പോഴേ എല്ലാവരുടെയും ഓര്‍മയില്‍ തെളിയുന്നത് അവരുടെ നെറ്റിയിലെ വലിയ കുങ്കുമപ്പൊട്ടാണ്. അത് അവര്‍ ചരിത്രത്തിന് ചാര്‍ത്തിയ തിലകക്കുറിയാണെന്നതില് സംശയമില്ല. 1932 നവംബര്‍ 20 ന് എറണാകുളം ജില്ലയിലെ പെരുമ്പാവൂരിന് സമീപമുള്ള വെങ്ങോല എന്ന ഗ്രാമത്തില്‍ പാലക്കാട്ട് നീലകണ്ഠന് കര്‍ത്താവിന്റെയും തുമ്മാരുക്കുടി ജാനകി അമ്മയുടെയും ഇളയമകളായി ജനിച്ചു. ഏഴാം വയസ്സില്‍ അച്ഛനെ നഷ്ടപ്പെട്ട ലീല എന്ന ലീലമഞ്ജരിയുടെ കുട്ടിക്കാലം സമ്പന്നതയുടെ മടിത്തട്ടിലായിരുന്നുവെങ്കിലും പതുക്കെ പതുക്കെ കഷ്ടപ്പാടിലേക്ക് കൂപ്പുകുത്തി. വെങ്ങോല പ്രൈമറി സ്കൂളിലും പെരുമ്പാവൂര്‍ ഹൈസ്കൂളിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ലീലാ മേനോന് മുന്നോട്ടുള്ള ജീവിതത്തിന് ജോലി അത്യാവശ്യമായിരുന്നു. അതിനുവേണ്ടി അവര്‍ ടൈപ്പ് റൈറ്റിങ്ങും ഷോര്‍ട്ട്ഹാന്‍ഡും പഠിച്ചു. 1948 ല്‍ പോസ്റ്റോഫീസില്‍ ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. പിന്നീട് ടെലഗ്രാഫിയില് ആകൃഷ്ടയായി. അത് പഠിച്ചെടുത്ത് ആദ്യ വനിതാ ടെലഗ്രാഫിസ്റ്റായി.
ടെലഗ്രാഫിസ്റ്റായി എറണാകുളത്ത് എംജി റോഡില്‍ ജോലി ചെയ്യുമ്പോഴാണ് അവരുടെ ജീവിതത്തിലേക്ക് ഭാസ്കര മേനോന് കടന്നുവരുന്നത്. വൈഡബ്ല്യുസിഎയിലായിരുന്നു ലീലാമേനോന് താമസിച്ചിരുന്നത്. ഗൂഡല്ലൂരില്‍ കോഫി ആന്‍ഡ് ടീ എസ്റ്റേറ്റ് നടത്തിവന്നിരുന്ന ഭാസ്കരമേനോന്റെ വീട് രവിപുരത്തും. വൈഎംസിഎയും വൈഡബ്ല്യുസിഎയും ചേര്‍ന്ന് കാര്‍ണിവല്‍ സംഘടിപ്പിച്ചിരുന്നു. കാര്‍ണിവെല്‍ ടിക്കറ്റ് വില്‍പ്പനക്ക് വൈഡബ്ല്യുസിഎയില്നിന്ന് ലീലാമേനോനും കൂട്ടുകാരികളും വൈഎംസിഎയുടെ പ്രതിനിധികളായി ഭാസ്ക്കരമേനോനും കൂട്ടരുമായിരുന്നു. ആ പരിചയം വിവാഹത്തില്‍ കലാശിച്ചു. ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം. വിവാഹശേഷം ഭാസ്കരമേനോന്‍ പട്ടാളത്തില്‍ ചേര്‍ന്നെങ്കിലും കുറച്ചുകാലത്തിനുശേഷം ആ ജോലിയും ഉപേക്ഷിച്ചു.
1978-ലാണ് ലീലാമേനോന് പത്രപ്രവര്‍ത്തന രംഗത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു തുടങ്ങിയത്. പത്രപ്രവര്‍ത്തക എന്ന നിലയില്‍ വളരെയധികം പ്രശസ്തി നേടുകയും ചെയ്തു. ഇന്ത്യന്‍ എക്സ്പ്രസിന്റെ ദല്‍ഹി, കൊച്ചി എഡിഷനുകളില്‍ സബ് എഡിറ്ററായും കോട്ടയം ബ്യൂറോ ചീഫായും പ്രവര്‍ത്തിച്ചു. 40-ാം വയസ്സില്‍ ആദ്യ ടെലഗ്രാഫിസ്റ്റ് എന്ന അപൂര്‍വ ബഹുമതിതന്നെയാണ് ലീലാമേനോന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. ഇന്ത്യന്‍ എക്സ്പ്രസിലെ പ്രേമാ വിശ്വനാഥന് നടത്തിയ അഭിമുഖത്തിന്റെ വാര്‍ത്തകളും ചിത്രങ്ങളും ആദ്യപേജില്‍ വന്നതോടെ അവരുടെ ജീവിതം മാറിമറിഞ്ഞു.
എയര്‍ഹോസ്റ്റസുകളെ വിവാഹം കഴിക്കാന്‍ അനുവദിക്കാത്ത വാര്‍ത്ത ആദ്യം പുറംലോകമറിഞ്ഞത് ലീലാമേനോനിലൂടെയാണ്. മാര്‍ഗരറ്റ് ആല്‍വ പിന്നീട് കോടതിയില്‍ പോയി അനുവാദം വാങ്ങുകയായിരുന്നു. ഒരു റിപ്പോര്‍ട്ടര്‍ എന്ന നിലയിലുള്ള പാടവം തെളിയിക്കാന്‍ ആദ്യമായി അവസരം കിട്ടിയത് വൈപ്പിന്‍ മദ്യദുരന്തമാണ്. അവിടെ പോയി, നേരില്‍ കണ്ട കാഴ്ച അവരെ വല്ലാതെ ഞെട്ടിച്ചു. സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ മരിച്ചുവീഴുന്ന മനുഷ്യന്, കാഴ്ച നഷ്ടപ്പെട്ടവര്‍, തളര്ന്നവര്, കരള്‍ നശിച്ചവര്‍ ഇവരുടെയെല്ലാം വാക്കുകള്‍ ലീലാമേനോന്റെ തൂലികത്തുമ്പിലൂടെ ജനഹൃദയങ്ങളിലേക്ക് ഒഴുകിയിറങ്ങി. ഇന്ത്യന്‍ എക്സ്പ്രസില്‍നിന്ന് നേരിട്ട അവഗണനയും അവമതിപ്പും അവരെ ഒട്ടും തളര്‍ത്തിയില്ല. രാജിക്കത്തെഴുതി പടിയിറങ്ങിയ അവര്‍ക്ക് അധികകാലം നല്ല വാര്‍ത്തകള്‍ക്കായി കാത്തിരിക്കേണ്ടിവന്നില്ല. ആ സമയത്താണ് വൈപ്പിന്‍ മദ്യദുരന്തം റിപ്പോര്‍ട്ട് ചെയ്യാനുള്ള അവസരം ലഭിച്ചത്. പിന്നീട് തങ്കമണി പോലീസ് അതിക്രമം, പെരുമണ്‍ തീവണ്ടി ദുരന്തം, കുപ്രസിദ്ധി നേടിയ മേരിക്കുട്ടി കൊലക്കേസ്, മലനട വെടിക്കെട്ട് തുടങ്ങി വാര്‍ത്തകളുടെ ഒഴുക്കായിരുന്നു.
നഴ്സിങ് പഠനത്തിനായി പെണ്‍കുട്ടികളെ കടത്തി കന്യാസ്ത്രീ മഠത്തിലെത്തിച്ച് കന്യാസ്ത്രീകളാക്കാന്‍ ശ്രമിച്ചത് വലിയ വാര്‍ത്തയാവുകയും ചെയ്തു. അങ്ങനെ പത്രപ്രവര്‍ത്തന രംഗത്ത് പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് അര്‍ബുദം പിടിമുറുക്കിയതായി അറിയുന്നത്. ആറുമാസം ആയുസ് വിധിച്ച ഡോക്ടര്‍മാരുടെ മുന്പില് ഏറ്റവും പുതിയ വാര്‍ത്ത കേട്ടാലുണ്ടാകുന്ന സന്തോഷവുമായാണ് ലീലാമേനോന് നിന്നത്. സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും നിറഞ്ഞ കണ്ണുകള്‍ക്കു മുമ്പില്‍ ഒട്ടും പതറാതെ ചികിത്സയെ നേരിട്ടു. ചികിത്സയിലായിരുന്നിട്ടും നിലമ്പൂരിലെ ലൈംഗിക തൊഴിലാളികളുടെ തലസ്ഥാനമായ അരുവാക്കോടിലെത്തി. ഇന്ന് നാടറിയുന്ന ടെറാക്കോട്ടാ എന്ന ഗ്രാമമാക്കി അതിനെ മാറ്റിയത് ലീലാമേനോന്റെ മാത്രം കണ്ടെത്തലുകളാണ്. തന്റെ ജീവിതത്തിലെ നാഴികക്കല്ല് എന്നാണ് അവര്‍ അതിനെ വിശേഷിപ്പിക്കുന്നത്.
സ്ത്രീജന്മം എത്രമാത്രം അര്‍ത്ഥവത്താണെന്ന് ലീലാമേനോന്റെ,”നിലയ്ക്കാത്ത സിംഫണി” എന്ന ആത്മകഥയിലൂടെ മനസ്സിലാക്കാന്‍ കഴിയും. ആരുടേയും മുഖം നോക്കാതെ അഭിപ്രായം പറയുന്ന ലീല മേനോന് അനേകം ജീവിതപ്രശ്നങ്ങള്‍ കണ്ടെത്തുവാനും അത് പരിഹരിക്കുവാനും കഴിഞ്ഞിട്ടുണ്ട്. ”വെയിലിലല്ല തീയിലും വാടാത്ത വ്യക്തിത്വത്തിനുടമയാണ്” ലീലാമേനോന് എന്ന് കവയിത്രി സുഗതകുമാരിയുടെ അഭിപ്രായം ശ്രദ്ധേയമാണ്. അര്‍ബുദത്തോടും ഹൃദ്രോഗത്തോടും പൊരുതി ജയിച്ചത് ആത്മവിശ്വാസവും സമാനതകളില്ലാത്ത ഇച്ഛാശക്തികൊണ്ടും മാത്രമാണ്. ഫ്രീ ലാന്‍സറായി ജോലി ചെയ്യുന്ന സമയത്ത് ഭാരതീയ വിദ്യാഭവനിലെ സഹപാഠിയായിരുന്ന കുമ്മനം രാജശേഖരന്റെ സ്നേഹപൂര്‍വമായ നിര്‍ബന്ധത്തിനു വഴങ്ങി ലീലാമേനോന് ഇന്ന് ജന്മഭൂമിയുടെ പത്രാധിപയായി സേവനമനുഷ്ഠിക്കുന്നു. സ്ത്രീപക്ഷ നിലപാടിനും അവരുടെ അവകാശങ്ങള്‍ക്കും വേണ്ടി വാദിക്കാനും മുന്നിലുണ്ട്. വളരെ ചെറുപ്രായത്തിലെ രാമായണം കേട്ടുവളര്‍ന്ന ലീലാമേനോനെ സീതയുടെ അവസ്ഥ വല്ലാതെ വേദനിപ്പിച്ചു.
രാവണന് തട്ടിക്കൊണ്ടുപോയപ്പോഴുണ്ടായ സീതയുടെ അവസ്ഥയും അലക്കുകാരന്റെ വാക്കുകള്‍ കേട്ട് രാമനാല്‍ ഉപേക്ഷിക്കപ്പെട്ട സീതയുടെ ദുഃഖവും അവര്‍ക്കൊരിക്കലും മറക്കാന്‍ കഴിഞ്ഞിരുന്നില്ല. സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാനുള്ള പ്രചോദനവും ഇതുതന്നെയായിരുന്നു.
എല്ലാ കാര്യങ്ങളേയും ആത്മവിശ്വാസത്തോടെ സമീപിക്കുമ്പോഴും നെഞ്ചില്‍ ഇന്നും മാറാത്ത നീറ്റലായുള്ളത് ഭര്‍ത്താവിന്റെ മരണമാണ്. ”പ്രാണസഖി ഞാന്‍” എന്ന ഗാനം ഫോണില്‍ക്കൂടി കേള്‍പ്പിച്ച് നിമിഷങ്ങള്‍ക്കകം മരണമടയുകയായിരുന്നു. മരണസമയത്ത് അടുത്തില്ലാത്തതിന്റെ വേദന മാറാന്‍ ഒരുവര്‍ഷം വേണ്ടിവന്നു.
ആയിരം പൂര്ണചന്ദ്രന്മാരെ കണ്ടവരെ ആദരിക്കുന്ന ഒരാചാരം കേരളത്തിലുണ്ട്. ആ നിലയ്ക്ക് ലീലാമേനോന് ആദരണീയയുമാണ്.സാമൂഹ്യ സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ആദ്യ പത്തു വനിതകളില്‍ ലീലാമേനോനും സ്ഥാനമുണ്ട് എന്നുപറയുന്നത് ആ വ്യക്തിത്വത്തോടുള്ള ആദരവിന്റെ ഭാഗമല്ല മറിച്ച് നിഷ്പക്ഷമായ നിരീക്ഷണത്തിന്റെ അടയാളപ്പെടുത്തലാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: